യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഭാരത സന്ദര്‍ശനത്തിന്, മാറുന്ന ആഗോളരാഷ്ട്രീയ സാഹചര്യത്തില്‍ ഏറെ പ്രസക്തിയുണ്ട്. കാലങ്ങളായി യുഎഇയുടെ ഏറ്റവും ശക്തമായ സൗഹൃദരാഷ്ട്രമായി നിലനില്ക്കാന് ഭാരതത്തിന് കഴിയുന്നുവെന്നത് പശ്ചിമേഷ്യയുടെ സമാധാനവും സുസ്ഥിരതയും നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ സന്ദര്‍ശനത്തിന് കാലികപ്രസക്തിയേറെയുണ്ട്.
കാലങ്ങളായി യുഎഇയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്ന് ഭാരതമാണ്. ഏറ്റവുമധികം ഇന്ത്യക്കാര്‍ താമസിക്കുന്ന രാജ്യങ്ങളിലൊന്നായ യുഎഇ സന്ദര്‍ശിക്കാന്‍ നീണ്ട മുപ്പത്തിനാലു വര്‍ഷങ്ങളോളം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും എന്തുകൊണ്ട് തയ്യാറായില്ലയെന്നത് ഒരു പ്രഹേളികയാണ്. 2016 ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനം പുതിയ ബന്ധത്തിന്റെ ഊഷ്മളമായ യുഗപ്പിറവിക്ക് നാന്ദികുറിച്ചു. തുടര്‍ന്ന് വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാര്‍ അവിടം സന്ദര്‍ശിച്ചു. അതില്‍ അന്നത്തെ വ്യാപാരമന്ത്രി നിര്‍മല സീതാരാമന്റെയും, പെട്രോളിയം മന്ത്രി ധര്മേന്ദ്രപ്രധാന്റെയും, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെയും സന്ദര്‍ശനം എടുത്തുപറയേണ്ടതാണ്. ഇവരുടെ സന്ദര്‍ശനങ്ങളെ തുടര്‍ന്നുണ്ടായ വ്യാപാര ഉണര്‍വ് ഇന്ന് ഭാരതത്തില്‍ നമ്മുടെ കണ്മുന്നിലുണ്ട്.
ഭാരത-യുഎഇ ബന്ധം ഊഷ്മളമാക്കുന്നത് വ്യാപാര-വ്യവസായരംഗം തന്നെയാണ്. അതുകൊണ്ടുതന്നെയാണ് പുതിയ ഭാരതം യുഎഇയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളി ആവുന്നതും. കണക്കുകള്‍ പ്രകാരം ഭാരതം യുഎഇയുടെ മൂന്നാമത്തെ വലിയ വ്യാപാരപങ്കാളിയാണ്. 2020 ആകുമ്പോഴേക്കും വ്യാപാര ഇടപാടുകളിലെ മൂല്യം 100 ബില്യണ്‍ ഡോളര്‍ ആക്കുക എന്നതാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം. നിക്ഷേപസമാഹരണത്തിന് വേണ്ടിയുള്ള ശക്തമായ പ്രചാരണവും വ്യാപാര-വ്യവസായ രംഗത്തോടുള്ള പുതിയ നയസമീപനവും കൊണ്ട് ഭാരതത്തിന് ഇത് നേടിയെടുക്കാനാവും. ശ്രദ്ധേയമായ മറ്റൊരുകാര്യമെന്തെന്നാല് യുഎഇയുടെ സാമ്പത്തിക പ്രതിരോധരംഗത്തേക്ക് ആ രാജ്യം ഉറ്റുനോക്കുന്ന വിശ്വസ്തനായ പങ്കാളി ഭാരതമാണ് എന്നതാണ്.
അറബ് മേഖലയിലെ മറ്റു രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കുകവഴി ഭാരതവും യുഎഇയും വിഭാവനം ചെയ്യുന്ന പുത്തന്‍ വ്യാപാരമേഖല തുറക്കുന്നതിനെളുപ്പമാവും. അടുത്തകാലത്ത് വ്യാപാരമേഖലയില്‍ കൊണ്ടുവന്ന നൂതന നിയമ പരിഷ്കാരങ്ങള്വഴി യുഎഇ അതിന്റെ പ്രഖ്യാപിത ലക്ഷ്യത്തോടുള്ള പ്രതിബദ്ധത ലോകരാജ്യങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചു. 100 ശതമാനം ഉടമസ്ഥാവകാശം കച്ചവടസ്ഥാപനങ്ങള്‍ക്ക് അനുവദിക്കുകവഴി പുതിയ ആഗോള സാമ്പത്തിക ക്രമത്തിനനുസരിച്ച് നീങ്ങാന്‍ തങ്ങളും സജ്ജരാണെന്ന സന്ദേശം യുഎഇ ലോകത്തിന് നല്കുന്നു. അതിന്റെ ശരിയായ ഗുണഭോക്താവാകാന്‍ ഭാരതം സര്‍വഥാ യോഗ്യമാണുതാനും. കച്ചവടം സ്വന്തം നാണയത്തില്‍ നടത്താം എന്ന കരാര്‍ ഇതിന് കൂടുതല്‍ ബലം നല്‍കും.
കേരളത്തില്‍ അടുത്തിടെ ഉണ്ടാവുന്ന പ്രവാസി ആത്മഹത്യകള്‍ രാജ്യത്തിന്റെ വ്യാവസായിക മുന്നേറ്റത്തിനേറ്റ തിരിച്ചടിയാണ്. ഒരേസമയം വിദേശനിക്ഷേപത്തിന് വേണ്ടി ജിം പോലെയുള്ള വ്യാപാരനിക്ഷേപ കോണ്ഫറണ്സുകള് സംഘടിപ്പിക്കുകയും അതോടൊപ്പം നിക്ഷേപകരെ ചുവപ്പുനാടയില്‍ കുരുക്കി വട്ടംചുറ്റിക്കുകയും ചെയ്യുന്നത് രാജ്യതാല്പര്യത്തിന് എതിരാണെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ മനസിലാക്കണം. കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന നിക്ഷേപസൗഹൃദ സമീപനത്തിന് ഘടകവിരുദ്ധമായ ഇത്തരം നിലപാടുകള്‍ രാജ്യപുരോഗതിയെ പിറകോട്ടുവലിക്കും.
ചരിത്രപരമായ വ്യാപാരബന്ധം തുടരുന്നതിലൂടെ വളരെ ശക്തമായ അടിത്തറയാണ് ഇന്‍ഡോ-അറബ് മേഖലയില്‍ ഇരുരാജ്യങ്ങള്‍ക്കുമുള്ളത്. എന്നിരുന്നാലും കൂടുതല്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെയും കൃത്യമായ വ്യാപാര തന്ത്രങ്ങളിലൂടെയും മാത്രമേ പുതിയ ലോകക്രമത്തിനനുഗുണമായ സഹകരണം പടുത്തുയര്‍ത്താന്‍ കഴിയു. ഭീകരവാദം, ആഗോളതാപനം, സൈബര്‍സുരക്ഷ, സമുദ്രഗതാഗതം തുടങ്ങിയ വിഷയങ്ങളില്‍ കൂടുതല്‍ സഹകരണം ഉണ്ടാവണമെങ്കില്‍ കൂടുതല്‍ വേദികള്‍ ചര്‍ച്ചയ്ക്കായി തുറന്ന് കിട്ടണം. സുസ്ഥിര ഊര്‍ജസംരക്ഷണം, സാങ്കേതികവിദ്യയുടെ പുരോഗതി, സിവില്‍ വ്യോമയാനം, വൈജ്ഞാനിക-സാംസ്കാരിക മേഖലകളിലെ വിവരകൈമാറ്റം തുടങ്ങി അനേകം വിഷയങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കും കൈകാര്യം ചെയ്യാനുണ്ട്. ഇതിലേയ്ക്കുള്ള ചവിട്ടുപടിയായേക്കും ഭാരതവും യുഎഇയും തമ്മില്‍ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: