മലയാള ചലച്ചിത്ര രംഗത്തെ ആദ്യത്തെ സൂപ്പര്‍ നടി എന്ന വിശേഷണമുള്ള മിസ് കുമാരി അന്തരിച്ചിട്ട് 2019 ജൂണ്‍ 9 ന് 50 വര്‍ഷം പൂര്‍ത്തിയായി. മലയാള സിനിമാ ചരിത്രത്തിലെ ദുരൂഹ മരണങ്ങളുടെ തുടക്കവും മിസ് കുമാരിയില്നിന്നാണ്. 1969 ജൂണ്‍ 9 രാത്രിയില്‍ ഈ നടിക്ക് വയര്‍ വേദനയുണ്ടായി. ആശുപത്രിയില്‍ എത്തിക്കും മുന്‍പ് മരണപ്പെട്ടു എന്നുമാണ് വാര്‍ത്ത. എന്നാല്‍ ജനങ്ങള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു. നടിയുടെ മരണം അരനൂറ്റാണ്ട് തികയുന്ന ഈ വേളയിലും ദുരൂഹത നീങ്ങിയിട്ടില്ല.
ത്രേസ്യാമ്മ എന്നായിരുന്നു മിസ് കുമാരിയുടെ യഥാര്‍ത്ഥ നാമം. സാമ്പത്തിക ഞെരുക്കം കാരണം വീട്ടുകാര്‍ ത്രേസ്യാമ്മയെ അഭിനയിക്കാന്‍ വിടുകയായിരുന്നു. അങ്ങനെയാണ് ഉദയായുടെ വെള്ളിനക്ഷത്രത്തിലൂടെ സിനിമയിലെത്തുന്നത്. സുന്ദരിയായ ത്രേസ്യാമ്മയുടെ അഭിനയം തരക്കേടില്ലായിരുന്നു. തുടര്‍ന്ന് നല്ല തങ്ക, ശശിധരന് എന്നീ ചിത്രങ്ങള്‍ ലഭിച്ചു. തിക്കുറിശ്ശിയോടൊത്ത് നവലോകം എന്ന ചിത്രത്തില്‍ അഭിനയിക്കുകയും, ചിത്രം വിജയിക്കുകയും ചെയ്തതോടെ മികച്ച നടിയെന്ന പേരു നേടി. രണ്ടാമത്തെ ചിത്രമായ ‘നല്ല തങ്ക’യില്‍ അഭിനയിക്കുമ്പോള്‍ കുഞ്ചാക്കോയുടെ സഹനിര്‍മാതാവായിരുന്ന കെ.വി. കോശി ത്രേസ്യാമ്മയുടെ പേര് മിസ് കുമാരി എന്ന് മാറ്റിയിരുന്നു. നാല് ചിത്രങ്ങള്‍ പിന്നിട്ടപ്പോഴേക്കും ഈ താരം ഒരു തരംഗമായി മാറിയിരുന്നു. പ്രേംനസീറും സത്യനും സിനിമയിലെത്തിയതോടെ അവരുടെ നായികയായും പ്രേക്ഷകരെ കോരിത്തരിപ്പിച്ചു.
മലയാള സിനിമയുടെ നാഴികക്കല്ലായിത്തീര്‍ന്ന നീലക്കുയില്‍ എന്ന ചിത്രത്തിലെ നീലി എന്ന കഥാപാത്രമാണ് മിസ് കുമാരിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം. അവര്‍ അഭിനയിച്ച കഥാപാത്രങ്ങള്‍ മിക്കതും നല്ലതുതന്നെയായിരുന്നു. മലയാള സിനിമയിലെ ആദ്യത്തെ താര റാണി എന്ന പേര് മിസ് കുമാരിക്ക് സ്വന്തമാണ്. അഭിനയിച്ച മുക്കാല്‍ഭാഗം ചിത്രങ്ങളിലും ദുഃഖനായികയായിരുന്നു. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യനായികയായ അവരെ വച്ച് പടംപിടിക്കാന്‍ നിര്‍മാതാക്കളും സംവിധായകരും മത്സരിച്ചു. സിനിമയില്‍ തിരക്കേറിയപ്പോള്‍ അവര്‍ സ്വന്തം വീട് പുതുക്കിപ്പണിതു, സഹോദരന്മാര്ക്ക് വ്യവസായം തുടങ്ങാന്‍ ആവശ്യമായ പണവും കൊടുത്തു. അഭിനയിച്ചു സമ്പാദിച്ചതുകൊണ്ട് കുടുംബം നന്നാക്കിയ മിസ്കുമാരി സ്വന്തമായി ഒന്നും കരുതിവയ്ക്കാതെ എല്ലാം കുടുംബത്തിനായി ചെലവഴിച്ചു.
പ്രശസ്തിയുടെ കൊടുമുടിയില്‍ നില്ക്കുമ്പോള് വീട്ടുകാര്‍ മിസ് കുമാരിക്ക് വിവാഹം ആലോചിച്ചു. ഹോര്‍മിസ് എന്നയാളായിരുന്നു വരന്. എറണാകുളം ബസിലിക്ക പള്ളിയില്‍ വച്ചായിരുന്നു വിവാഹം. വിവാഹ ദിവസം ഇഷ്ടതാരത്തെ കാണാനായി ജനലക്ഷങ്ങള്‍ തടിച്ചുകൂടി. റോഡിലും പള്ളി പരിസരത്തും മരങ്ങളുടെ മുകളിലും വീടിന്റെ ടെറസിനു മുകളിലും ജനസമുദ്രമായിരുന്നു.
വിവാഹശേഷം അവരെ അഭിനയിക്കാന്‍ വിടാന്‍ ഭര്‍ത്താവ് തയ്യാറായില്ല. എന്‍. ശങ്കരന് നായര്‍ സംവിധാനം ചെയ്ത അരക്കില്ലം എന്ന ചിത്രത്തോടെ മിസ് കുമാരി അരങ്ങൊഴിഞ്ഞു. അഭിനയിക്കാന്‍ കഴിയാത്ത വിഷമവും ഏകാന്തതയും അവരെ തളര്‍ത്തി. അകാരണമായൊരു ഭീതി അവരെ വേട്ടയാടി. മൂന്നു മക്കള്‍ ജനിച്ചപ്പോള്‍ ആഹ്ലാദിക്കുന്നതിനു പകരം അവര്‍ അന്ധാളിക്കുകയായിരുന്നു; തന്റെ കുട്ടികള്‍ക്കെന്തെങ്കിലും ആപത്തു വരുമോ എന്ന ഭയമായിരുന്നു കാരണം.
ക്രമേണ മിസ്കുമാരി എന്ന നടിയെ ജനങ്ങള്‍ മറന്നു. അവരുടെ ജീവിതം ശോകമൂകമായി. തന്റെ സിനിമകളിലെ ദുഃഖപുത്രിയെക്കാള് ദുഃഖം അവരുടെ മുഖത്ത് ഉണ്ടായിരുന്നു. സിനിമാക്കാരോ മറ്റോ മിസ് കുമാരിയെ കാണാന്‍ ചെല്ലുന്നത് ഭര്‍ത്താവിന് ഇഷ്ടമല്ലാത്തതിനാല്‍ ആരും അങ്ങോട്ട് ചെല്ലാതെയായി.
വെള്ള സാരിയുടുത്ത് കുടയും ചൂടി നഗ്നപാദയായി റോഡിന്റെ വശത്തുകൂടി തലകുനിച്ച് ബസിലിക്കാ പള്ളിയില്‍ പതിവായി പോകുന്ന മിസ് കുമാരിയെ ആരും തിരിഞ്ഞുപോലും നോക്കിയില്ല. പ്രേംനസീറിനും സത്യനും മുന്‍പേ സിനിമ എന്ന മായികപ്രപഞ്ചത്തില്‍ താരമായി ഉദിച്ചുയര്‍ന്ന ആ താര റാണി എന്തോ അഗാധദുഃഖം ഉള്ളിലൊതുക്കിയാണ് ജീവിച്ചത്. എന്തായിരുന്നു ആ ദുഃഖത്തിന് കാരണമെന്ന് ഇന്നും അജ്ഞാതം.
~ഒടുവില്‍ അതു സംഭവിച്ചു. മലയാളക്കരയെ ഞെട്ടിച്ച് അവരുടെ മരണവാര്‍ത്ത എത്തി. അസുഖത്താല്‍ അവര്‍ മരണപ്പെട്ടതാണോ? അതോ ആത്മഹത്യയോ? തന്റെ മക്കളെ ഉപേക്ഷിച്ച് അവര്‍ ആത്മഹത്യ ചെയ്യുമോ? ആരെങ്കിലും അപായപ്പെടുത്തിയതാണോ? എങ്കില്‍ ആര്? എന്തിന്? ഇന്നും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: