പേരിലെന്തിരിക്കുന്നു എന്ന് പണ്ട് ആരോ ചോദിച്ചിട്ടുണ്ട്. ഇപ്പോഴും ചിലര്‍ ചോദിക്കുന്നു. പേരില്‍ പലതും ഇരിക്കുന്നുണ്ട്. കേരളത്തിലെ ചില പദ്ധതികളുടെ പേരുകള്‍ കേട്ടാല്‍ പേരിലാണ് എല്ലാം ഇരിക്കുന്നതെന്ന് തോന്നും!
നോക്കുക: ‘പ്രത്യുത്ഥാനം പദ്ധതി’
കേള്‍ക്കുന്ന മാത്രയില്‍ത്തന്നെ നമ്മള് പദ്ധതിയെക്കുറിച്ച് എല്ലാം മറന്നു. നമ്മള് പേരിന്റെ സവിശേഷതയില്‍ ആകൃഷ്ടരായിപ്പോകും!
‘ഉത്ഥാന’ത്തിന് അടുത്തകാലത്തായി വാഗ്വിപണിയില് വലിയ ഡിമാന്റാണ്! അതിന്റെ സര്‍വ്വ സാധ്യതകളും പ്രയോജനപ്പെടുത്താന്‍ ഭരണാധികാരികളും രാഷ്ട്രീയകക്ഷികളും സാമൂഹിക പ്രസ്ഥാനങ്ങളും മത്സരിച്ചുകൊണ്ടിരിക്കുന്നു.
മറ്റെന്തെങ്കിലും കൂടെച്ചേര്ന്നാലേ ‘ഉത്ഥാന’ത്തിന് ശക്തിയും സൗന്ദര്യവും കൈവരൂ എന്ന് വിപണി വിദഗ്ദ്ധര്‍ മനസ്സിലാക്കിയിട്ടുണ്ട്. ആ തിരിച്ചറിവിന്റെ ഫലമാണ് അടുത്തകാലത്ത് ‘നവോത്ഥാന’ത്തിനുണ്ടായ പ്രചാരം. ഓരോ വാക്കിനും നല്ല കാലം വരും!
നവോത്ഥാന യാത്രയും നവോത്ഥാന സദസ്സും നവോത്ഥാന മോട്ടോര്‍സൈക്കിള്‍ റാലിയുമെല്ലാം നമ്മള് കണ്ടുകഴിഞ്ഞു. മുന്പില് നവോത്ഥാനമില്ലെങ്കില്‍ ഇവയിലോരോന്നും നിഷ്പ്രഭമായേനെ. ഇക്കുറി ഓണത്തിന് ‘നവോത്ഥാനച്ചന്ത’യും ഉണ്ടാകുമെന്ന് കേള്‍ക്കുന്നു.
‘നവോത്ഥാന’ത്തില്‍ മാത്രം ഒതുങ്ങിനിന്നാല്‍ പുതുമകള്‍ തേടുന്നവര്‍ മുഷിയുമല്ലോ. അതുകൊണ്ടാവണം അധികൃതര്‍ ചില പുതിയ ‘ഉത്ഥാന’ങ്ങളെ രംഗത്തിറക്കിയിരിക്കുന്നത്. ഒരു ഉത്ഥാനവും ‘പ്രത്യുത്ഥാന’ത്തിനു കിട നില്ക്കുകയില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു. അങ്ങനെയാണ് ‘പ്രത്യുത്ഥാനം പദ്ധതി’ ഉണ്ടായത്.
എന്താണ് പ്രത്യുത്ഥാനം പദ്ധതി?
പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചതും രോഗികള്‍ ഉള്ളതുമായ കുടുംബങ്ങള്‍ക്ക് അധികസഹായം നല്‍കുന്നതിന് ആവിഷ്കരിച്ച പദ്ധതിയാണിത്. (വിശദവിവരങ്ങള്‍ സര്‍ക്കാര്‍ അറിയിപ്പിലുണ്ട്.)
ദുരിതാശ്വാസ പദ്ധതികള്‍ വേണ്ടതുതന്നെ. ഈ പദ്ധതിയെക്കുറിച്ച് പല വിശദീകരണങ്ങളും വന്നു. അവയെല്ലാം വായിച്ചിട്ടും പ്രത്യുത്ഥാനത്തിന്റെ അര്‍ത്ഥം തേടുന്നവര്‍ തൃപ്തരാകുന്നില്ല. വിശദീകരണങ്ങളിലോ പരസ്യങ്ങളിലോ ആ പേരിന്റെ അര്‍ത്ഥമില്ല.
പ്രത്യുത്ഥാനത്തിന്റെ അര്‍ത്ഥമറിയാന്‍ തക്ക ഭാഷാജ്ഞാനം കേരളത്തിലെല്ലാവര്‍ക്കും ഉണ്ടെന്ന് കരുതിയാവാം അധികൃതര്‍ വിശദീകരണത്തിന് മുതിരാത്തത്. നല്ലകാര്യം!
അര്ത്ഥമറിഞ്ഞുകൂടാത്തവരുടെ ശ്രദ്ധയ്ക്ക്:
”പ്രത്യുത്ഥാനം- (പ്രതി ഉത്ഥാനം) ബഹുമാനസൂചകമായി എഴുന്നേറ്റ് എതിരേല്ക്കല്, പുറപ്പാട്, ഒരുക്കം” (ശബ്ദതാരാവലി)
ഈ അര്‍ത്ഥവുമായി പദ്ധതിയെ വായനക്കാര്‍തന്നെ ഇഷ്ടംപോലെ ബന്ധിപ്പിച്ചു കൊള്ളുക! ബന്ധിപ്പിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ‘പേരിലെന്തിരിക്കുന്നു’ എന്ന് സ്വയം ചോദിച്ച് ആശ്വസിക്കുക!
സൂക്ഷിക്കണേ, കിടപ്പുരോഗികളുടെ അടുത്ത് ചെന്ന് പ്രത്യുത്ഥാനം പദ്ധതി എന്ന് പറഞ്ഞാല്‍ അവര്‍ പേരിട്ട് ഉത്ഥാനം ചെയ്തേക്കാം.
പ്രളയവുമായി ബന്ധപ്പെട്ട പദ്ധതിയായതിനാല്‍ പ്രാസഭംഗിക്കുവേണ്ടിയാണ് പ്രത്യുത്ഥാനം എന്ന് പേരിട്ടതെന്ന് കരുതുന്നവരുണ്ട്.
‘പ്രത്യുത്ഥാനം’ പഴകിയാലും പേരിന് ക്ഷാമമുണ്ടാവില്ല.
നവപ്രത്യുത്ഥാനം, അഭ്യുത്ഥാനം, നവോഭ്യുത്ഥാനം, നവനവോഭ്യുത്ഥാനം…
ഇത്തരം പദ്ധതികള്‍ക്കൊണ്ട് ഭാഷാപരിശീലന പരിപാടിയുടെ ഗുണംകൂടി ലഭിക്കും. ഇതിന് ‘പദ്ധതിഭാഷ’ എന്ന് ചിലര്‍ പേരിട്ടിട്ടുണ്ട്. ഭരണഭാഷയുടെ ഒരു വിഭാഗമാണിത്.
‘പദ്ധതിയിലൂടെ സമ്പത്തും പദസമ്പത്തും’ എന്നതാവട്ടെ നമ്മുടെ മുദ്രാവാക്യം.
പിന്കുറിപ്പ്: പ്രാസഭ്രമമുള്ള പത്രലേഖകര്‍ ഇങ്ങനെ തലക്കെട്ടുകള്‍ കൊടുത്തേക്കാം:-
”പ്രളയദുരിതം: പ്രത്യുത്ഥാനത്തില് പ്രതീക്ഷയര്‍പ്പിച്ച് പ്രവിത്താനംകാര്”
”പ്രത്യുത്ഥാനം പദ്ധതി വിജയിപ്പിക്കാന്‍ അത്യദ്ധ്വാനം വേണമെന്ന് മന്ത്രി”
പ്രതികരിക്കാൻ ഇവിടെ എഴുതുക: