പുകവലിയെന്ന ശാപത്തില്‍ നിന്നുള്ള മോചനത്തിന് നമ്മുടെ നാട് ഇനിയും ഒരുപാട് ദൂരം പോകേണ്ടതുണ്ട് എന്ന് തോനുന്നു. സ്വയം ഉരുകിത്തീരുന്നതിനൊപ്പം അത് സമൂഹത്തിലേയ്ക്കു വിതരണം ചെയ്യുന്നതാണ് ഇന്നത്തെ വലിയ തലവേദന. ഭരണഘടനാ വ്യവസ്ഥപ്രകാരം പൊതുസ്ഥലങ്ങളിലുള്ള പുകവലി കുറ്റകരമാണ്. എന്നിട്ടും, നിയമപാലകര്‍ പോലും അത് കാര്യമായി എടുക്കാറില്ല. 1997-ല്‍, ജനാര്‍ദ്ദനറെഡ്ഡി ആരോഗ്യമന്ത്രി ആയിരുന്നപ്പോഴാണ് തന്റെ ഓഫീസും പരിസരവും ആശുപത്രികളും പുകവലി നിരോധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ തലത്തില്‍ പുകവലി നിരോധനത്തിന് തുടക്കം കുറിച്ചത്.
ഇന്ന് ഭാരതമൊട്ടുക്കും ആ രീതി പിന്തുടരുന്നുണ്ടെങ്കിലും ഇനിയും താണ്ടാന്‍ ദൂരമേറെയാണ്. പുകവലിക്കാത്തവര്‍ക്കും പുക വിതരണം ചെയ്യുന്ന രീതിയാണ് ഇന്നു നാടെങ്ങും. ഈ സാമൂഹിക പുകയിടല്‍ കുറഞ്ഞിട്ടുണ്ടെന്നു സമ്മതിക്കാം. പക്ഷേ, തീര്‍ന്നിട്ടില്ല. പൊതുസ്ഥലങ്ങള്‍ പലയിടത്തും ഇന്നും പുക മയമാണ്. അവനവന്റെ ജീവന്‍കൊണ്ടു പന്താടുന്നവര്‍ അതിന്റെ പങ്ക് ജനസമൂഹത്തിനുകൂടി നല്കുന്ന ഈ ശൈലി ഒരു പക്ഷേ, പുകവലിക്കാര്‍ക്കിടയില്‍ മാത്രമേ ഊണ്ടാകു. തീപിടിത്തമുണ്ടായാല്‍ ആദ്യം ചുറ്റുപാടും തീ പടരാതെ നോക്കുകയാണു ചെയ്യുന്നതെന്നു ധരിച്ചിട്ടുണ്ട്. കെടുത്തല് പിന്നീടാണ്. അതുപോലെ ഈ പുകവിതരണംവേണം ആദ്യം തടയാന്‍.
ന്യൂഫൗണ്ട്ലാന്‍ഡ്്, ലാബ്രഡോര്‍ തുടങ്ങിയ രാജ്യങ്ങളില്‍ പള്ളിക്കൂടങ്ങള്‍, ആശുപത്രികള്‍, വിനോദകേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ പുകവലിക്കുന്നത് 1994-ല്‍ തന്നെ നിരോധിച്ചിട്ടുണ്ടെങ്കിലും 2004-ല്‍ ഭൂട്ടാനാണ് പൊതുസ്ഥലത്ത് പുകവലി നിരോധിച്ചുകൊണ്ട് മറ്റു ലോകരാജ്യങ്ങള്‍ക്കെല്ലാം മാതൃകയായത്. സിംഗപ്പൂരിലാകട്ടെ, 18 വയസ്സിന് താഴെയുള്ളവര്‍ പുകവലിക്കുന്നത് കുറ്റകരമാണ്.
സിഗരട്ട് പായ്ക്കറ്റുകളില്‍ അച്ചടിച്ചുവരുന്ന ‘നിയമപ്രകാരമുള്ള മുന്നറിയിപ്പ്’ വലുതായിത്തന്നെ വേണമെന്ന് അമേരിക്കയില്‍ വ്യവസ്ഥയുണ്ട്. സിഗരട്ടില്‍ എന്തൊക്കെ വിഷവസ്തുക്കളുണ്ടെന്നും അതെങ്ങനെയാണ് മനുഷ്യശരീരത്തിന് ഹാനികരമാവുന്നത് എന്നും പായ്ക്കറ്റില്‍ വ്യക്തമായി അച്ചടിച്ചിട്ടുണ്ടാവും. 1991-ല്‍ ഫ്രാന്‍സില്‍ സിഗരട്ട് പരസ്യങ്ങള്‍ നിരോധിക്കുകയും വില വര്‍ദ്ധിപ്പിക്കുകയും ചെയ്തതിന്റെ ഫലമായി സിഗരട്ടിന്റെ ഉപഭോഗം 16 ശതമാനത്തോളമാണ് കുറഞ്ഞത്. ഭാരതത്തിലാകട്ടെ, ഈ മാര്‍ഗ്ഗങ്ങളെല്ലാം പിന്തുടരുന്നുണ്ടെങ്കിലും സിഗരട്ടിന്റെ സ്ഥാനം മയക്കുമരുന്നിന്റെ പട്ടികയില്‍ വ്യക്തമായി ഉള്‍പ്പെടുത്താത്തതുകൊണ്ട് അതിന്റെ നിലവാര നിയന്ത്രണത്തിലോ ഉപഭോഗത്തിലോ ഗവണ്മെന്റിന് കാര്യമായ നിയന്ത്രണം കൊണ്ടുവരാന്‍ കഴിയാതെ പോകുന്നു.
പുകവലിശീലത്തില്‍നിന്ന് രക്ഷനേടാന്‍ ഇന്ന് പല ഔഷധങ്ങളും കമ്പോളത്തില്‍ കിട്ടും. പുകവലിക്ക് അടിമയാവാന്‍ പ്രേരിപ്പിക്കുന്ന രാസപദാര്‍ത്ഥങ്ങളെ വേര്‍പെടുത്തിയെടുത്ത് ഒഴിവാക്കിയ ‘പ്ലാസിബോ’ സിഗരട്ടുകളും പരീക്ഷിച്ചു നോക്കാവുന്നതാണ്. എങ്കിലും പുകവലി നിര്‍ത്തണമെന്ന ദൃഢനിശ്ചയത്തിലേക്ക് മനസ്സിനെ കൊണ്ടുവരാനാണ് പുകവലിക്ക് അടിമപ്പെട്ടവര്‍ ശ്രമിക്കേണ്ടത്. അവനവന്റെ ദേഹം കാക്കാനുള്ള കടമ ഓരോരുത്തര്‍ക്കുമുണ്ടല്ലോ. ‘ശരീരമാദ്യം ഖലു ധര്‍മ്മസാധനം’ എന്ന് ‘കുമാരസംഭവ’ത്തില്‍ കാളിദാസനും പറഞ്ഞിട്ടുണ്ടല്ലോ. ‘ലോകം കണ്ട ഏറ്റവും വലിയ കൊലയാളിയാണ് പുകയില’ എന്നു പറഞ്ഞത് ലോകാരോഗ്യസംഘടനയുടെ മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ഗ്രോ ഹാലം ബ്രണ്ട്ലാന്റാണ്. പ്രതിവര്‍ഷം 40 ലക്ഷം പേരുടെ ജീവനാണ് പുകവലി അപഹരിക്കുന്നത് എന്നറിയുമ്പോള്‍ ബ്രണ്ട്ലാന്റിന്റെ പ്രസ്താവനയിലെ ഭീകരത ബോധ്യമാവും. ലോകത്തെ മൊത്തം മരണനിരക്കിന്റെ 2.6 ശതമാനമാണ് ഈ സംഖ്യ എന്നോര്‍ക്കണം. ഇതേസ്ഥിതി തുടര്‍ന്നാല്‍ അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇത് 9 ശതമാനമായി വര്‍ദ്ധിച്ചാലും അത്ഭുതപ്പെടാനില്ലെന്നാണ് ലോകാരോഗ്യസംഘടന അഭിപ്രായപ്പെടുന്നത്.
ചരിത്രാതീതകാലം മുതല്ക്കുതന്നെ മനുഷ്യന് പുകവലി ശീലമാക്കിത്തുടങ്ങിയിട്ടുണ്ടെന്നു കരുതപ്പെടുന്നുണ്ടെങ്കിലും, ഏതാണ്ട് ആറാം നൂറ്റാണ്ടിനും ഒമ്പതാം നൂറ്റാണ്ടിനും ഇടയിലുള്ളതെന്ന് അനുമാനിക്കുന്ന മെക്സിക്കോയില്‍ നിന്ന് കണ്ടെടുത്ത ശിലാചിത്രങ്ങളാണ് ആദ്യമായി പുകവലിയെക്കുറിച്ചുള്ള സൂചനകള്‍ തരുന്നത്. പുകയില ചുരുട്ടി കത്തിച്ചുവലിച്ചിരുന്ന ബഹാമാസ് ദീപുകാരിലാണ് ഈ ശീലം കൊളമ്പസ് ആദ്യം കാണുന്നത്. പനയോലയില്‍ ചുരുട്ടി കത്തിച്ച് വലിച്ചും വെള്ളത്തിലിട്ട് തിളപ്പിച്ചുകുടിച്ചും ബഹാമാസുകാര്‍ പുകയില ഉപയോഗിച്ചിരുന്നതായി കൊളമ്പസ് തന്റെ യാത്രാക്കുറിപ്പുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പോര്‍ച്ചുഗലിലെ ഫ്രഞ്ച് അമ്പാസിഡറായിരുന്ന ജീന്‍ നിക്കോട്ടാണ് എഡി 1550ല്‍ ആദ്യമായി പുകയില അമേരിക്കയില്‍നിന്ന് യൂറോപ്പിലേക്ക് കൊണ്ടുവരുന്നത്. പുകയില ഇനത്തിന് ‘നിക്കോട്ടിന്’ എന്ന പേരിട്ടതുതന്നെ അദ്ദേഹത്തിന്റെ പേരിലെ ഒരു ഭാഗം കടമെടുത്തുകൊണ്ടാണ്.
പിന്നീട് പുകയിലയുടെ ഉപഭോഗം വാണിജ്യവല്‍ക്കരിക്കപ്പെടുകയും കമ്പോളത്തില്‍ അതിന്റെ പ്രചാരണം ശക്തിപ്പെടുകയും ചെയ്തു. അന്ന് സമ്പന്നരുടെ ആഡംബരവസ്തു എന്ന ബഹുമതികൂടിയുണ്ടായിരുന്നു പുകയിലയ്ക്ക്. അവര്‍ വലിച്ചിട്ട ചുരുട്ടുകുറ്റികള്‍ ചെറുതായി അരിഞ്ഞ് കടലാസില്‍ തെറുത്ത് ഭിക്ഷാടകര്‍ തണുപ്പുകാലത്ത് പുകവലിക്കാന്‍ ഉപയോഗിച്ചുവെന്നും പില്ക്കാലത്ത് അതാണ് സിഗരറ്റായി രൂപപരിണാമം സിദ്ധിച്ച് കമ്പോളത്തില്‍ എത്തിയത് എന്നും പറയപ്പെടുന്നു. അതെന്തുതന്നെ ആയാലും പിന്നീട് ചുരുട്ടിനെക്കാള്‍ പ്രചാരം സിദ്ധിച്ചത് സിഗരട്ടിനുതന്നെ ആയിരുന്നു.
1881-ല്‍ ആണ് ആദ്യമായി യന്ത്രമുപയോഗിച്ച് സിഗരറ്റുണ്ടാക്കുന്നത്. ഈ സിഗരട്ടിന് കമ്പോളമുറപ്പിക്കാന്‍ വേണ്ടി കമ്പനി ‘സെയില്‍സ് മാന്‍’മാര്‍ സിഗരട്ട് കൊളുത്തി മൂക്കില്‍ക്കൂടി പുകവിട്ടു തെരുവോരങ്ങളില്‍ നിന്നു. ആ
‘പുതുമ’ കണ്ട് അടുത്തുകൂടിയവരെ, സൗജന്യമായി സിഗരട്ടു കൊടുത്ത് പുകവലിശീലത്തിന് അടിമപ്പെടുത്തിക്കൊണ്ടാണ് സിഗരട്ടിന് മാര്‍ക്കറ്റുറപ്പിക്കുന്നത് എന്നാണ് ചരിത്രം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: