തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിയെ കുത്തി വീഴ്‌ത്തിയ കേസില്‍ പ്രതികളായ എസ്എഫ്‌ഐക്കാര്‍ക്ക് കസ്റ്റഡിയിലിരിക്കേ നേതാക്കളെ കാണാന്‍ പോലീസ് വഴിവിട്ട സഹായം. അഖില്‍ ചന്ദ്രനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ ഒന്നും രണ്ടും പ്രതികളായ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിനും, സെക്രട്ടറി എ.എന്‍. നസീമിനുമാണ് പോലീസ് ഈ പ്രത്യേക സൗകര്യം ചെയ്തുകൊടുത്തത്.
കഴിഞ്ഞ ദിവസം പ്രതികള്‍ കീഴടങ്ങിയ ശേഷം വൈദ്യപരിശോധനയ്‌ക്കായി ആശുപത്രിയിലും തുടര്‍ന്നു കോടതിയിലും ഹാജരാക്കിയിരുന്നു. ഈ സമയം കന്റോണ്‍മെന്റ് പോലീസ് പ്രതികള്‍ക്ക് എസ്എഫ്‌ഐ നേതാക്കളുമായി സംസാരിക്കാന്‍ അവസരം ഉണ്ടാക്കി നല്‍കുകയായിരുന്നു. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവും നെയ്യാറ്റിന്‍കര ഏരിയ കമ്മിറ്റി ഭാരവാഹിയുമായ നേതാവിന്റെ നേതൃത്വത്തില്‍ പോലീസിന്റെ കണ്‍മുമ്പില്‍ ഇവര്‍ മാറിനിന്നു ചര്‍ച്ച നടത്തി. കൂടാതെ മാധ്യമ പ്രവര്‍ത്തകര്‍ അടുത്തെത്താതിരിക്കാന്‍ പോലീസ് പ്രത്യേക നിരീക്ഷണവും ഇവര്‍ എര്‍പ്പെടുത്തി.
മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ മാത്രമേ പ്രതികള്‍ അഭിഭാഷകരുമായി ചര്‍ച്ച നടത്താന്‍ പാടുള്ളൂവെന്നു കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. അതിനിടെയാണ് ഇതെല്ലാം. മുമ്പ് പോലീസുകാരനെ നടുറോഡില്‍ ആക്രമിച്ച കേസില്‍ ആഴ്ചകള്‍ക്കു ശേഷം കീഴടങ്ങിയ നസീമിനു കന്റോണ്‍മെന്റ് സ്‌റ്റേഷനിലെ അസോസിയേഷന്‍ നേതാവ് ബിരിയാണി വാങ്ങിക്കൊടുത്തതു വിവാദമായിരുന്നു.
അതേസമയം സ്റ്റുഡന്റസ് സെന്ററിലും യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലും രാത്രി നടത്തിയ പോലീസ് റെയ്ഡ് പ്രതികള്‍ക്കു ചോര്‍ത്തി നല്‍കിയതു കന്റോണ്‍മെന്റ് സ്‌റ്റേഷനിലെ മൂന്ന് പോലീസുകാരാണെന്നു സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിട്ടും ഒരു നടപടിയും ഉണ്ടായില്ല.
















