ബർമ്മിങ്ഹാം: നാഷണല്‍ കൗൺസിൽ ഓഫ് കേരള ഹിന്ദു ഹെരിറ്റേജിന്റെ ആഭിമുഖ്യത്തിൽ സംസ്കൃതി 2019 ജൂലൈ 6 ശനിയാഴ്ച ബർമ്മിങ്ഹാം ബാലാജി ക്ഷേത്ര സമുച്ചയത്തിലുള്ള സാംസ്കാരിക വേദികളിൽ വച്ച് വിപുലമായ രീതിയിൽ വൻ ജനാവലിയെ സാക്ഷിയാക്കി നടത്തപ്പെട്ടു. രാവിലെ 8 മണിക്ക് ആരംഭിച്ച രജിസ്ട്രേഷൻ നടപടികൾ 9 മണിയോടെ പൂർത്തിയാക്കി മത്സാരാർത്ഥികൾ ചെസ്റ്റ് നമ്പർ കൈപ്പറ്റി. ഹൈന്ദവദർശനത്തിലൂന്നിയുള്ള കലാമാമാങ്കത്തിൽ യു കെ യിലെ ഹൈന്ദവ സമാജങ്ങളുടെ വലിയ പങ്കാളിത്തം ഉറപ്പാക്കാൻ സംഘാടകർക്ക് കഴിഞ്ഞു. കലാമത്സരങ്ങളിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ തലങ്ങളിലായി നൃത്തം, സംഗീതം, ചിത്രരചന, കഥാരചന, പ്രസംഗം, തിരുവാതിര, ഭജന, ലഘുനാടകം, ചലച്ചിത്രം എന്നിങ്ങനെ വിവിധ മേഖല കളിൽ വളരെ വാശിയേറിയ മത്സരം കാഴ്ച വെയ്കപ്പെട്ടു. രാവിലെ 10 മണിക്കാരംഭിച്ച മത്സരങ്ങൾ മത്സരാർത്ഥികളുടെ ബാഹുല്യം നിമിത്തം രാത്രി 8 മണിവരെ നീണ്ടു. ഓരോ ഇനവും ഉന്നതനിലവാരം പുലർത്തുന്നതായിരുന്നു. വിധികകർത്താക്കളായി യു കെ യിലെ നൃത്താദ്ധ്യപികമാരായ ദീപാ നായര്‍, ആരതി അരുണ്‍ എന്നിവര്‍ കലാമേളയിലുടനീളം സന്നിഹിതരായിരുന്നു.
മത്സരങ്ങൾക്കു ശേഷം നടന്ന സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി നമുക്കേവർക്കും സുപരിചിതനായ ശ്രീ രാജമാണിക്യം IAS പങ്കെടുത്തു. ഉദ്ഘാടന പ്രസംഗത്തിൽ കലാമേളകൾ നടത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അദ്ദേഹം പറയുകയുണ്ടായി. ശ്രീ പ്രശാന്ത് രവി സ്വാഗതം ആശംസിച്ചു . പ്രവാസ ലോകത്ത് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഒരോരുത്തരുടേയും ഉള്ളിലെ കലാപരമായ അംശങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടു വരികയും ആദരിക്കുകയും എന്നുള്ളതാണ് സംസ്കൃതിയുടെ മുഖ്യലക്ഷ്യങ്ങളിൽ ഒന്നെന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ ചെയർമാൻ ശ്രീ ഗോപകുമാർ വ്യക്തമാക്കി. നാഷണല്‍ കൗണ്‍സിലിന്റെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളെ കുറിച്ചും ഭാവി പരിപാടികളെ കുറിച്ചും ശ്രീ സുരേഷ് ശങ്കരന്‍കുട്ടി വിശദമാക്കി. സമ്മേളനാനന്തരം വിജയികൾക്ക് കലാപ്രതിഭ, കലാ തിലകം പട്ടങ്ങളും പ്രശസ്തിപത്രവും നല്കി ആദരിച്ചു. സംസ്കൃതി 2019 ൽ വന്നു ചേർന്ന എല്ലാവർക്കും അഭിലാഷ് ബാബു നന്ദിപ്രകാശിപ്പിച്ചു . അടുത്ത വർഷം വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ എല്ലാവരും സംതൃപ്തിയോടെ പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: