‘മണ്ഡലമേതായാലും മണ്ഡലകാലം മറക്കരുത്.’ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് ഏറെകേട്ട വാചകമാണ് മേലുദ്ധരിച്ചത്. ചിലത് ഓര്‍ക്കാനും ചിലരെ ഓര്‍മിപ്പിക്കാനും മുഴങ്ങിയ വാചകം ബിജെപി അനുകൂലികളും പ്രതിയോഗികളും തരാതരംപോലെ ഉപയോഗിച്ചു. മണ്ഡലക്കാലവും മകരവിളക്കുമെല്ലാം പോയി. സര്‍ക്കാരിന് ഏറെ പഴികേള്‍ക്കേണ്ടിവന്ന ആ കാലം പലരും മറന്നു. പലതും കൊഴിഞ്ഞു. എന്നിട്ടും മുഖ്യമന്ത്രി മല ഇറങ്ങിയില്ലെന്ന് തോന്നുന്നു. പലരാത്രിയും അയ്യപ്പദര്‍ശന സ്വപ്നത്തിലെത്തുന്നു. എന്നിട്ടും മുഖ്യമന്ത്രിക്ക് പക അടങ്ങുന്നില്ല.
ഡിവൈഎസ്പി മുതല്‍ മേലോട്ടുള്ള പോലീസ് മേധാവികളുടെ യോഗമായിരുന്നു രംഗം. ശബരിമല ഡ്യൂട്ടിയില്‍ ഒരുവിഭാഗം പോലീസുകാരുടെ പ്രവൃത്തി തീരെപോര. പലരും അവധിയില്‍പോയി. മറ്റ് ചിലര്‍ ആര്‍എസ്എസുകാരുടെ ഒറ്റുകാരായി. പല വിവരങ്ങളും ചോര്‍ത്തിക്കൊടുത്തു. ആര്‍എസ്എസുകാര്‍ക്ക് ഒരു പോലീസിന്റെയും ഔദാര്യം വേണ്ട. അറിയിക്കേണ്ട കാര്യങ്ങള്‍ അയ്യപ്പന് ചെയ്തോളും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിക്കും വിവരങ്ങള്‍. മനീതി മക്കള്‍ ശബരിമലയിലെത്തിയപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ നാറാണത്ത് ഭ്രാന്തരെ പോലെ പെരുമാറിയത്രെ. പോലീസുകാര്‍ സര്‍ക്കാറിനൊപ്പം നില്‍ക്കണമെന്നും മുഖ്യമന്ത്രിക്കഭിപ്രായമുണ്ട്.
നാറാണത്ത് ഭ്രാന്തന് വെറുമൊരു പരിഹാസകഥാപാത്രമല്ല. അവതാരമായി പരിഗണിക്കുന്നുണ്ട്. വനദൂര്ഗപോലും വരം നല്കി അംഗീകരിച്ച നാറാണത്തുഭ്രാന്ത് മലമുകളിലേക്ക് കല്ലാണ് ഉരുട്ടിക്കയറ്റിയത്. വനിതകളെയല്ല. ഒരുപോലീസ് ഉദ്യോഗസ്ഥനും മനീതിമക്കളെ ഉരുട്ടിക്കയറ്റിയിട്ടില്ല. എന്നിട്ടും എന്തിനാണാവോ മുഖ്യമന്ത്രി ഈ ഉദാഹരണം ഉരുട്ടിക്കയറ്റിയത്?
പോലീസുകാര്‍ നീതിയും നിയമവും നടപ്പാക്കണമെന്നല്ല സര്‍ക്കാറിനൊപ്പം നില്‍ക്കണമെന്ന് പറയുമ്പോള്‍ പിണറായി വിജയന് എന്താണ് ഉദ്ദേശിക്കുന്നതെന്നറിയില്ല. യൂണിവേഴ്സിറ്റി കോളേജിലെ തെമ്മാടികളെ സംരക്ഷിക്കണമെന്നാണോ? സര്‍ക്കാര്‍ കോളേജാണല്ലോ അത്. അല്ലെങ്കില്‍ പിഎസ്സിക്കൊപ്പമോ സ്പോര്‍ട്ട് കൗണ്സിലിനൊപ്പമോ നില്ക്കണമോ?
അന്തംവിട്ട അവസ്ഥയിലാണ് മുഖ്യമന്ത്രി. എങ്ങനെ അന്തംവിടാതിരിക്കും! കാനനവാസന് വരുത്തിവയ്ക്കുന്ന ഏടാകൂടത്തിനിടയില് ആര്‍ക്കാണ് അന്തം വിടാതിരിക്കുന്നത്! ആന്തൂറിലെ കേസ് നാട്ടിലാകെ ചര്‍ച്ചയാണ്. അത് തുടര്‍ന്നുകൊണ്ടിരിക്കെ കസ്റ്റഡിമരണം. അതും മൂന്നാംമുറ പ്രയോഗിച്ച്. പോലീസുകാരുടെ ചെയ്തികള്‍ ഓരോ ദിവസവും സര്‍ക്കാറിന് പണികൊടുത്തുകൊണ്ട് ഇരിക്കുകയാണല്ലോ. യൂണിവേഴ്സിറ്റി കോളേജില്‍ കയറിയ പോലീസ് കുട്ടികളുടെ കളിപ്പാട്ടമായ കത്തി, കഠാര, ഇരുമ്പുവടി, മദ്യക്കുപ്പികള്‍, ഗര്‍ഭനിരോധന ഉറകള്‍ എന്നിവ നില്ക്കുന്ന ഭാഗത്തേക്ക് നോക്കിയതെന്തിന്? പോലീസുകാര്‍ നോക്കിയതുകൊണ്ടല്ലെ മാധ്യമങ്ങളുടെ കണ്ണില്പെട്ടത്. വിദ്യാര്‍ത്ഥി പ്രതിയുടെ വീട്ടില്‍ പരിശോധിച്ചപ്പോള്‍ പിഎസ്സിയുടെ പരീക്ഷാ കടലാസുകള്‍ പുറത്തെടുക്കാതെ പൂഴ്ത്തിയാല്പോരായിരുന്നോ? ഈ പോലീസിനെ കൊണ്ട് തോറ്റു എന്നത് പോലീസ് ഉദ്യോഗസ്ഥരോടല്ലാതെ മറ്റെവിടെ പറയും. മുഖ്യമന്ത്രിയായി പോയില്ലെ!
പോലീസ് സ്റ്റേഷനിലും രക്ഷയില്ല. ജയിലും സൈ്വരമില്ല. പരീക്ഷാ കടലാസുകള്‍ പ്രതിയുടെ വീട്ടിലും കോളേജിലെ ഇടിമുറിയിലും കണ്ടെത്തുമ്പോള്‍ ജയിലുകളില്‍ മൊബൈല്‍ ഫോണ്‍ കൃഷി. ജയില്‍ വളപ്പില്‍ കുഴിച്ചുനോക്കിയാല്‍ തുരുതുരാ കിട്ടുന്ന ഫോണുകള്‍. 74 ഫോണുകളും ചാര്‍ജറും മാത്രമല്ല, മയക്കുമരുന്നും ബീഡിക്കെട്ടുകളും കഞ്ചാവും സുലഭം. ജയില്‍ സിപിഎം തടവുകാര്‍ക്ക് റിസോര്ട്ടുപോലെയാണ്. സര്‍വതന്ത്ര സ്വതന്ത്രരാണവര്‍. മുഖ്യമന്ത്രി ഇതൊന്നും അറിയാഞ്ഞിട്ടാവില്ല. പാര്‍ട്ടിക്കകത്ത് തടവുകാര്‍ക്കായി ശബ്ദിക്കാനാളുണ്ട്. സര്‍പ്പക്കൂട്ടിലെ വേലായുധന്റെ അവസ്ഥയാണ് ഇപ്പോള്‍ മുഖ്യമന്ത്രിക്ക്. മഴ കിട്ടാന്‍ നന്നായി പ്രാര്‍ത്ഥിക്കണമെന്ന് മന്ത്രി മണി ആവശ്യപ്പെട്ടതുപോലെ മുഖ്യമന്ത്രിക്കുവേണ്ടിയും പ്രാര്‍ത്ഥിക്കാം. കാലക്കേടൊന്നും വരുത്തല്ലെ അയ്യപ്പാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: