രുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലേതിന് പിന്നാലെ തിരുവനന്തപുരം ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയും എസ്എഫ്‌ഐയുടെ ഗുണ്ടായിസം. സമ്മതമില്ലാതെ വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് പുറത്ത് പോകാന്‍ എസ്എഫ്‌ഐ നേതാക്കാള്‍ അനുവദിക്കില്ലായിരുന്നു എന്ന് തെളിയിക്കുന്ന ശബ്ദസന്ദേശം പുറത്ത് വന്നു. സംഘടനയുടെ സമര പരിപാടികളില്‍ ഉള്‍പ്പെടെ പങ്കെടുക്കാത്തതിനു നേതാക്കള്‍ വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശത്തിലാണ് ഈ പരാമര്‍ശങ്ങള്‍.
10 മിനിറ്റ് നീളുന്ന സംഭാഷണത്തില്‍ കുട്ടികള്‍ പഠിക്കുന്ന ഡിപ്പാര്‍ട്ട്മെന്‍റിലല്ല, എസ്എഫ്‌ഐ യൂണിറ്റ് നേതാക്കളോടാണു അനുമതി ചോദിക്കേണ്ടതെന്നും വ്യക്തമാക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ സംഘടനാ പരിപാടിയില്‍ പങ്കെടുക്കാതെ വീട്ടില്‍ പോയത് ആരോടു ചോദിച്ചിട്ടാണെന്നും ഇത് ആവര്‍ത്തിച്ചാല്‍ പഠനം മുടങ്ങുന്ന സ്ഥിതിയുണ്ടാകുമെന്ന ഭീഷണിയുമുണ്ട്. പെണ്‍കുട്ടികളെ വിളിച്ചപ്പോള്‍ അവര്‍ ഫോണ്‍ കട്ട് ചെയ്തത് എന്തിനാണെന്നു നേതാക്കള്‍ തട്ടിക്കയറുന്നതും കേള്‍ക്കാം. കോളജിലെ കുട്ടികള്‍ക്കു പ്രശ്‌നങ്ങളുണ്ടായാല്‍ പ്രിന്‍സിപ്പല്‍ എസ്എഫ്‌ഐ നേതാക്കളോടാണു ചോദിക്കുകയെന്നും അവകാശപ്പെടുന്നു. എടീ, പോടീ എന്നാണ് അഭിസംബോധന. തങ്ങള്‍ വീട്ടില്‍ പോയതായാണു പെണ്‍കുട്ടികള്‍ നേതാക്കളോടു വിശദീകരിക്കുന്നത്.
സംഭാഷണത്തിലെ പ്രസക്തഭാഗങ്ങള്‍:
നേതാക്കള്‍: തിങ്കളാഴ്ച കോളജില്‍ വന്നശേഷം എവിടെ പോയിരുന്നു.
പെണ്‍കുട്ടി: വീട്ടില്‍ പോയി.
നേ: ആരോടു ചോദിച്ചിട്ടു പോയി? നിന്നോട് ഒരു പരിപാടി ഉണ്ട്. അതു കഴിഞ്ഞിട്ട് നോക്കാമെന്നല്ലേ പറഞ്ഞത്.
പെണ്‍: ടീച്ചറിനോടു ചോദിച്ചിട്ട്
നേ: എടീ, ഡിപാര്‍ട്‌മെന്റ് പറഞ്ഞാല്‍ നീയൊക്കെ ഇറങ്ങി പോകുവോ. നീയൊക്കെ എത്ര ദിവസം ഡിപാര്‍ട്‌മെന്റില്‍ ചോദിച്ചു പോയിട്ടുണ്ട്. നീയൊക്കെ ഇവിടെ വന്നു ചോദിച്ചിട്ടു പോകണമെന്നു പറഞ്ഞിട്ടുണ്ടാ. എടീ, ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ പോകുന്നത് ഡിപാര്‍ടമെന്റില്‍ ചോദിച്ചിട്ടാ. പേപ്പര്‍ വാങ്ങാന്‍ പോകുന്നത് ഡിപാര്‍ട്‌മെന്റില്‍ ചോദിച്ചിട്ടാ. ഡിപാര്‍ടമെന്റില്‍ ചോദിച്ചിട്ട് ഇറങ്ങിപ്പോകാന്‍ ആരു പറഞ്ഞു? ഈ സ്വഭാവം എന്നു മുതല്‍ തുടങ്ങി?
നേ: നിന്നെ ഫോണ്‍ വിളിച്ചപ്പോള്‍ കട്ട് ചെയ്തത് എന്തിന്. നീ കോളജില്‍ നിന്ന് എന്തിന് ഇറങ്ങിപ്പോയത് എന്നല്ലേ ചോദിച്ചുള്ളു. അതു ചോദിക്കാനുള്ള അധികാരം എനിക്കുള്ളതു കൊണ്ട് ഞാന്‍ ചോദിച്ചത്, കേട്ടാ. എത്ര കമ്മിറ്റിക്കു പറഞ്ഞിട്ടുണ്ട് ഇവിടെ യൂണിറ്റില്‍ ചോദിച്ചാല്‍ മാത്രമേ പോകാവുള്ളുവെന്ന്. എന്ത് ഉണ്ടാക്കാനാടീ ഡിപാര്‍ട്‌മെന്റില്‍ ചോദിച്ചിട്ട് പോയത്? പറയെടീ. യൂണിറ്റിനെക്കാള്‍ വലുതല്ല ഡിപാര്‍ട്‌മെന്റ്.
അസമയത്തു പടിക്കെട്ടില്‍ ഇരുന്ന് ഫോണില്‍ എന്ത് കുത്തുവായിരുന്നു? സെല്‍ഫിയെടുക്കാനും മ്യൂസിക്ക് എടുക്കാനും വാട്‌സാപ്പ് നോക്കാനും ആരോടും പറഞ്ഞിട്ടില്ല. ഗേള്‍സായതു കൊണ്ട് വീട്ടില്‍ നിന്ന് അത്യാവശ്യ സമയത്ത് ഫോണ്‍ വരുമ്പോള്‍ എടുക്കാന്‍ മാത്രമാണു പറഞ്ഞിട്ടുള്ളത്.
നേ: ഇവിടെ ഏതു സെലിബ്രേഷന്‍ ഉണ്ട് നിങ്ങള്‍ ഡിപാര്‍ട്‌മെന്റ് മുഖേന നടത്തിയത്. ഇവിടെ നമ്മള്‍ ആഘോഷിച്ചില്ലേ ക്രിസ്മസ്? ഏതു ടീച്ചര്‍ വന്ന് ആഘോഷിക്കാന്‍….. നിനക്കൊക്കെ ഒരു വിഷയം വന്നാല്‍ ഡിപാര്‍ട്‌മെന്റ് നിന്റെ കൂടെ നിക്കൂല. ഇവിടെ സെക്കന്‍ഡ് ഇയേഴ്‌സ് വരെ ഞങ്ങളോടു ചോദിച്ചിട്ടാണു പോകുന്നത്.
നീയൊക്കെ മ്യൂസിയത്തിലോ എവിടെ വേണമെങ്കിലും പോ. എന്തെങ്കിലും ആയാല്‍ പോല്‍ എന്തു ചെയ്യും, എന്തെങ്കിലും പ്രശ്‌നമുണ്ടായി. വീട്ടിലുള്ളവര്‍ നേരെ വന്നു പ്രിന്‍സിപ്പല്‍ കാണും. പ്രിന്‍സിപ്പല്‍ ആരെ വിളിച്ചു ചീത്ത വിളിക്കുമെന്ന് അറിയാമോ? നമ്മളോടു ചോദിക്കും.. ഇവിടെ എസ്എഫ്‌ഐ ഭാരവാഹികള്‍ ഉള്ള കോളജില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ എസ്എഫ്‌ഐയോടേ ചോദിക്കുകയുള്ളു. സെക്രട്ടറി വന്ന് ഞങ്ങളോടേ ചോദിക്കൂ. കോളജിനകത്ത് ഒരു വിഷയം ഉണ്ടായാല്‍ ടീച്ചര്‍മാരും ഡിപാര്‍ട്‌മെന്റിലുള്ളവരും ഒന്നുമല്ല അതു തീര്‍ക്കുന്നത്. എസ്എഫ്‌ഐ ഒരു സംഘടന ഉള്ളതു കൊണ്ടാണ് ഓരോ പ്രശ്‌നങ്ങള്‍ വന്നു തീര്‍ക്കുന്നത്….
















