സുഷുമ്നാ വാഹിനി പ്രാണേ
ശൂന്യേ വിശതി മാനസേ
തദാ സര്വാണി കര്മാണി
നിര്മൂലയതി യോഗവിത്.
4 12
പ്രാണന് സുഷുമ്നയിലൊഴുകുമ്പോള്, മനസ്സ് ശൂന്യത്തില് പ്രവേശിക്കുമ്പോള് യോഗി എല്ലാ കര്മങ്ങളെയും ഉന്മൂലനം ചെയ്യും.
കുണ്ഡലിനി ശക്തി സുഷുമ്നയില് പ്രവേശിച്ച് മൂലാധാരം, സ്വാധിഷ്ഠാനം മുതലായ ചക്രങ്ങളെ ഭേദിച്ചു മുന്നേറുമ്പോള് ആ ചക്രങ്ങളില് ശേഖരിക്കപ്പെട്ടിട്ടുള്ള സംസ്കാരങ്ങള് പുറത്തു വന്ന് അഹങ്കാരത്തിലൂടെ പ്രകടിതമാവും. അത് ഉയര്ന്നുയര്ന്ന് സഹസ്രാരത്തിലെത്തുമ്പോഴേക്കും കര്മത്തിന്റെയും വാസനയുടെയും അഹങ്കാരത്തിന്റെയും കലകള് അപ്രത്യക്ഷമാവും.
നമ്മെ ജീവിക്കാന് പ്രേരിപ്പിക്കുന്നത് നാലു പുരുഷാര്ത്ഥങ്ങളാണ് ധര്മ്മം, അര്ഥം, കാമം, മോക്ഷം. സാമൂഹ്യവും പ്രാകൃതികവും സാന്മാര്ഗികവും ആയ കര്ത്തവ്യങ്ങളാണ് ധര്മം. ധനവും ഭോഗവസ്തുക്കളുമാണ് അര്ഥം. ഇന്ദ്രിയങ്ങളുടെ ആഗ്രഹങ്ങളാണ് കാമം. നിത്യ മോചനമാണ് മോക്ഷം. നമ്മുടെ എല്ലാ പ്രവര്ത്തനങ്ങളും ഇവയുടെ അടിസ്ഥാനത്തിലാണ്. കര്മങ്ങള് മനസ്സിലുണ്ടാക്കുന്ന അനുഭവങ്ങളുടെ അടയാളങ്ങളാണ്, ശേഷിപ്പുകളാണ് സംസ്കാരങ്ങള്. അവ മനസ്സിന്റെ അടിത്തട്ടില് ഉറങ്ങിക്കിടക്കും. അവ പ്രകടിപ്പിക്കാന് സാധിച്ചില്ലെങ്കില് പിന്നെയും ആഴത്തില് ഇറങ്ങും. ഇതു തന്നെ വാസന.
ദേശം, കാലം, വസ്തു എന്നീ വ്യത്യാസമില്ലാത്തതാണ് ശൂന്യം. അതു തന്നെ ബ്രഹ്മം. യോഗവിത് എന്നാല് യോഗത്തെ അറിയുന്നവന്, ചിത്തവൃത്തികളെ നിരോധിക്കാനറിയുന്നവന്.
കര്മങ്ങള് മൂന്നു തരം. സഞ്ചിതം, പ്രാരബ്ധം, ആഗാമി. സഞ്ചിതം എന്നു വെച്ചാല് ശേഖരിച്ചു വെച്ചത് എന്നാണര്ഥം. മുന് ജന്മങ്ങളില് നേടിയ സംസ്കാരങ്ങള് തന്നെയാണിവ. പുതിയ ജന്മങ്ങള്ക്കു കാരണം ഈ കര്മങ്ങളാണ്. അവയില് നിന്ന് ഒരു കര്മമാണ് നാം ഇപ്പോള് നയിക്കുന്ന ജീവിതം. അതിനെ പ്രാരബ്ധ കര്മമെന്നു പറയും.
പ്രാരബ്ധത്തിന് മലയാള ഭാഷയില് കഷ്ടപ്പാട്, ദുരിതം എന്നൊക്കെ അര്ഥം വന്നു ചേര്ന്നിട്ടുണ്ട്. വാസ്തവത്തില് പ്രകര്ഷേണ ( നല്ല പോലെ ) ആരംഭിച്ചത് എന്നാണ് പ്രാരബ്ധം എന്ന വാക്കിനര്ഥം. ‘ മക്കളും പ്രാരബ്ധ’ വുമായി എന്നത് ഒരു രൂഢിയായ അര്ഥമാണ്. അതിനു ശക്തി കൂട്ടാന് പ്രാരാബ്ധമെന്ന് നീട്ടിപ്പറയാറുണ്ട്. പ്രാരബ്ധ കര്മത്തിനിടയില് പുതിയ കര്മങ്ങള് കൂട്ടിച്ചേര്ക്കുന്നതാണ് ആഗാമി കര്മങ്ങള്.
കര്മഫലം അനുഭവിച്ചേ മതിയാവൂ എന്ന ഒരു വിധിവാദമുണ്ടെങ്കിലും നാളെയെ സൃഷ്ടിക്കുന്നത് ഇന്നത്തെ കര്മമായതിനാല് ഭാവിയെ നിയന്ത്രിക്കാന് നമുക്കു കഴിയുമെന്ന ശുഭാപ്തിയും ഇതിലുണ്ട്.
വരുന്നതിനെ അനുഭവിക്കുക എന്നുള്ളതും അതിനെ മാറ്റിത്തിര്ക്കാനുള്ള പരിശ്രമവും എന്നെന്നും നടന്നുകൊണ്ടിരിക്കുന്നു. ഒരു പരിധി വരെ മനുഷ്യന് നിസ്സഹായനാവും. എന്നാല് ആത്മീയമായ ശ്രദ്ധ ഉണരുമ്പോള്, ഏകാഗ്രതയും ധ്യാനവും പരിശീലിക്കുമ്പോള് മനസ്സ് ശക്തി നേടും; ഇച്ഛാശക്തി പ്രബലമാവും. അപ്പോള് കര്മവും ഇച്ഛയും ചേര്ന്നു പ്രവര്ത്തിക്കും.
ഇത്തരത്തില് ഭാവിയെ ശോഭനമാക്കാന് യോഗം സഹായിക്കും.
അമരായ നമസ്തുഭ്യം
സോപി കാലസ്ത്വയാ ജിത:
പതിതം വദനേ യസ്യ
ജഗദേതത് ചരാചരം. 4 13
ഈ ചരാചരങ്ങളായ ലോകത്തെ മുഴുവന് വിഴുങ്ങുന്ന കാലനെപ്പോലും ജയിച്ച അമരനായ യോഗിക്ക് നമസ്കാരം. സമാധിയുടെ അഭ്യാസത്താല് പ്രാരബ്ധ കര്മങ്ങളെപ്പോലും കടന്നു വെച്ച യോഗിയെ നമസ്കരിക്കുകയാണിവിടെ. ജഗദ്ഭക്ഷകനായ കാലനെപ്പോലും ജയിച്ചവനാണ് യോഗി.
ചിത്തേ സമത്വമാപന്നേ
വായൗ വ്രജതി മദ്ധ്യമേ
തദാമരോളീ വജ്രോളീ
സഹജോളീ പ്രജായതേ.
4 14
അന്തക്കരണം സമത്വം നേടിയാല്, പ്രാണന് മധ്യമത്തില് (സുഷുമ്നയില്) പ്രവേശിച്ചാല് അമരോളിയും വജ്രോളിയും സഹജോളിയും ലഭിക്കും. സമത്വമെന്നാല് ‘ധ്യേയാകാരവൃത്തി പ്രവാഹവത്വം’ എന്നാണ് സ്വാത്മാരാമന്റെ വ്യാഖ്യാനം. അത് സമാധി തന്നെയാണ്. ‘സമത്വം യോഗ ഉച്യതേ ‘ എന്ന് ഭഗവദ് ഗീത. സമത്വം യോഗമാണ്. ‘യോഗ: സമാധി:’ എന്ന് വ്യാസന്. സമത്വം, യോഗം, സമാധി മൂന്നും ഒന്നു തന്നെ. അമരോളി, വജ്രോളി, സഹജോളി മുതലായ ക്ലിഷ്ടമായ മുദ്രകള് സമത്വം നേടിയവര്ക്കേ കിട്ടൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: