കൊല്ലം: കൊലക്കേസ് തെളിയിച്ചതിന് ഡിജിപി നേരിട്ട് അഭിനന്ദിച്ച എസ്ഐ ബാഡ്ജ് ഓഫ് ഓണര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. പോലീസ് സേനയില്‍ അമര്‍ഷം. പിന്നില്‍ ഗൂഢാലോചനയെന്നും ആക്ഷേപം.
കിളികൊല്ലൂര്‍ സ്റ്റേഷനില്‍ എസ്ഐ ആയിരുന്ന വി. അനില്‍കുമാറിനെയാണ് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. കൊല്ലത്തെ രഞ്ജിത് ജോണ്‍ കൊലക്കേസ് ശാസ്ത്രീയമായി അന്വേഷിച്ച് മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്നത് വി. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഏഴുമാസംനീണ്ട വിചാരണയ്ക്കൊടുവില് പ്രതികള്‍ ശിക്ഷിക്കപ്പെട്ടു. വിധി വന്നശേഷം ഡിജിപി ലോക്നാഥ് ബെഹ്റ തിരുവനന്തപുരത്ത് പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിലേക്ക് അനില്‍കുമാറിനെ വിളിപ്പിച്ച് അഭിനന്ദിച്ചിരുന്നു. തുടര്‍ന്നാണ് ബാഡ്ജ് ഓഫ് ഓണറിനായി അനില്കുമാറിന്റെതടക്കമുള്ള പേരുകള്‍ ജില്ലയില്‍ നിന്ന് ശുപാര്‍ശചെയ്തുകൊണ്ടുള്ള പട്ടിക തിരുവനന്തപുരത്ത് ഹെഡ് ക്വാര്‍ട്ടേഴ്സിലേക്ക് അയച്ചതും. എന്നാല്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയ പട്ടികയില്‍ അനില്‍കുമാറിന്റെയോ സഹപ്രവര്‍ത്തകരുടെയോ പേരുകള്‍ ഉണ്ടായിരുന്നില്ല. പകരം രഞ്ജിത് ജോണ്‍ കൊലക്കേസിന്റെ അന്വേഷണവുമായി വിദൂരബന്ധം പോലും ഇല്ലാത്ത കൊല്ലം ഈസ്റ്റ് പോലീസ്സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥരുടെ പേരുകളാണ് ഉണ്ടായിരുന്നത്.
അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പട്ടിക തിരുവനന്തപുരത്തേക്ക് അയച്ചതിന്റെ പുറകെ മറ്റൊരു അഡീഷണല്‍ ലിസ്റ്റുകൂടി കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്ക് അയച്ചിരുന്നു. ഈ പട്ടികയില്‍ അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ ഇല്ലായിരുന്നു. പകരം തിരുകികയറ്റിയവര്ക്കാണ് കൊലക്കേസ് തെളിയിച്ചതിന്റെ മിടുക്കില്‍ ബാഡ്ജ് ഓഫ് ഓണര്‍ നല്കാന് നിശ്ചയിച്ചിരിക്കുന്നത്.
ഇത് വെറും സാങ്കേതികപിഴവാണെന്ന് കരുതാന്‍ ന്യായമില്ല. കൃത്യമായ ഗൂഢാലോചന കൊല്ലത്തും തിരുവനന്തപുരത്ത് ഹെഡ് ക്വാര്‍ട്ടേഴ്സിലും നടന്നതിന്റെ ഫലമായാണ് പട്ടിക അട്ടിമറിക്കപ്പെട്ടത്. സാങ്കേതികപിഴവാണെന്നും തിരുത്തുമെന്നും ഹെഡ് ക്വാര്‍ട്ടേഴ്സ് എഡിജിപി മനോജ് എബ്രഹാം വിശദീകരിക്കുന്നുണ്ടെങ്കിലും അഡീഷണല്‍ ലിസ്റ്റ് എങ്ങനെ വന്നു എന്ന ചോദ്യത്തിന് ഉത്തരമില്ല.
ലോക്സഭാ തെരഞ്ഞെടുപ്പു വേളയില്‍പോലും ഈ കേസിന്റെ മെറിറ്റ് പരിഗണിച്ച് അനില്‍കുമാറിനെ കൊല്ലത്തുനിന്ന് മാറ്റിയിരുന്നില്ല. സ്പെഷ്യല്‍ബ്രാഞ്ചിലേക്ക് മാറ്റി വിചാരണ പൂര്‍ത്തിയാക്കാന്‍ അവസരം നല്കി. എന്നാല്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടശേഷം അനില്‍കുമാറിനെ കൊല്ലം സബ്ഡിവിഷനില്‍ നിന്നു മാറ്റി കരുനാഗപ്പള്ളി സബ്ഡിവിഷനില്‍ പോസ്റ്റുചെയ്തു.
കൊലക്കേസ് അന്വേഷണത്തില്‍ അത്യന്തം മികവുപ്രകടിപ്പിച്ച ഉദ്യോഗസ്ഥനെയും ടീമംഗങ്ങളെയും സങ്കീര്‍ണമായ കേസുകള്‍ അന്വേഷിക്കാന്‍ ഏല്‍പ്പിക്കുന്നതിന് പകരം മൂലയ്ക്ക് ഒതുക്കുകയാണ് ഉണ്ടായത്. സംഭവത്തില്‍ പോലീസ് ഓഫീസേഴ്സ് അസോസിയേഷനും അതൃപ്തി അറിയിച്ചുവെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: