ഗര്‍ഭസ്ഥശിശുവിന് പലതും ചിന്തിക്കാനുണ്ട്. ഇടയ്ക്ക് ചിലപ്പോള്‍ മോഹാലസ്യമുണ്ടാകുമ്പോള്‍ മാത്രമാണ് ഈ ചിന്തയില്‍ മോചനം. പല ജന്മങ്ങളില് ചെയ്ത കര്‍മങ്ങള്‍ ഓര്‍ത്ത് വിഷമിക്കും. ‘കര്‍മജന്മ ശതോത്ഭവ’ ത്തെ സ്മരിച്ച് ദീര്‍ഘശ്വാസമെടുക്കും.
‘ആരഭ്യസപ്തമാന്മാസാല്ലബ്ധ ബോധോപി വേപിത:
നൈകത്രാസ്തേ സൂതിവാതൈര്വിഷ്ഠാഭൂരിവ സോദര:’
ഏഴാം മാസം മുതല്‍ ബോധം കാര്യമായി പ്രവര്‍ത്തിക്കുന്നു. ഒരു സ്ഥാനത്തു തന്നെ ഉറച്ചിരിക്കാനാവില്ല. സൂതിവാതം ചഞ്ചലപ്പെടുത്തിക്കൊണ്ടിരിക്കും.
അഹങ്കാരത്താല്‍ പണ്ടു ചെയ്ത കര്‍മങ്ങളിലെ വൈപരീത്യങ്ങളേയും പാപകര്മങ്ങളേയും അനുസ്മരിക്കും. ആ പാപകര്മാനുസൃതമായി തനിക്ക് ഗര്‍ഭവാസം എന്ന ദുരിതം തന്ന ഭഗവാനെ ഓര്‍മിക്കും.
ഗര്‍ഭസ്ഥശിശുവിന്റെ മനോവിചാരങ്ങളെന്തെല്ലാമാണെന്ന് കപില ഭഗവാന് വ്യക്തമായി അറിയാം. ആ അറിവ് ഭഗവാന് ദേവഹൂതിയമ്മയ്ക്ക് വിവരിച്ച് കൊടുക്കുന്നുണ്ട്.
‘സോഹം വ്രജാമി ശരണം ഹളകുതോഭയം മേ
യേനേദൃശീ ഗതിരദര്ശ്യ
സതോനുരൂപാ’
ഹേ ഭഗവാനേ , ജഗത്പരിപാലനത്തിനായി നാനാവിധത്തിലുള്ള അവതാരങ്ങള്‍ സ്വയം സ്വീകരിച്ച ധര്മരക്ഷകനെ, ഞാന്‍ അങ്ങയെത്തന്നെ ശരണം പ്രാപിക്കുകയാണ്. ആര്ത്തപരായണനായ, ഭക്തവല്സലനായ അങ്ങ് എന്റെ എല്ലാ ഭയങ്ങളേയും മാറ്റിത്തന്നാലും. അങ്ങ് മായയെ ആശ്രയിച്ചാണ് എന്നെ കര്മബദ്ധനാക്കി മാറ്റിയത്.
‘ആസ്തേ വിശുദ്ധവികാര
മകണ്ഡബോധ –
മാതപ്യമാന ഹൃദയേളവസിതം നമാമി’
അങ്ങ് എന്റെ തപിക്കുന്ന ഹൃദയത്തില്‍ വസിച്ചു കൊണ്ട് എന്നെ മായയാല്‍ കര്മബദ്ധനാക്കിയതാണ്. നിര്‍വികാരനും നിത്യശുദ്ധനുമായ, അഖണ്ഡബോധസ്വരൂപനായ ഹൃദയഗുഹയില്‍ വസിക്കുന്ന ഭഗവാനേ, ഞാന്‍ അങ്ങയെ നമിക്കുന്നു.
ഹേ, ഭഗവാനേ, എന്നെ മായയുടെ ബന്ധനത്തില്‍ നിന്നും മോചിപ്പിക്കാന്‍ മായാനാഥനായ അങ്ങേക്കുമാത്രമാണ് സാധ്യമാകുക. മായാബന്ധത്തില്‍ പെട്ടാണ് ഞാന്‍ പലജന്മങ്ങളിലായി ഏറെ പാപങ്ങള്‍ ചെയ്തു കൂട്ടിയത്. അങ്ങയുടെ മായയില്‍ പെട്ടാണ്. അങ്ങ് ഗുണാതീതനാണ്. നിര്‍ഗുണനാണ്. ഞാനാകട്ടെ ഗുണാധീനനും. അങ്ങ് കാലാതീതനാണ്. ഞാന്‍ കാലാനുവര്‍ത്തിയാണ്.
‘ദേഹ്യാന്യദേഹേവിവരേ ജഠരാഗ്നിനാസൃ-
ഗ്വിണ്മൂത്രകൂപപതിതോ
ഭൃശതപ്തദേഹ:
ഇഛന്നിതോ വിവസിതും
ഗണയന്‍ സ്വമാസാന്
നിര്വ്യാസതേ കൃപണധീര് ഭഗവന്‍ കദാ നു’
ഹേ, ഭഗവന്‍, അന്യശരീരത്തിലെ ഒരു ഗുഹയില്‍ മലമൂത്രാദികള്‍ നിറഞ്ഞ ഒരു കിണറ്റിലെന്ന അവസ്ഥയില്‍ ജഠരാഗ്നിയുടെ ജ്വാലയില്‍ തപിച്ച് ദു:ഖിച്ച് കഴിയുകയാണ് ഞാന്‍. എനിക്ക് ഇവിടെ നിന്നും പുറത്തു കടക്കാന്‍ ആഗ്രഹമുണ്ട്. സാധിക്കുന്നില്ല. ഇനി എത്രകാലം ഞാന്‍ ഇങ്ങനെ ഇവിടെക്കിടന്ന് നരകിക്കണം. ഹേ, ഭഗവാനേ, എനിക്ക് ഇവിടെ നിന്ന് പുറത്തു കടക്കാന്‍ കടുത്ത ആഗ്രഹമുണ്ട്.
പക്ഷേ ഭഗവാനേ ഒന്നുണ്ട്. ഇവിടെക്കിടന്ന് യാതനകളനുഭവിച്ച് ഇന്ന് ഞാന്‍ ഏറെ ക്ഷമ പരിശീലിച്ചിരിക്കുന്നു.
ഇപ്പോള്‍ എനിക്കെന്റെ ഹൃദയത്തിലും ബഹിര്‍ഭാഗത്തും അഖണ്ഡബോധപുരുഷനായിരിക്കുന്ന,ജ്ഞാനമൂര്ത്തിയായിരിക്കുന്ന ഭഗവാനെ കാണാന്‍ കഴിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: