ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ കലാപം തുടര്‍ക്കഥയായിരിക്കുകയാണ്. ആ പാര്‍ട്ടിക്ക് ഇപ്പോള്‍ അധ്യക്ഷനില്ല. അടുത്തെങ്ങാനും ആരെങ്കിലും വരുമെന്ന സൂചനയുമില്ല. സംസ്ഥാന ഘടകങ്ങളില്‍ പ്രശ്നങ്ങള്‍ വരുമ്പോള്‍ എല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നാണ് നേതാക്കള്‍ ആവര്‍ത്തിക്കാറ്. ഇന്ന് ഹൈക്കമാന്‍ഡ് എന്ന സങ്കല്‍പ്പം പോലുമില്ല. കപ്പിത്താനാണ് കപ്പലിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കേണ്ടത്. കപ്പിത്താന് ഇല്ലാതായാല്‍ കപ്പലിന്റെ ഗതിയെന്താകും? അതിലെ യാത്രക്കാരുടെ ഗതികേട് പിന്നെ പറയാനുണ്ടോ? അതേ ഗതിയാണ് കോണ്‍ഗ്രസിലെ കേന്ദ്ര സംസ്ഥാന നേതാക്കള്‍ക്കെല്ലാം.
മുതിര്‍ന്ന നേതാക്കള്‍ ഓരോന്നായി കോണ്‍ഗ്രസ് വിടുന്നു. ദേശീയ വക്താക്കള്‍, മാധ്യമ സംയോജകര്‍, എംഎല്‍എമാര്‍, ആ പാര്‍ട്ടിയിലുള്ള പ്രതിപക്ഷ നേതാക്കള്‍, മുന്‍ മന്ത്രിമാര്‍, മുന്‍ എംപിമാര്‍ അങ്ങനെ സ്ഥാനമാനങ്ങള്‍ അലങ്കരിച്ചവര്‍. നാണക്കേടിലാകുമ്പോള് രാജി സ്വാഭാവികമാണ്. രാജിവയ്ക്കുന്നവര്‍ എങ്ങോട്ടുപോകണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവര്‍ക്ക് മാത്രമാണ്. സോണിയാ കുടുംബവുമായി അടുത്ത ബന്ധമുള്ള ഒരു വക്താവ് ബിജെപിയിലാണ് ചേര്‍ന്നത് അദ്ദേഹം മലയാളി കൂടിയാണ്, ടോം വടക്കന്‍. മറ്റൊരു വക്താവ് ശിവസേനയിലാണ്. സിപിഎമ്മില്‍നിന്ന് രണ്ട് തവണ എംപിയും കോണ്‍ഗ്രസില്‍നിന്ന് ഒരുതവണ എംഎല്‍എയുമായ എ. പി. അബ്ദുള്ളക്കുട്ടിയും ബിജെപിയില്‍ ചേര്‍ന്നു. മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസില്‍നിന്ന് രാജിവയ്ക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളുണ്ട്.
രണ്ട് പ്രമുഖ വനിതാ നേതാക്കള്‍ രാജിനല്കിയത് നേതാക്കളുടെ അപമര്യാദയേയും അവഹേളനപരമായ പെരുമാറ്റത്തേയും കുറിച്ചു പരാതി നല്‍കിയിട്ടും നടപടിയില്ലാത്തതിന്റെ പേരിലാണ്. കര്‍ണാടകത്തിലെ രാജിവച്ച കോണ്‍ഗ്രസ് – ജനതാദള്‍ നേതാക്കള്‍ ഉന്നയിക്കുന്ന പ്രധാന ആക്ഷേപം ശ്രദ്ധേയമാണ്. കര്‍ണാടകത്തില്‍ ഭരണമേ നടക്കുന്നില്ല. നടക്കുന്നത് അഴിമതി, സ്വജനപക്ഷപാതം എന്നിവ മാത്രം. ഈ സര്‍ക്കാരിനെ താങ്ങാന്‍ കഴിയില്ല, മടുത്തു. അതിനാല്‍ രാജിവയ്ക്കുന്നു. ബാഹ്യശക്തികളാരും തങ്ങളെ സ്വാധീനിച്ചിട്ടില്ല. സ്വമേധയാ രാജിവയ്ക്കുകയാണ് എന്നാണ് അവര്‍ പറയുന്നത്. അവരേതെങ്കിലും പാര്‍ട്ടിയില്‍ പോകുമെന്നും വ്യക്തമാക്കിയിട്ടില്ല. എങ്ങോട്ടുപോകാനും അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്.
ഗോവയില്‍ 15 അംഗ കോണ്‍ഗ്രസ് അംഗങ്ങളില്‍ 10 പേരുടെ രാജിക്കാര്യം ആരും പ്രവചിച്ചതല്ല. കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് പ്രതിപക്ഷനേതാവടക്കമുള്ള എംഎല്‍എമാര്‍ ദല്‍ഹിയില്‍ച്ചെന്ന് ബിജെപി ആസ്ഥാനത്തുവച്ച് ആ പാര്‍ട്ടിയില്‍ അംഗത്വമെടുക്കുകയും ചെയ്തു. ജനാധിപത്യത്തില്‍ ഒരുപാര്‍ട്ടിവിട്ട് മറ്റൊരു പാര്‍ട്ടിയെ സ്വീകരിക്കുന്നത് സര്‍വസാധാരണമാണ്. ‘ആയാറാം ഗയാറാം’ എന്ന പ്രയോഗം വര്‍ഷങ്ങള്‍ക്കുമുമ്പേ കേള്‍ക്കുന്നതാണ്. കോഴകൊടുത്ത് എംപിമാരെ സ്വാധീനിച്ച് പ്രധാനമന്ത്രിസ്ഥാനം നിലനിര്‍ത്തിയ ചരിത്രമുള്ള രാജ്യമാണിത്. സഭയില്‍ ഭൂരിപക്ഷമില്ലാത്ത നരസിംഹറാവു അധികാരത്തില്‍ തുടര്‍ന്നത് ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചാ എംപിമാരെ വിലയ്ക്ക് വാങ്ങിയിട്ടല്ലെ? ആ സമയത്തുതന്നെ മൂന്ന് ബിജെപി ലോകസഭാംഗങ്ങളെ സ്വാധീനിക്കാന്‍ പണം നല്‍കിയതാണല്ലൊ. ആ പണക്കെട്ട് ലോക്സഭയില്‍ ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസിന്റെ കുതിരക്കച്ചവടത്തെ തുറന്നുകാട്ടിയിരുന്നല്ലൊ. എന്നിട്ടും ഉളുപ്പില്ലാതെ ബിജെപിയാണ് കോണ്‍ഗ്രസ് നേതാക്കളെ വിലയ്ക്കുവാങ്ങുന്നതെന്ന് ആരോപിക്കുന്നു.
കോണ്‍ഗ്രസിനെക്കാള്‍ വാശിയിലാണ് സിപിഎം ബിജെപിക്കെതിരെ ഉറഞ്ഞുതുള്ളുന്നത്. സിപിഎം കേരളത്തില്‍ എത്രയെത്ര കോണ്‍ഗ്രസുകാരെ ചാക്കിട്ട്പിടിച്ചിട്ടുണ്ട്? മലപ്പുറം ഡിസിസി പ്രസിഡന്റായിരിക്കെയല്ലേ ടി.കെ. ഹംസയെ പിടികൂടി സ്ഥാനാര്‍ത്ഥിയാക്കിയത്. എംഎല്‍എയും മന്ത്രിയുമാക്കിയില്ലേ ഹംസയെ? അതിനുമുമ്പല്ലെ ലോനപ്പന് നമ്പാടനെ സിപിഎം സ്വന്തമാക്കിയത്. കേരളാ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന നമ്പാടനെ രായ്ക്ക് രാമാനം റാഞ്ചിയത് സിപിഎം അല്ലെ? പിന്നീട് മന്ത്രിയും എംഎല്‍എയുമാക്കിയത് വിസ്മരിക്കാമോ? ഇപ്പോള്‍ നിയമസഭയില്‍ ഇടതുപക്ഷത്തിരിക്കുന്ന എല്‍എമാരുടെ കോണ്‍ഗ്രസ് പശ്ചാത്തലം ആര്ക്കാണറിയാത്തതത്.
സിപിഎം ജനറല്‍ സെക്ട്രറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസിലെ പതനത്തിന് ബിജെപിയെ പഴിക്കുകയാണ്. ബിജെപിയിലെ പ്രമുഖ നേതാക്കളെ അടര്‍ത്തിയെടുത്ത് ലോക്സഭാ സ്ഥാനാര്‍ത്ഥിയാക്കിയത് മറക്കാറായോ? കോണ്‍ഗ്രസില്‍നിന്ന് മാത്രമല്ല സിപിഎമ്മില്‍നിന്നും ബിജെപിയിലേക്ക് ഒഴുക്കാണ്. ത്രിപുരയും ബംഗാളും അതിന് സാക്ഷ്യമല്ലേ? ബിജെപി ഇന്നത്തെ പാര്‍ട്ടിയാണ്. നാളത്തെയും പാര്‍ട്ടിയാണ്. ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തവരും ധര്മനിഷ്ഠയുള്ളവരുമായ നേതാക്കളും ഏത് പാര്‍ട്ടിയില്‍നിന്ന് വന്നാലും സ്വീകരിക്കുമെന്നതാണ് നയമെന്ന് വ്യക്തമാക്കിയിട്ടുണ്ടല്ലോ. ഏകകക്ഷിയെന്ന ആശയം കമ്മ്യൂണിസ്റ്റിന് സ്വന്തമാണ്. അവര്‍ക്ക് സ്വാധീനമുള്ള സ്ഥലത്ത് മറ്റുപാര്‍ട്ടിക്കാരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെ സ്ഥിതി മറിച്ചല്ല. എന്നാല്‍ പ്രതിപക്ഷത്തെ വളര്‍ത്തിക്കൊണ്ട് വരേണ്ട സാഹചര്യം ബിജെപിയ്ക്കില്ല. കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റുകാര്‍ക്കും വിശ്വാസ്യതയുള്ള നേതാക്കളുണ്ടായാല്‍ കഷ്ടപ്പെട്ട് പ്രയത്നിച്ചു പ്രതിപക്ഷ നേതൃസ്ഥാനത്തെത്താം. വൈകിയാണെങ്കിലും ഒരുപക്ഷെ ഭരണത്തിലും എത്താം. ആ വഴിക്ക് ചിന്തിക്കാന്‍ യെച്ചൂരിക്കും പിണറായിക്കും കോണ്‍ഗ്രസിനെ ഉപദേശിക്കുകയും ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: