കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് രാജിവെച്ചുകൊണ്ട് രാഹുല്‍ ഗാന്ധി എഴുതിയ കത്ത് നാം കണ്ടു. നേരത്തെ പാര്‍ട്ടി പ്രവര്‍ത്തകസമിതി യോഗത്തില്‍ ദുഃഖിതനും വികാരാധീനനുമായി ഇരുന്നുകൊണ്ട്, ഞാന്‍ ഇനിയില്ല, എനിക്ക് വയ്യ, ഞാന്‍ പറഞ്ഞാല്‍ ആരും കേള്‍ക്കുന്നില്ല, എന്നെ ആര്‍ക്കും പേടിയില്ല, പലര്‍ക്കും സ്വന്തം താല്പര്യമേയുള്ളു, അവരില്‍ പലരും സ്വന്തംമക്കള്‍ക്ക് സീറ്റിനുവേണ്ടി വിലപേശുന്നു, പിന്നെ ആ മക്കള്‍ക്ക് വേണ്ടിമാത്രം പ്രചരണം നടത്തുന്നു…’ എന്നൊക്കെ രാഹുല്‍ ഗാന്ധി പറഞ്ഞതും നാമൊക്കെ അറിഞ്ഞതാണ്. എല്ലാംകഴിഞ്ഞ് എവിടെനിന്നോ ഉണ്ടായ വെളിപാടാവണം ഇത്തരമൊരു കത്ത് പ്രസിദ്ധീകരിക്കാന്‍ കാരണം.
അതിലും സ്വന്തംപാര്‍ട്ടിയിലെ പുഴുക്കുത്തുകളെക്കുറിച്ച് പറയുന്നുണ്ട്. ആര്‍എസ്എസിനെ നേരിടാനാണ് താന്‍ ജീവിതം ഉഴിഞ്ഞുവെക്കുന്നതെന്നും മറ്റുമാണ് പിന്നീടുപറഞ്ഞത്. അഞ്ചു കൊല്ലക്കാലത്ത് രാജ്യം മുഴുവന്നടന്ന് കള്ളത്തരങ്ങള്‍ എഴുന്നെള്ളിച്ച ഒരാള്‍ ആശയപരമായ പോരാട്ടത്തിനാണ് താനൊരുങ്ങുന്നതെന്ന് ഇപ്പോള്‍ പറയുമ്പോള്‍ ശ്രദ്ധിക്കാതെ പറ്റില്ലല്ലോ. ആര്‍എസ്എസിനെ രാഹുല്‍ ഗാന്ധി എങ്ങനെയാണ് നേരിടുന്നതെന്ന് പരിശോധിക്കേണ്ടതുമുണ്ടല്ലോ. രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ കള്ളപ്രചാരണം നടത്തിയാല്‍ എന്താവും ഫലംമെന്ന് കാണിച്ചുതരുന്നതാണ് രാഹുല്‍ ഗാന്ധിയുടെ അനുഭവങ്ങള്‍.
രാഹുലിന്റെ ആര്‍എസ്എസ് വിരുദ്ധ പ്രസ്താവനയോട് പ്രതികരിച്ച പല പ്രമുഖരെയും കണ്ടു. കോണ്‍ഗ്രസിന്റെ ദല്ലാളന്മാര്ക്ക്, അല്ലെങ്കില്‍ അവരുടെ നിലവിളക്കിന്റെ മുന്നില്‍ അത്താഴം കഴിക്കുന്നവര്‍ക്ക് അങ്ങനെപറഞ്ഞല്ലേ തീരൂ. രാഹുല്‍ ഗാന്ധിയിലുള്ള വിശ്വാസം വര്‍ധിച്ചു, ഇപ്പോഴാണ് രാഹുല്‍ രാഹുലായത് എന്നൊക്കെ പറഞ്ഞവരില്‍ കുറേയേറെപ്പേര്‍ പഴയ ‘ടുക്കടാ ടുക്കടാ ഗാങ്ങി’ലും ‘ഖാന് മാര്‍ക്കറ്റ് സംഘ’ത്തിലും പെട്ടവരാണ്.
അത്തരക്കാര്‍ക്ക് അത്താണിയായി നിലകൊണ്ടിരുന്നത് രാഹുല്‍ ഗാന്ധിയാണല്ലോ. അവരൊക്കെയാണ് രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷപദവി ഒഴിയുമ്പോള്‍ ആശങ്കയിലായിരുന്നത്…’ എല്ലാമാസവും കിട്ടുന്നത് മുടങ്ങുമോ’ എന്ന് ആരാഞ്ഞ മാധ്യമ പ്രവര്ത്തകരുണ്ടത്രേ. പണ്ട് ദല്ലാളന്മാരായുംമറ്റും കഴിഞ്ഞിരുന്നവര്‍ക്ക് നരേന്ദ്ര മോദി വന്നശേഷം വഴികള്‍പലതും മുട്ടിയിരുന്നു. അപ്പോള്‍ ആശ്വാസമായിരുന്നത് ജനപഥില്‍നിന്ന് ഇടക്കിടെയുള്ള ഈ ‘വിഷുക്കൈനീട്ടം’ ആവണം. അതു നിന്നുപോവില്ലെന്ന് ഉറപ്പുവരുത്തിയവര്‍ പിന്നെ വീറോടെ രാഹുലിനെ പ്രകീര്‍ത്തിക്കാന്‍ തുടങ്ങി.
ആര്‍എസ്എസ് എന്താണെന്ന് അറിയാത്തവരാണ് എന്റെ വായനക്കാരെന്ന് കരുതുന്നില്ല. ആസേതുഹിമാചലവും പിന്നെ അനവധി വിദേശരാജ്യങ്ങളിലും ശക്തമായവേരുകളുള്ള, സമാജത്തിന്റെ എല്ലാമേഖലകളിലും മുദ്രപതിപ്പിച്ച ആ ദേശീയ മഹാ പ്രസ്ഥാനത്തെക്കുറിച്ച് പക്ഷെ രാഹുലിന് ഒന്നുമറിയില്ല. പഠിക്കാനുള്ള ഒരു ഉദ്യമവും നടത്തിയിട്ടുമില്ല. എന്നിട്ട്, രാജ്യമെമ്പാടും കള്ളത്തരം അല്ലെങ്കില്‍ വിവരക്കേട് പറഞ്ഞുനടക്കുന്നു. 44 വര്‍ഷംമുമ്പ് അടിയന്തരാവസ്ഥക്കാലത്ത് സര്‍വവിധത്തിലും ആര്‍എസ്എസിനേയും അതിനൊപ്പമുള്ളവരെയും നശിപ്പിക്കാന്‍ രാഹുലിന്റെ മുത്തശ്ശി ശ്രമിച്ചിട്ട് നടന്നിട്ടില്ല. ഇന്നിപ്പോള്‍ അതിന്റെ എത്രയോ ഇരട്ടി ആ പ്രസ്ഥാനം ശക്തിയാര്‍ജ്ജിച്ചിരിക്കുന്നു. ഒരാള്‍ ഒരിക്കല്‍ അബദ്ധം പറഞ്ഞാല്‍ മനസ്സിലാവും, അറിവില്ലായ്മകൊണ്ടാണ് എന്ന്. എന്നാല്‍ അത് ആവര്‍ത്തിക്കപ്പെട്ടാലോ? അത്തരം കള്ളത്തരം വിളമ്പുന്നത് അഭിമാനകരമായി നടിച്ചാലോ? അങ്ങനെചെയ്യുന്നവര്ക്ക് മറുമരുന്ന് കിട്ടിയേ തീരൂ.
അതുകൊണ്ടാണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് കോടതികയറി നടക്കേണ്ടി വരുന്നത്. ഏതാനും വര്‍ഷംമുമ്പ്, ഗാന്ധി വധത്തിന് കാരണക്കാര്‍ ആര്‍എസ്എസാണ് എന്ന് അദ്ദേഹം പറഞ്ഞു. അതിന് ചില ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാനനഷ്ടക്കേസ് സമര്‍പ്പിക്കുമെന്ന് സൂചനനല്‍കിക്കൊണ്ട് വക്കീല്‍ നോട്ടീസ് അയച്ചു. എന്നാല്‍ തിരുത്താന്‍ തയ്യാറായില്ല. അത് മാനനഷ്ടക്കേസായി മാറി, ആ കേസ് മഹാരാഷ്ട്രയിലുണ്ട്. ഇക്കാര്യത്തില്‍ രാഹുലിന് മാപ്പുപറയാനും തെറ്റുതിരുത്താനും അവസരമുണ്ടായിരുന്നു. പക്ഷെ അതും പ്രയോജനപ്പെടുത്തിയില്ല. ആര്‍എസ്എസിനോട് മാപ്പുപറഞ്ഞാല്പിന്നെ സെക്കുലര്‍ നേതാവാവുന്നതെങ്ങനെ എന്നാവാം ആശങ്ക. ഇനി വിചാരണ നേരിടുകയല്ലാതെ മാര്‍ഗ്ഗമുണ്ടെന്ന് തോന്നുന്നില്ല. ഇവിടെ ആര്‍എസ്എസിനെ ഒരുതരത്തിലും കുറ്റപ്പെടുത്താന്‍ കഴിയില്ലെന്ന് ചരിത്രം ബോധ്യമുള്ളവര്‍ക്ക് അറിയാം.
സാമാന്യ ബോധമുള്ളവര്‍ തെറ്റുപറ്റിയാല്‍, അതിന്റെപേരില്‍ കേസ് ഉയര്‍ന്നുവന്നാല്‍, അത് വീണ്ടും സംഭവിക്കാതെ നോക്കും. എന്നാല്‍ വീണ്ടും രാഹുല്‍ പുലിവാല് പിടിച്ചു. അത് വീര്‍ സവര്‍ക്കറെ ആക്ഷേപിച്ചുകൊണ്ടാണ്. രാഹുലിന്റെ ആ പ്രസ്താവന ശ്രദ്ധിക്കേണ്ടതുതന്നെയാണ്. ‘ഗാന്ധിജി 15 വര്‍ഷം ജയിലില്‍ കഴിഞ്ഞു. രാഷ്ട്രത്തിനുവേണ്ടിയാണ് മരിച്ചത്. എന്നാല്‍, ഞങ്ങളുടെ നേതാവ് ജയിലില്‍ നിലത്തുകിടന്നപ്പോള്‍ സവര്‍ക്കര്‍ ദയ യാചിച്ചുകൊണ്ട്, (ജയില്‍) മോചനത്തിനായി ബ്രിട്ടീഷുകാര്‍ക്ക് കത്തെഴുതുകയാണ് ചെയ്തത്…’ ഏറെ വിവാദമായ പ്രസ്താവനയാണിത്. ധീര ദേശാഭിമാനിയായ വീര്‍ സവര്‍ക്കറെ എത്ര വികലമായിട്ടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മനസ്സിലാക്കിയത്! സവര്‍ക്കറുടെ കുടുംബാംഗങ്ങളില്‍ ചിലര്‍ രാഹുലിനെ കോടതികയറ്റി.
മാനനഷ്ടക്കേസ് തന്നെ. ഇന്ത്യന്‍ ചരിത്രത്തില്‍ സവര്‍ക്കര്‍ക്കുള്ള സ്ഥാനമെന്താണെന്ന് അറിയാതെപോയതിനുള്ള ശിക്ഷകൂടിയാണ് ഈ കോടതിത്തിണ്ണ നിരങ്ങല്‍. വേറൊന്നുകൂടി ആ പ്രസ്താവനയിലുണ്ട്… ‘ഞങ്ങളുടെ നേതാവ് ഗാന്ധിജി’! ഗാന്ധിജി രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടിയുടെമാത്രം നേതാവായതെങ്ങനെ? നമുക്കൊക്കെ അദ്ദേഹം രാഷ്ട്രപിതാവാണ്. ഗാന്ധിജിയുടെ 150-ാം ജന്മ വാര്‍ഷികമാണ് നാം ആഘോഷിക്കാന്‍ പോകുന്നത്. അക്കാര്യം ആലോചിക്കാന്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത സമ്മേളനം ബഹിഷ്കരിച്ചവരാണിവര്. രാഹുലിന്റെ ഗാന്ധി എന്നാല്‍ തന്റെ കുടുംബമാവണം. ഫിറോസ് ഗാന്ധിയുടെ പേരിന്റെ തണലിലുണ്ടാക്കിയ അപരനാമം.
സവര്‍ക്കര്‍ വിവാദം കഴിഞ്ഞാണ് രാഹുല്‍ വീണ്ടും ആര്‍എസ്എസിനെതിരെ ആരോപണം ഉന്നയിച്ചത്. അത് കര്‍ണാടകത്തിലെ ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ടാണ്. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു. ഇപ്പോഴും അവിടെ കോണ്‍ഗ്രസിന് ആധിപത്യമുള്ള സര്‍ക്കാരുണ്ട്. എന്താണ് ഗൗരി ലങ്കേഷ് വധത്തില്‍ സംഭവിച്ചതെന്ന് അദ്ദേഹത്തിന് ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കാമായിരുന്നു. അതിനുപകരം, ആര്‍എസ്എസിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമംനടന്നു.
അതൊരു കള്ളപ്രചാരണമായിരുന്നു എന്നറിയാവുന്ന സംഘ പ്രവര്‍ത്തകര്‍ ആരെങ്കിലുമാവണം രാഹുലിനെതിരെ കോടതിയിലെത്തിയത്. ലങ്കേഷ് വധക്കേസിലെ 16 പേര് പിടിയിലായെന്നാണ് അറിവ്. രണ്ടുപേര്‍ ഒളിവിലാണത്രെ. അവരെയാരെയും ആര്‍എസ്എസുകാരായി പറഞ്ഞുകേട്ടിട്ടില്ല. ഇടതുപക്ഷത്തെ ചിലര്‍ ആ ആക്ഷേപങ്ങള്‍ ഉന്നയിക്കാറുണ്ട്, പിന്നെ രാഹുലും. രാഹുല്‍ മാത്രമല്ല ഈ മാനനഷ്ടക്കേസില്‍ കുടുങ്ങിയത്, സീതാറാം യെച്ചൂരിയുമുണ്ട്. താന്‍ എന്തിനും ഏതിനും ഉപദേശം തേടുന്നത് യെച്ചൂരി അങ്കിളിനോടാണെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പറയാറുണ്ടല്ലോ. ഇത്തവണ മുംബൈ കോടതിയിലെ കൂട്ടില്‍ കയറിനിന്നത് അവര്‍ ഒന്നിച്ചാണ്. ഇവിടെയും മാപ്പുപറഞ്ഞ് തലയൂരേണ്ടിവരും.
ഇതൊക്കെ കഴിഞ്ഞാണ് രാഹുല്‍ ഉള്‍പ്പെട്ട വേറെചില മാനനഷ്ട കേസുകളുടെ കഥ ഒരു മാധ്യമസുഹൃത്ത് പങ്കുവെച്ചത്. മൂന്ന് കേസുകളാണ് അദ്ദേഹം സൂചിപ്പിച്ചത്. അത് മൂന്നും ഈ മാസം കോടതി പരിഗണിക്കുന്നവയത്രെ. രണ്ടെണ്ണം ഗുജറാത്തിലാണ്, ഒന്ന് ബീഹാറിലും. രണ്ടെണ്ണം നരേന്ദ്രമോദിയെ ‘ചോര്‍’ എന്ന് വിളിച്ചാക്ഷേപിച്ചതിന്. യഥാര്‍ഥത്തില്‍ ആ കുപ്രചരണത്തിന്റെ പേരില്‍ കേസ് കൊടുക്കാന്‍ ബിജെപി ആസൂത്രിതമായി തയ്യാറായിരുന്നുവെങ്കില്‍ രാഹുലിന് കോടതിയില്‍ നിന്നിറങ്ങാന്‍ കഴിയുമായിരുന്നില്ല. ഇപ്പോള്‍ രണ്ടുകേസുകളുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇനി എത്രയുണ്ടോ ആവൊ? മൂന്നാമത്തെ കേസ് അഹമ്മദാബാദ് സഹകരണബാങ്ക് സമര്‍പ്പിച്ചതാണ്. അത് അമിത് ഷായ്ക്കും മകനുമെതിരെ ആരോപണം ഉന്നയിച്ചതിനാണെന്ന് തോന്നുന്നു. പ്രതിസ്ഥാനത്ത് അഹമ്മദാബാദ് ജില്ലാ സഹകരണബാങ്ക് ആയിരുന്നുവല്ലോ.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്ത് രാഹുല്‍ സൃഷ്ടിച്ച ഒരു പ്രതീതി ഉണ്ടല്ലോ. പ്രധാനമന്ത്രിയെ ‘ചോര്‍’ എന്ന് വിളിക്കുക, ഒരു തെളിവുമില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുക, അത് ചിലസ്വന്തം മാധ്യമ സുഹൃത്തുക്കള്‍ മുഖേന പ്രചരിപ്പിക്കുക. ഇവിടെ തരംതാണ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയവരുണ്ടായിട്ടുണ്ട്. എന്നാല്‍ അവര്‍പോലും ഈ നിലയിലേക്ക് ഒരിക്കലും അധഃപതിച്ചിരുന്നില്ല. ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത സമ്പ്രദായമായിരുന്നു രാഹുല്‍ ഏറ്റെടുത്തത്. അത്തരക്കാര്‍ക്ക് സ്വാഭാവികമായും കുറച്ചുനാള്‍ പിടിച്ചുനില്ക്കാന് കഴിയും. എന്നാല്‍ അധികനാള്‍ പറ്റില്ല. അതാണ് കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് ഫലം കാണിച്ചുതന്നത്. അതാണ് ഇപ്പോഴത്തെ ഈ കേസുകള്‍ ഓര്‍മ്മിപ്പിക്കുന്നത്. ഈ മാനനഷ്ടക്കേസുകള്‍ക്ക് പിന്നിലുള്ളത് ആര്‍എസ്എസ് പോലുള്ള മഹാപ്രസ്ഥാനങ്ങളാണ്. അതിന്റെ കരുത്തുറ്റ കാര്യകര്‍ത്താക്കളാണ്. കള്ളത്തരവും പച്ചനുണയും പറഞ്ഞതിന് കോടതിനടപടി നേരിടുമ്പോള്‍ അതിനെ ആര്‍എസ്എസിനെതിരായ ആശയസമരമാണെന്ന് വിശദീകരിക്കുന്നവരോട് സഹതപിക്കാനേ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: