കുവൈത്ത് സിറ്റി: കുവൈത്തിൽ നാടുകടത്തപ്പെട്ട വിദേശി സമൂഹത്തിൽ മുമ്പിൽ ഇന്ത്യക്കാരാണ്. ആകെ നാടുകടത്തപ്പെട്ടവരിൽ 88000 പുരുഷന്മാരും 60000 സ്ത്രീകളുമാണുള്ളത്. ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ അൻബ ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പുരുഷന്മാരിൽ 16000 ഈജിപ്തുകാർ, 14000 ബംഗ്ലാദേശികൾ, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിൽനിന്നുള്ള 5000 പേർ, 4000 എത്യോപ്യക്കാർ, 1700 ഫിലിപ്പീൻസുകാർ എന്നിവരെ തിരിച്ചയച്ചു. ബാക്കിയുള്ളവർ മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
സ്ത്രീകളിൽ ഏറ്റവുമധികം പേർ നാടു കടത്തപ്പെട്ടത് എത്യോപ്യക്കാരാണ്. 14000 എത്യോപ്യക്കാരാണ് ആറുവർഷത്തിനിടെ പുറത്താക്കപ്പെട്ടത്. തൊഴിൽനിയമവും താമസനിയമവും ലംഘിച്ചതിനാണ് കൂടുതൽ പേരെയും സ്വന്തം നാടുകളിലേക്ക് തിരിച്ചയച്ചത്.
മദ്യം, മയക്കുമരുന്ന് കേസുകളിലകപ്പെട്ടവരാണ് പിന്നീടുള്ളത്. ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തവർ, ഗുരുതരമായ ഗതാഗതനിയമലംഘനം നടത്തിയവർ, സാമ്പത്തിക തട്ടിപ്പുകളും വഞ്ചനയും നടത്തിയവർ, യാചകർ എന്നിവരും പട്ടികയിലുണ്ട്. വൈദ്യ പരിശോധനയിൽ പരാജയപ്പെട്ടവരെയും തിരിച്ചയച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ആകെ 17000 പേരെയാണ് നാടുകടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: