കോട്ടയം: ഭവനരഹിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദങ്ങള്‍ പൊള്ളയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പദ്ധതിയുടെ ഒന്നാംഘട്ടം ഇനിയും പൂര്‍ത്തിയായിട്ടില്ല. സര്‍ക്കാരിനെ വിശ്വസിച്ച് പദ്ധതിയുടെ കരാറില്‍ ഒപ്പിട്ട് വീട് പൊളിച്ച് മാറ്റിയ ആയിരക്കണക്കിന് കുടുംബങ്ങള്‍ ഇപ്പോള്‍ പെരുവഴിയിലാണ്.
ഒന്നാംഘട്ടം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ രണ്ടാംഘട്ടവും ആരംഭിച്ചു. രണ്ടാംഘട്ടത്തില്‍ അര്‍ഹരായവര്‍ 98,270 കുടുംബങ്ങളാണ്. ഇതില്‍ 21,108 വീടുകളുടെ നിര്‍മാണം മാത്രമേ ഇതുവരെ പൂര്‍ത്തിയാക്കാനായിട്ടുള്ളൂ. 77,162 വീടുകളുടെ നിര്‍മാണം എങ്ങുമെത്തിയിട്ടില്ല. പണം ചോദിക്കുമ്പോള്‍ ഫണ്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ മറുപടിയെന്ന് പദ്ധതിക്കായി വീട് പൊളിച്ച കുടുംബങ്ങള്‍ പറയുന്നു.
എന്നാല്‍, മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം ആരംഭിച്ച് 2020ല്‍ പൂര്‍ത്തിയാക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് അവകാശപ്പെടുന്നത്. ഒന്നാംഘട്ടം പോലും പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ 2020ല്‍ പദ്ധതി എങ്ങനെ പൂര്‍ത്തിയാക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ ചോദ്യം. ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ 2023ല്‍ പോലും രണ്ടാംഘട്ടം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നു. പ്രളയവും, സാമ്പത്തിക പ്രതിസന്ധിയും മൂലം 2019 മാര്‍ച്ചില്‍ പൂര്‍ത്തിയാകേണ്ട രണ്ടാംഘട്ടം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. 2019 ജൂലൈ മൂന്നിലെ കണക്ക് പ്രകാരം രണ്ടാംഘട്ടത്തില്‍ പാലക്കാട് ജില്ലയില്‍ പത്ത് ശതമാനം വീടുകളുടെ നിര്‍മാണം പോലും പൂര്‍ത്തിയായിട്ടില്ല. ജില്ലയില്‍ അര്‍ഹരായ ഗുണഭോക്താക്കളുടെ എണ്ണം 13,282 ആണ്. 1110 വീടുകളുടെ (9.47 ശതമാനം) നിര്‍മാണമേ പൂര്‍ത്തീകരിക്കാനായിട്ടുള്ളൂ. 11,900 ഗുണഭോക്താക്കളുള്ള ഇടുക്കിയില്‍ 1,002 വീടുകളാണ് (10.52 ശതമാനം) പൂര്‍ത്തിയായത്.
ഒരു വീടിനായി നാലു ലക്ഷം രൂപയാണ് അനുവദിക്കുന്നത്. ഇതില്‍ 2.20 ലക്ഷം ഹഡ്കോ (ഹൗസിങ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്പ്മെന്റ് കോര്പ്പറേഷന്) വായ്പയും, ശേഷിക്കുന്ന ഒരു ലക്ഷം സംസ്ഥാന സര്‍ക്കാര്‍ വിഹിതവും, 80,000 തദ്ദേശ സ്ഥാപനത്തിന്റെ വിഹിതവുമാണ്. നിലവില്‍ മിക്ക തദ്ദേശ സ്ഥാപനങ്ങളിലും സംസ്ഥാന വിഹിതം കൃത്യമായി ലഭിക്കുന്നില്ല. ഹഡ്കോയുടെ വായ്പയ്ക്കും കാലതാമസമെടുക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: