തിരുവനന്തപുരം: കേരളത്തിലെത്തിയ ജര്‍മന്‍ വനിത ലിസ വെയ്സി(31)ന്റെ തിരോധാനത്തില്‍ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. ഇവര്‍ക്ക് വേണ്ടി ഇന്റര്‍പോള്‍ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചു. കേരള പോലീസിന്റെ ആവശ്യപ്രകാരമാണിത്. മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്തെത്തിയ ലിസ വെയ്സിനെക്കുറിച്ച് യാതൊരു വിവരവുമില്ല. ഈ സാഹചര്യത്തിലാണ് വിവിധ രാജ്യങ്ങളിലെ അന്വേഷണത്തിനായി യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചത്. ഇതോടെ ലിസയുടെ ഫോട്ടോയടക്കമുള്ള വിവരങ്ങള്‍ ഇന്റര്‍പോളുമായി ബന്ധമുള്ള മുഴുവന്‍ രാജ്യങ്ങളിലെയും പ്രധാന അന്വേഷണ ഏജന്‍സിക്ക് കൈമാറും.
ലിസ നേപ്പാളിലേക്ക് കടന്നതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം അവിടേക്കും വ്യാപിപ്പിച്ചു. ഇവര്‍ക്ക് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് പോലീസ് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തീവ്രവാദബന്ധം സംശയിക്കുന്നുണ്ടെങ്കിലും ഇതേക്കുറിച്ചുള്ള വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. ലിസയുടെ ബന്ധുക്കളുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതും അന്വേഷണത്തിന് തടസമാകുന്നു.
ഇക്കഴിഞ്ഞ മാര്‍ച്ച് 7ന് സുഹൃത്തായ മുഹമ്മദ് അലിക്കൊപ്പം കേരളത്തിലെത്തിയ ലിസ വെയ്സിയെ മാര്‍ച്ച് 10 മുതലാണ് കാണാതാകുന്നത്. പിറ്റേ ദിവസം മൊബൈല്‍ ഫോണ്‍, ജി മെയില്‍ അക്കൗണ്ട് എന്നിവ ഡീആക്ടിവേറ്റായി. ലിസയോടൊപ്പം കേരളത്തിലെത്തുകയും 15 ന് തിരികെ മടങ്ങുകയും ചെയ്ത സുഹൃത്ത് മുഹമ്മദ് അലിയെ കണ്ടെത്താന്‍ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്. ഇയാള്‍ക്കൊപ്പം മറ്റൊരാള്‍കൂടി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.എന്നാല്‍ ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
അതേസമയം, 2011 ല്‍ ഈജിപ്തില്‍വെച്ച് മതം മാറിയ ലിസയ്ക്ക് അവിടുത്തെ ചില മതതീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ലിസയുടെ അമ്മ ജര്‍മ്മനിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നല്കിയ പരാതിയിലും ഇത് സംബന്ധിച്ച് ചില സൂചനകള്‍ നല്കി. മാത്രമല്ല ലിസയുടെ സുഹൃത്ത് മുഹമ്മദ് അലിയുടെ പശ്ചാത്തലവും സംശയകരമാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
ലിസ വിമാനമാര്‍ഗം ഇന്ത്യ വിട്ടിട്ടില്ലെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. വിവിധ വിമാനത്താവളങ്ങളിലെ യാത്രാരേഖകള്‍ പരിശോധിച്ചാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാല്‍, മറ്റേതെങ്കിലും പേരിലോ വ്യാജപാസ്പോര്‍ട്ടിലോ യാത്ര ചെയ്യാനുള്ള സാധ്യതയും അന്വേഷണസംഘം തള്ളിക്കളയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: