ആരെ വിശ്വസിക്കണം, ആരെ അവിശ്വസിക്കണം എന്ന് അറിയാത്ത അവസ്ഥയിലേക്കുള്ള കാര്യങ്ങളുടെ പോക്ക് രാഷ്ട്രത്തിന് തീരെ ആശാസ്യമല്ല. ഉപരാഷ്ട്രപതിയായിരുന്ന ഹമീദ് അന്‍സാരി, മുമ്പ് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിനെ (റോ) ഒറ്റിക്കൊടുത്തിരുന്നു എന്നതാണ് അടുത്തകാലത്ത് പൊന്തിവന്ന ആരോപണം. മുന്‍ റോ ഉദ്യോഗസ്ഥന് എന്‍.കെ. സൂദ് ആണ് ആരോപണം ഉന്നയിച്ചത്. അദ്ദേഹം അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ രണ്ടുതവണ ഉപരാഷ്ട്രപതി സ്ഥാനത്ത് പ്രതിഷ്ഠിച്ചയാളാണ് അന്‍സാരി. ആ കോണ്‍ഗ്രസ്സോ അന്‍സാരി തന്നെയോ ഇതേക്കുറിച്ച് ഒരക്ഷരം പ്രതികരിച്ചിട്ടില്ല. 2007 മുതല്‍ 2017 വരെയാണ് അന്‍സാരി ഉപരാഷ്ട്രപതിയായിരുന്നത്. അതിനുമുമ്പ് ഇറാനില്‍ ഇന്ത്യന്‍ സ്ഥാനപതിയായിരിക്കെയാണ് ആരോപണ വിധേയമായ സംഭവം നടന്നതത്രെ. കശ്മീരിലെ ഭീകര പ്രവര്‍ത്തനത്തിന് ഇറാനില്‍നിന്ന് സാമ്പത്തിക സഹായം ലഭിച്ചിരുന്നത് സംബന്ധിച്ച് റോ നിരീക്ഷിക്കുന്ന കാര്യം അന്‍സാരി ഇറാനു ചോര്‍ത്തിക്കൊടുത്തുവെന്നാണ് സൂദ് ആരോപിച്ചത്. ഇത് റോയുടെ പ്രവര്‍ത്തനത്തെ ബാധിച്ചെന്ന് മാത്രമല്ല ഇറാനിലെ റോ ഉദ്യോഗസ്ഥരുടെ ജീവനുതന്നെ ഭീഷണിയാവുകയും ചെയ്തെന്ന് അദ്ദേഹം പറയുന്നു. റോയെ തകര്‍ക്കാനുള്ള നീക്കമായിരുന്നത്രെ ഇത്.
രാജ്യത്തെ ഉന്നത പദവികള്‍പോലും സംശയത്തിന്റെ നിഴലിലാകുന്ന ഈ ആരോപണത്തെക്കുറിച്ച് വ്യക്തമായ അന്വേഷണം അടിയന്തരാവശ്യമാണ്. ഉന്നത പദവികളിലുള്ള ജനവിശ്വാസം നിലനിര്‍ത്താനും അതിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കാനും അതാണ് പോംവഴി. വ്യക്തികളുടെ പ്രവര്‍ത്തന വൈകല്യത്തിന്റെ കറ ആ പദവിക്ക് കളങ്കം ചാര്‍ത്താന്‍ പാടില്ല. ഉന്നത ശീര്‍ഷരായ പലരും വഹിച്ച പദവിയാണത്. കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തണം. പ്രത്യേകിച്ച്, അന്‍സാരിയും കോണ്‍ഗ്രസ്സും പ്രതികരിക്കാത്ത സാഹചര്യത്തില്‍.
അന്‍സാരി ഇറാനില്‍ സ്ഥാനപതിയായിരുന്ന 1990-92 കാലത്ത്് അവിടെ പ്രവര്‍ത്തിച്ച റോ സംഘത്തില്‍ സൂദും അംഗമായിരുന്നു. കശ്മീര്‍ വിഘടനവാദികള്‍ക്കുള്ള ഇറാന് സഹായം സംബന്ധിച്ച നിരീക്ഷണമായിരുന്നു ചുമതല. ഇക്കാര്യമാണ് ഉദ്യോഗസ്ഥരുടെ പേരുവിവരം സഹിതം അന്‍സാരി ചോര്‍ത്തിക്കൊടുത്തതായി ആരോപിക്കപ്പെടുന്നത്. ഇറാന് ചാരസംഘടനയായ സവാക് ഇതോടെ റോയുടേയും എംസിയിലേയും ഉദ്യോഗസ്ഥരെ പലതവണ തട്ടിയെടുത്ത് ചോദ്യം ചെയ്തതായി സൂദ് ട്വിറ്ററില്‍ കുറിച്ചു. അന്‍സാരിയുടെ ഇടപെടലിനെത്തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ റോയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയും ചെയ്തത്രെ. സംഭവങ്ങളെക്കുറിച്ച് അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിന് താന്‍ കത്തെഴുതിയതായും സൂദ് പറയുന്നു. അന്‍സാരി പിന്നീട് പലരാജ്യങ്ങളിലും സ്ഥാനപതിയും ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയുമൊക്കെയായി. പിന്നീടാണ് ഉപരാഷ്ട്രപതിയായത്.
അന്‍സാരി വിവാദത്തില്‍പ്പെടുന്നത് ഇതാദ്യമല്ല. ഉപരാഷ്ട്രപതി പദം ഒഴിഞ്ഞശേഷം അദ്ദേഹം ആദ്യം പങ്കെടുത്ത പരിപാടി, വിഘടനവാദ പ്രസ്ഥാനമായ പോപ്പുലര്‍ ഫ്രണ്ട് കോഴിക്കോട്ട് സംഘടിപ്പിച്ച പരിപാടിയായിരുന്നു. അന്ന് അത് ഏറെ വിമര്‍ശനവിധേയമായിരുന്നു. വിഘടനവാദത്തിനുള്ള തുറന്ന പിന്തുണയായാണ് അത് വ്യാഖ്യാനിക്കപ്പെട്ടത്. സുപ്രധാന സ്ഥാനത്തിരുന്ന് രാജ്യവിരുദ്ധ പ്രവര്‍ത്തികള്‍ നടത്തിയതായി ആരോപിക്കപ്പെട്ട ഒരുവ്യക്തി എങ്ങനെ പിന്നെയും ഉയര്‍ന്ന സ്ഥാനങ്ങളിലേക്ക് കയറിപ്പോയി എന്നതാണ് മനസ്സിലാക്കാന്‍ വിഷമമുള്ള വസ്തുത. രാഷ്ട്രീയത്തിനും അതീതമായി രാഷ്ട്രം കണക്കാക്കുന്ന രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനങ്ങളുടെ പവിത്രത ചോദ്യം ചെയ്യപ്പെടാന്‍ ഇടയാക്കരുത്. കറകളഞ്ഞ വ്യക്തിത്വങ്ങളെക്കൊണ്ടുവേണം അത്തരം പദവികള്‍ അലങ്കരിക്കാന്‍. സ്ഥാനമൊഴിഞ്ഞാലും അവരില്‍നിന്ന് ആ മാന്യതയാണ് രാഷ്ട്രം പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: