തലമുറയുടെ വാഗ്ദാനങ്ങളായ നമ്മുടെ കുട്ടികള്‍ ലഹരിയില്‍ മയങ്ങുന്ന കാഴ്ചകളാണ് അനുദിനം കാണേണ്ടിവരുന്നത്. ബാല-കൗമാര-യൗവ്വനങ്ങള്‍ ലഹരിയിലമരുമ്പോള്‍ രാജ്യത്തിന്റെ ഭാവിയാണ് ഇരുളടഞ്ഞുപോകുന്നത്. മദ്യപാനശീലത്തേക്കാള്‍ പത്തിരട്ടി അപകടകാരികളായ മയക്കുമരുന്നുകളുടെ ഉപയോഗം കേരളത്തില്‍ വര്‍ദ്ധിച്ചുവരികയാണ്. 25-30 കൊല്ലംമുമ്പ് വല്ലപ്പോഴും ഒക്കെയാണ് ഒരുകിലോഗ്രാം കഞ്ചാവ് പോലീസ്/എക്സൈസ് സംഘങ്ങള്‍ക്ക് കിട്ടിയിരുന്നതെങ്കില്‍, ഇന്ന് തൊണ്ടിമുതലായി ഓരോകേസിലും അമ്പതും നൂറുമൊക്കെ കിലോഗ്രാമാണ് ലഭിക്കുന്നത്. 2019 മാര്‍ച്ചില്‍ മാത്രം 722 കേസുകള്‍ കഞ്ചാവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ചെയ്തു. ആകെ പിടിച്ചെടുത്ത കഞ്ചാവ് 237 കിലോഗ്രാമായിരുന്നു.
ലഹരിവസതുക്കള്‍ സബന്ധിച്ചുള്ള കുറ്റകൃത്യങ്ങളില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്താണ് കേരളം. എന്‍ഡിപിഎസ് ആക്ട്പ്രകാരം 2017ല്‍ 9,242 കേസുകള്‍ രജിസ്റ്റര്‍ചെയ്തു. പിന്നിട്ട വര്‍ഷത്തില്‍ ലഹരിമരുന്നുകളുടെ കടത്തുമായി ബന്ധപ്പെട്ട് അരലക്ഷം പേരെയാണ് കേരളത്തില്‍ അറസ്റ്റുചെയ്തത്. കേസുകളുടെയെണ്ണം 12,000 ആയിരുന്നു. 1000 കോടിരൂപയുടെ ലഹരിമരുന്നുകളാണ് പിടിച്ചെടുത്തത്. 500 കോടിരൂപയുടെ ഹഷീഷ്ഓയിലും ഒന്നരലക്ഷം കിലോഗ്രാം പുകയില ഉല്പന്നങ്ങളും പിടികൂടി. പഞ്ചാബിലെ അമൃത്സര്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവുംകൂടുതല്‍ ലഹരി ഉപയോഗിക്കുന്നത് കൊച്ചിയിലാണ്. കള്ളക്കടത്തിനായി ഡ്രഗ് മാഫിയകള്‍ ഉപയോഗിക്കുന്ന പ്രധാന സഞ്ചാരപഥം കൊച്ചി നഗരമായതിനാലാണ് ലഹരി പദാര്‍ത്ഥങ്ങള്‍ ഇവിടെ സുലഭമായതെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ആല്‍ക്കഹോള്‍ & ഡ്രഗ് ഇന്‍ഫൊര്‍മേഷന്‍ സെന്റര്‍ ഇന്ത്യ നടത്തിയ പഠന പ്രകാരം കേരള ജനസംഖ്യയില്‍ 31 ശതമാനം പുരുഷന്മാരും 3 ശതമാനം സ്ത്രീകളും മദ്യം ഉപയോഗിക്കുന്നവരാണ്. ഇവരില്‍ 6 ശതമാനം മദ്യത്തിന് അടിമകളുമാണ്. 25,000 പേര് മയക്കുമരുന്ന് ശീലമുള്ളവരാണ്. പ്രായപൂര്‍ത്തിയായവരില്‍ 37 ശതമാനം പേര് ഏതെങ്കിലും രൂപത്തില്‍ പുകയില ഉപയോഗിക്കുന്നവരാണ്. 21 വയസ്സില്‍ താഴെയുള്ള യുവജനങ്ങള്‍ക്കിടയില്‍ ലഹരി ഉപയോഗത്തില്‍ ഞെട്ടിപ്പിക്കുന്ന വളര്‍ച്ചയാണ് കാണിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് ലക്ഷക്കണക്കിന് തൊഴിലാളികള്‍ കേരളത്തിലെത്തിയതോടെയാണ് ലഹരി പദാര്‍ത്ഥങ്ങളുടെ കള്ളക്കടത്തും അനധികൃത വില്പനയും വര്‍ദ്ധിച്ചത്. ഇതരസംസ്ഥാനക്കാരില്‍ ബഹുഭൂരിപക്ഷവും ഏതെങ്കിലും തരത്തിലുള്ള ലഹരി പദാര്‍ത്ഥം ഉപയോഗിക്കുന്നവരാണ്.
ലോകവ്യാപകമായി പ്രതിവര്‍ഷം അമ്പതിനായിരം കോടിഡോളറിന്റെ മയക്കുമരുന്ന് വ്യാപാരമാണ് നടക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ആയുധവ്യാപാരം കഴിഞ്ഞാല്‍ രണ്ടാംസ്ഥാനം മയക്കുമരുന്ന് വ്യാപാരത്തിനാണ്. ഏകദേശം 40,000 കോടിഡോളറിന്റെ മദ്യക്കച്ചവടമാണ് ലോകത്തുനടക്കുന്നത്. ലോകത്ത് 120 കോടി ആളുകള്‍ പുകവലി ശീലമുള്ളവരാണ്. പുകയില ഉപയോഗംമൂലം 50 ലക്ഷം ആളുകള്‍ പ്രതിവര്‍ഷം അകാലമൃത്യുവരിക്കുന്നു. ലഹരിക്ക് ഉപയോഗിക്കുന്ന തുകയുണ്ടെങ്കില്‍ മാനവജനതയ്ക്ക് ഇന്നുള്ളതിനേക്കാള്‍ പത്തിരിട്ടി ആഹാരവും വസ്ത്രവും പാര്‍പ്പിടവും നല്കുവാന് സാധിക്കും.
ജിജ്ഞാസയും പരീക്ഷണവും, പരപ്രേരണ, തമാശയ്ക്കുവേണ്ടി, ഉന്മാദത്തിനായി, മാനസിക-സാമൂഹിക പ്രശ്നത്തില്‍ നിന്നുള്ളമോചനം, വീട്ടുപ്രശ്നങ്ങള്‍, പ്രേമ പരാജയങ്ങള്‍, പഠന ബുദ്ധിമുട്ട്, സമൂഹത്തില്‍ മാന്യത കിട്ടാന്‍, അനുകരണം, പണലഭ്യത, മിഥ്യാധാരണകള്‍, ലഹരിദോഷത്തെക്കുറിച്ചുള്ള അജ്ഞത, സുലഭമായ ലഭ്യത തുടങ്ങിയ കാരണങ്ങള്‍ ലഹരിയിലേക്ക് ഒരുവനെ നയിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ പഠനപ്രകാരം രോഗങ്ങള്‍ക്ക് മുഖ്യനിദാനമായിരിക്കുന്നത് മദ്യ ഉപയോഗമാണ്. അത് ആരോഗ്യം, സാമൂഹ്യം, സാമ്പത്തികം, കുടുംബം എന്നീമേഖലകളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. വികസ്വരരാജ്യങ്ങളില്‍ മരണത്തിന്റെയും അംഗവൈകല്യത്തിന്റെയും മുഖ്യകാരണം മദ്യമാണ്. വികസിതരാജ്യങ്ങളില്‍ മരണത്തിന്റെ പ്രധാനകാരണം പുകയിലയും രക്തസമ്മര്‍ദ്ദവുമാണ്. മൂന്നാമത്തെ ഘടകം മദ്യമാണ്.
സമൂഹത്തെ കാര്‍ന്നുതിന്നുന്ന ലഹരിക്കെതിരെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക പ്രസ്ഥാനങ്ങളും മതങ്ങളും പ്രത്യേക ജാഗ്രത പുലര്‍ത്തണം. എല്ലാതലങ്ങളിലും ലഹരിക്കെതിരെ ബോധവത്കരണ ശ്രമങ്ങള്‍ തുടരണം. ലഹരിക്ക് അടിമയായവരെ തിരികെ കൊണ്ടുവരാന്‍ കൗണ്‍സിലിങും ചികിത്സയും വ്യാപകമാക്കണം. ലഭ്യതകുറയ്ക്കണം. നിയമങ്ങള്‍ കര് ശനമാക്കണം. പാഠപുസ്തകങ്ങളില്‍ ലഹരിവിരുദ്ധ പാഠങ്ങള്‍ ഉള്‍പ്പെടുത്തണം. ലൈഫ്സ്കില്‍ പദ്ധതികള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് രൂപംനല്‍കണം. അങ്ങനെ കൂട്ടായ പരിശ്രമത്തിലൂടെ ലഹരിക്കെതിരെ മുന്നേറാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: