തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ കുത്തഴിഞ്ഞ അവസ്ഥ അടിമുടി മാറ്റാനും സമാധാന അന്തരീക്ഷത്തിലേക്ക് കോളേജിനെ മാറ്റിയെടുക്കാനും നടപടി വരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ യുണിവേഴ്‌സിറ്റി കോളേജില്‍ സമഗ്ര പരിഷ്‌കരണത്തിനാണ് കോളേജിയേറ്റ് എഡ്യൂക്കേഷന്‍ ഡയറക്ട്രേറ്റിന്റെ നീക്കം. തല്‍ക്കാലത്തേക്ക് പോലീസ് സംരക്ഷണയോടെ കോളേജ് തുറന്ന് പ്രവര്‍ത്തിക്കും.
പിഎസ്സി പരീക്ഷകള്‍ ഇനി യുണിവേഴ്‌സിറ്റി കോളേജില്‍ വച്ച് നടത്തില്ല. കോളേജിന്റെ അല്ലാത്ത ഒരു പരീക്ഷക്കും ക്യാമ്പസില്‍ പരീക്ഷാ കേന്ദ്രം അനുവദിക്കേണ്ടെന്ന് കോളേജിയേറ്റ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. കോളേജ് യുണിയന്‍ റൂമില്‍ ഉത്തരകടലാസ് കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് അഡീഷണല്‍ ഡയറക്ടര്‍ സുമ പറഞ്ഞു. സംഭവത്തില്‍ മൂന്ന് ജീവനക്കാരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്.
യുണിവേഴ്‌സിറ്റി കോളേജില്‍ ഇനി വിദ്യാര്‍ത്ഥികള്‍ക്ക് റീ അഡ്മിഷന്‍ നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. ക്യാമ്പസിലെ ബാനറുകളും, പോസ്റ്ററുകളും, ചുവരെഴുത്തുകളുമെല്ലാം നീക്കും. പോലീസ് കാവലില്‍ കോളേജ് തുറക്കാനാണ് തീരുമാനം. അധ്യാപകരും വിദ്യാര്‍ഥികളുമല്ലാത്തവര്‍ക്ക് പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനം ആയിട്ടുണ്ട്.
യൂണിയന്‍ റും ക്ലാസ് റൂമാക്കി മാറ്റിയിട്ടുണ്ട്. അധ്യാപകരും വിദ്യാര്‍ഥികളുമടങ്ങുന്ന പ്രത്യേക കമ്മിറ്റികള്‍ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും രൂപീകരിക്കും. കോളേജിലെ പരിപാടികളുടെ നടത്തിപ്പ് ഈ കമ്മിറ്റികളുടെ മേല്‍നോട്ടത്തിലാക്കാനും ധാരണയായി.
















