തിരുവനന്തപുരം: യുണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയായ അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത സീല്‍ വ്യാജമാണെന്നും സീല്‍ തന്റേതല്ലെന്നും ഫിസിക്കല്‍ എഡ്യു.ഡയറക്ടര്‍. ഇതു സംബന്ധിച്ച കാര്യം പോലീസിനെ അറിയിച്ച അദ്ദേഹം സീല്‍ വ്യാജമായി തയ്യാറാക്കിയതാവാമെന്നും പറഞ്ഞു.
അതേസമയം സര്‍ക്കാര്‍ കോളേജുകളിലെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് പരിമിതിയുണ്ടെന്നും അതുകൊണ്ട് തന്നെ സര്‍വകലാശാലയ്‌ക്ക് യൂണിവേഴ്‌സിറ്റി കോളജിലെ അക്രമങ്ങളിലും ക്രമക്കേടുകളിലും ഇടപെടുന്നതിന് പരിധിയുണ്ടെന്നും കേരള വി.സി. വി.പി.മഹാദേവന്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞു. കുത്തുകേസ് പ്രതിയുടെ വീട്ടില്‍ നിന്ന് പരീക്ഷാപേപ്പറുകള്‍ കണ്ടെത്തിയതില്‍ യൂണിവേഴ്‌സിറ്റി കോളജിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷാപേപ്പറുകള്‍ സൂക്ഷിക്കേണ്ട ചുമതല അതാത് സെന്ററുകള്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കുമാണ്. പുതിയ സാഹചര്യത്തില്‍ മുഴുവന്‍ സ്റ്റോക്കും പുനപരിശോധിക്കും. സര്‍വകലാശാലയില്‍ നിന്ന് സീല്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും ശിവരഞ്ജിത്തിന്റെ വീട്ടില്‍ കണ്ടെത്തിയ സീല്‍ വ്യാജമായിരിക്കാമെന്നും വി.സി.പറഞ്ഞു.
പ്രതി ശിവരഞ്ജിത്തിന്റെ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് പരിശോധനയ്‌ക്ക് നടപടി തുടങ്ങിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പോലീസ് പിഎസ്സിക്ക് കത്തയച്ചു. സ്‌പോര്‍ട്‌സ് ക്വാട്ടയിലാണ് ശിവരഞ്ജിത്ത് റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയത്. ഈയിനത്തില്‍ 13.58 മാര്‍ക്കാണ് ശിവരഞ്ജിത്തിന് നല്‍കിയിരിക്കുന്നത്. ശിവരഞ്ജിത്തിന്റ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ വ്യാജസീലും സീല്‍ പതിച്ച രേഖകളും കണ്ടെത്തി. ഇതോടെ ശിവരഞ്ജിത്ത് ഹാജരാക്കിയ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് തന്നെ വ്യാജമാണെന്ന നിഗമനത്തിലാണ് പോലീസ്. അങ്ങനെയെങ്കില്‍ വ്യാജരേഖ ചമയ്‌ക്കല്‍ മോഷണം എന്നിവ ചുമത്തി കേസെടുക്കും.
എന്നാല്‍ ശിവരഞ്ജിത്ത് ഒന്നാമതെത്തിയതിനെ ന്യായീകരിക്കുകയാണ് പൊലീസ് അസോസിയേഷന്‍. ഗ്രേസ് മാര്‍ക്കോടെ ഒന്നാംറാങ്ക് നേടിയതില്‍ അല്‍ഭുതമില്ലെന്നാണ് പൊലീസ് അസോ. ജനറല്‍ സെക്രട്ടറി ബിജുവിന്റെ വാദം. ഇതിനിടെ റാങ്ക് ലിസ്റ്റിനെക്കുറിച്ച് ഉയര്‍ന്നിട്ടുള്ള ആക്ഷേപങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പി.എസ്.സി ആസ്ഥാനത്ത് ചെയര്‍മാന്റ അധ്യക്ഷതയില്‍ യോഗം തുടരുകയാണ്.
















