ന്യൂദല്‍ഹി: കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥി പ്രവേശനത്തിന്റെ പേരില്‍ നടക്കുന്നത് ശുദ്ധ തട്ടിപ്പ് പ്രവണതകളെന്ന് സുപീംകോടതി. കേരളത്തില്‍ മാത്രമേ ഇത് നടക്കൂ എന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വിമര്‍ശിച്ചു. കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളജില്‍ സി.എം.എസ് വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകളില്‍ മറ്റ് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ പ്രവേശനം നേടിയെന്നാരോപിച്ച് പ്രവേശന മേല്‍നോട്ട സമിതി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശങ്ങള്‍. കോളജിൽ സീറ്റ് വാഗ്ദാനം ചെയ്ത് വാങ്ങിയ തലവരിപ്പണം സംബന്ധിച്ച തർക്കം രണ്ടു ദിവസം മുമ്പ് സിഎസ്ഐ ദക്ഷിണ കേരള മഹാ ഇടവകയിൽ വൻ പൊട്ടിത്തെറിക്ക് വഴിവച്ചിരുന്നു.
തലവരിപ്പണമായി കൈപ്പറ്റിയ കോടിക്കണക്കിന് വരുന്ന തുക ബിഷപ്പ് ധർമ്മരാജ് റസ്സാലത്തിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം തട്ടിച്ചെന്നാണ് പുതിയ ഭരണ സമിതിയുടെ ആരോപണം. മെഡിക്കൽ സീറ്റിന് മുൻകൂറായി വിദ്യാര്‍ത്ഥികൾ നൽകിയ തലവരിപ്പണം തിരിച്ച് കൊടുക്കാമെന്ന് ബിഷപ്പ് ധര്‍മ്മരാജ് റസാലം ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന് എഴുതി നൽകിയ സംഭവത്തിലാണ് വിവാദത്തിന്റെ തുടക്കം. മെഡിക്കൽ സീറ്റുകള്‍ കിട്ടാതിരുന്ന വിദ്യാത്ഥികള്‍ മുൻകൂർ കൊടുത്ത പണം തിരികെ ആവശ്യപ്പെട്ട് കമ്മീഷന് പരാതി നല്‍കിയതോടെയാണ് തുടര്‍ന്നാണ് പണം തിരികെ നല്‍കാമെന്ന് ബിഷപ്പ് എഴുതി നല്‍കിയത്. വിദ്യാർത്ഥികളുടെ ഏഴരക്കോടി രൂപ 12 മാസത്തിനുള്ളിൽ തിരികെ നല്‍കാമെന്നാണ് ബിഷപ്പ് ഉറപ്പ് നൽകിയത്. ഇതോടെ കോടികൾ മറിഞ്ഞ കള്ളപ്പണ ഇടപാടിലേക്ക് വിരൽ ചൂണ്ടുകയായിരുന്നു.
















