കൊച്ചി: രാസവളവും കീടനാശിനിയും ഉപയോഗിക്കും മുമ്പ് നിലനിന്ന പ്രചാനീകാല കാര്‍ഷിക പദ്ധതിയാണ് സീറോ ബജറ്റ് ഫാമിങ് അഥവാ ചെലവില്ലാക്കൃഷി. ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചതോടെ പദ്ധതിക്ക് വന്‍ പ്രചാരമാകും. പണ്ടുമുതല്‍ നിലനിന്നിരുന്ന ഈ കാര്‍ഷികപദ്ധതിയുടെ ഇക്കാലത്തെ പ്രചാരകന്‍ സന്തോഷ് പലേക്കര്‍ എന്ന അഗ്രിക്കള്‍ചറല്‍ സയന്റിസ്റ്റാണെന്നതാണ് ശ്രദ്ധേയം.
കാര്‍ഷിക വിപ്ലവത്തിലൂടെ, ഉല്‍പ്പാദനം പലമടങ്ങ് വര്‍ധിപ്പിക്കുന്നതിനാണ് രാസവളവും കീടനാശിനിലും ഉപയോഗിച്ചു തുടങ്ങിയത്. ഇപ്പോള്‍ ഇവ രണ്ടും കര്‍ഷകന്റേയും ജീവികുലത്തിന്റേയും നാശകാരണമാണെന്ന് ശാസ്ത്രംതന്നെ തിരിച്ചറിഞ്ഞു തുടങ്ങിയതോടെയാണ് സുഭാഷ് പലേക്കറെ പോലുള്ളവര്‍ സീറോ ഫാമിങ് എന്ന പേരില്‍ പ്രാചീന സമ്പ്രദായം പുനരവതരിപ്പിച്ചത്. മഹാരാഷ്‌ട്ര, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍ വ്യാപകമായി വിജയിച്ചതോടെ പദ്ധതി കൂടുതല്‍ കര്‍ഷകര്‍ സ്വീകരിച്ചു തുടങ്ങി.
നാടന്‍ പശുവിനെ വളര്‍ത്തുക, അതിനെ ആശ്രയിച്ച് കാര്‍ഷികവൃത്തി നടത്തുക എന്നതാണ് ലളിതമായി പറഞ്ഞാല്‍ സീറോ ഫാമിങ്. നാടന്‍ പശുവിന്റെ ചാണകമാണ് വളം. ഇത് മണ്ണിലെ കോടിക്കണക്കിന് സൂക്ഷ്മ ജീവികളെ സക്രിയമാക്കും. മണ്ണിര മുതല്‍ നഗ്‌ന നേത്രങ്ങള്‍ക്കു കാണാന്‍ കഴിയാത്തവരെ ചേര്‍ന്ന് മണ്ണിനെ സമ്പുഷ്ടമാക്കും. രാസവളത്തിലൂടെ മണ്ണില്‍ അടിച്ചേല്‍പ്പിക്കുന്ന മൂലകങ്ങള്‍ക്കു പകരം ഇവ കൃഷി പോഷിപ്പിക്കും. ചെടികള്‍ക്ക് പ്രതിരോധ ശക്തികൂട്ടും, കീടനാശിനികള്‍ ആവശ്യമില്ല. ചാണകവും മൂത്രവും ചുണ്ണാമ്പും ചേര്‍ത്തും വേപ്പിന്‍ പിണ്ണാക്കും മറ്റും ചേര്‍ത്തും ഉണ്ടാക്കുന്ന മിശ്രിതമാണ് വളവും കീടപ്രതിരോധവും. ഒരു നാടന്‍ പശുവുണ്ടെങ്കില്‍ ഒരു വര്‍ഷം 30 ഏക്കര്‍ സ്ഥലത്ത് ചെലവില്ലാക്കൃഷി നടത്താം. പശുവിന് തീറ്റ കൃഷിയിടത്തില്‍, പശുവില്‍നിന്ന് വളം, കൃഷിഭൂമിയില്‍നിന്ന് കൃത്രിമമല്ലാത്ത വിള.
സന്തോഷ് പലേക്കര്‍ എന്ന മഹാരാഷ്‌ട്രക്കാരന്‍ കൃഷിശാസ്ത്രജ്ഞന്‍ പതിറ്റാണ്ടുകളായി നടത്തുന്ന പ്രചാരണത്തിന്റെ ഫലമായി ധാരാളം കര്‍ഷകര്‍ ഈ സമ്പ്രാദായത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്. കാര്‍ഷിക ഗവേഷകന്‍ ആലപ്പുഴ സ്വദേശി ഡോ.കെ.ജി. പത്മകുമാര്‍, കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം സ്വാഗതം ചെയ്തു. ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ രക്ഷയ്‌ക്കുള്ള സന്ദേശമാണ് ഒടുവില്‍ കേള്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പലേക്കര്‍ ആധുനിക കാലത്ത് നടത്തിയ പ്രവര്‍ത്തനമാണ് ഇന്ത്യയുടെ പ്രാചീനകാല കാര്‍ഷിക പദ്ധതിയുടെ തിരിച്ചുവരവിന് കാരണമാകുന്നത്. പലേക്കറുടെ പദ്ധതിയും ചേര്‍ത്ത സമാന്തര കാര്‍ഷിക പദ്ധതി റിപ്പോര്‍ട്ടുകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും താന്‍ മുമ്പ് സമര്‍പ്പിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.
നാടന്‍ പശുക്കളുടെ സംരക്ഷണവും നാടന്‍ കാര്‍ഷിക സമ്പ്രദായത്തിന്റെ പുനരുജ്ജീവനവുമാണ് ഇതിലൂടെ നടക്കുക. പദ്ധതി വിജയിക്കുമെന്ന് ആറു വര്‍ഷം സമാനമായ കൃഷിയും ചെലവില്ലാക്കൃഷിയും കുട്ടനാട്ടില്‍ നടത്തിയ ഗോപാലകൃഷ്ണന്‍ നായര്‍ പറയുന്നു. പലേക്കറില്‍നിന്നാണ് പ്രചോദനം. കുട്ടനാട്, കോട്ടയം, പാലക്കാട്, വയനാട് എന്നിവിടങ്ങളില്‍ ചെലവില്ലാക്കൃഷി പലരും നടത്തുന്നു. അടുത്തുതന്നെ സംസ്ഥാനത്തെ ആയിരം കര്‍ഷകരെ പങ്കെടുപ്പിച്ച് കോട്ടയം കേന്ദ്രമാക്കി പലേക്കറുടെ ചെലവില്ലാക്കൃഷി പരിശീലന-പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നെല്‍ക്കൃഷി മാത്രമല്ല, കരിമ്പ്, തെങ്ങ് കൃഷി ഈ സമ്പ്രദായത്തില്‍ നടത്തുന്നവരുണ്ട്. കഞ്ചിക്കോട്ട് മനോജ്, കാവാലത്ത് സജിമോന്‍, നീലഗിരിയില്‍ പി. കുമാരന്‍ തുടങ്ങിയവര്‍ ഈ രംഗത്തുണ്ട്. സംസ്ഥാനത്ത് ക്രമത്തില്‍ വിജയകരമായിക്കൊണ്ടിരിക്കുന്ന പദ്ധതിക്ക് ബജറ്റ് പ്രഖ്യാപനത്തോടെ വന്‍ കുതിപ്പുണ്ടാകും.
പലേക്കറുടെ പരിശ്രമങ്ങള്‍
കൃഷിമണ്ണിന്റെ മേല്‍ത്തട്ടു പരിചരണത്തില്‍ ആധുനിക കാര്‍ഷിക ശാസ്ത്രം ശ്രദ്ധിക്കുമ്പോള്‍ അത് തിരുത്തി ആഴത്തില്‍ മണ്ണിലേക്കിറങ്ങുകയെന്നതാണ് സുഭാഷ് പലേക്കറുടെ ചെലവില്ലാക്കൃഷി സന്ദേശം. രാസവളവും കീടനാശിനിയും മണ്ണിന് അപകടമാണെന്ന് ശാസ്ത്രം തന്നെ സമ്മതിച്ചുകഴിഞ്ഞിരിക്കെയാണ് പലേക്കര്‍ കൂടുതല്‍ ശ്രദ്ധേയനായത്. അതിനു മുമ്പ് ഉട്ടോപ്യന്‍ സങ്കല്‍പ്പമായി പലരും പഴിച്ചു.
പലേക്കറിന്റെ പരിശ്രമങ്ങള്‍ തിരിച്ചറിഞ്ഞ നരേന്ദ്ര മോദി സര്‍ക്കാര്‍ 2016 -ല്‍ അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. 1949ല്‍ മധ്യപ്രദേശിലെ വിദര്‍ഭ പ്രദേശത്തെ ബെലൊര എന്ന ഗ്രാമത്തില്‍ ജനിച്ചു. അച്ഛന്‍ കര്‍ഷകനായിരുന്നു. നാഗ്പൂരില്‍ നിന്ന് കൃഷിശാസ്ത്ര ബിരുദം. പഠനകാലത്ത് സത്പുട പ്രദേശത്തെ വനവാസികളോടൊപ്പം ഇടപഴകി. ഇരുപത്തി മൂന്നാം വയസില്‍ നാട്ടില്‍ തിരിച്ചെത്തി അച്ഛനെ കൃഷിയില്‍ സഹായിച്ചു. പഠിച്ച ആധുനിക സമ്പ്രദായം കൃഷിയില്‍ പരീക്ഷിച്ചു. 1990 വരെ അദ്ദേഹം പത്രമാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച് എഴുതിയിരുന്നു.
പ്രാചീന ഭാരതീയ പാരമ്പര്യ വിജ്ഞാനത്തില്‍ ആകൃഷ്ടനായി അദ്ദേഹം വേദം, ഉപനിഷത്, തുടങ്ങി ഭാരതീയ ദര്‍ശനങ്ങള്‍ പഠിച്ചു. അതിനിടെ ഗാന്ധി ദര്‍ശനങ്ങളിലും ശിവജിയിലും ജ്യോതിബാബ ഫൂലെയിലും മറ്റും ആകൃഷ്ടനായി നാടിനിണങ്ങുന്ന കൃഷിമാര്‍ഗം മുമ്പുണ്ടായിരുന്നത് തിരിച്ചറിഞ്ഞു. മണ്ണിനെ തിരിച്ചറിഞ്ഞ് പ്രകൃതിയിലേക്ക് മടങ്ങിയതാണ് സുഭാഷ് പലേക്കറെ സീറോ ബജറ്റെന്ന ചെലവില്ലാക്കൃഷിയിലെത്തിച്ചത്. തുടര്‍ന്നുള്ള അഞ്ചുവര്‍ഷത്തിനിടെ 154 ഗവേഷണപ്രബന്ധങ്ങള്‍ അദ്ദേഹം രചിച്ചു. ആശയം ഇംഗ്ലീഷിലും, മറാഠി, കന്നഡ, തമിഴ് ഭാഷകളിലും പുസ്തകങ്ങളായി പ്രചാരത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: