രചനാനുപപത്ത്യധികരണം തുടരുന്നു
പല തരത്തിലും രചനാ സംഭവമില്ലാത്തതിനാലും വേദപ്രാമാണ്യതയില്ലാത്ത കേവലം അനുമാനം മാത്രമായ പ്രധാനം ജഗത്കാരണമാവില്ല എന്ന് കഴിഞ്ഞ സൂത്രത്തില്‍ പറഞ്ഞു.
ജഡമായ പ്രധാനത്തിന് അഥവാ പ്രകൃതിയ്ക്ക് ജഗത്തിന്റെ കാരണമാകാന്‍ കഴിയില്ല. ആലോചന ചെയ്യാതെ ഒരു വസ്തുവിനെ നിര്‍മിക്കാനാവില്ല. ഒരു ചിത്രം നന്നായി വരയ്ക്കണമെങ്കില്‍ തന്നെ എത്ര ബുദ്ധിപൂര്‍വം ആലോചിക്കണം.
ചരാചരങ്ങളും വൈവിധ്യങ്ങളും നിറഞ്ഞ അത്യത്ഭുതകരമായ ഈ ജഗത്തിനെ വലിയ അറിവ് നേടിയ ആള്‍ക്കുപോലും വേണ്ട രീതിയില്‍ സങ്കല്പിക്കാനാവില്ല. അങ്ങനെയുള്ള ജഗത്തിനെ എങ്ങനെയാണ് ജഡമായ പ്രധാനത്തിന് സൃഷ്ടിക്കാനാകും? അതിനാല്‍ സാംഖ്യന്മാരുടെ പ്രധാനം ഒരിക്കലും ജഗത്കാരണമാകില്ല.
സൂത്രം പ്രവൃത്തേശ്ച
പ്രവൃത്തിയും ചേരാത്തതിനാല്‍
കഴിഞ്ഞ സൂത്രത്തിന്നോട് ചേര്‍ത്ത് ഇതിന്റെ അര്‍ത്ഥത്തെ കാണണം. രചനയും പ്രവൃത്തിയും പ്രധാനത്തിന് ഉണ്ടാകുകയില്ല. അചേതനമായ പ്രധാനത്തിന് പ്രവര്‍ത്തിക്കുവാനോ ചലിക്കാനോ കഴിയില്ല. പിന്നെയെങ്ങനെ വിചിത്രമായ ഈ വിശ്വത്തെ രചിക്കാനാവും. സചേതനനായ ഒന്നിന്റെ സംയോഗം കൊണ്ട് മാത്രമേ പ്രവര്‍ത്തിക്കാനാവൂ.
പ്രധാനത്തിന് പ്രവൃത്തി സാധ്യമല്ലാത്തതിനാലാണ് ജഗത്കാരണമല്ല എന്ന് പറഞ്ഞത്.
സത്വരജതമോഗുണങ്ങളുടെ സാമ്യാവസ്ഥയെയാണ് സാംഖ്യന്മാര് പ്രധാനം എന്ന് പറയുന്നത്. അത് കേവലം ജഡമായ കല്പനയാണ്. ജഡമായ ആ കല്പിത സ്വരൂപത്തിന് ചൈതന്യത്തിനെ കൂടാതെ പ്രവര്‍ത്തിക്കാനാവില്ല. ഏതെങ്കിലും ജഡ വസ്തുവിന് എന്തെങ്കിലും ചെയ്യാനാകുമോ?
പ്രവൃത്തി ചേതനത്തിന്റെതാണ് അചേതനത്തിന്റെയല്ല. ചേതനനായ കുതിരയെ കെട്ടുമ്പോള്‍ മാത്രമാണ് ജഡമായ തേര് ഓടുന്നത്. തേരിന് സ്വയം ഓടാനാകില്ല. കുതിരയുടെ ചേര്‍ച്ച കൊണ്ടാണ് തേരിന് ചലിക്കാനാവുന്നത്. തേരില്ലെങ്കിലും കുതിരയ്ക്ക് ചലിക്കാനാവും.
അചേതനത്തിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാവില്ല. അചേതനമായ പ്രധാനത്തിന് പ്രവര്‍ത്തനത്തിനോ രചനയ്ക്കോ ശക്തിയില്ല. അതിനാല്‍ പ്രധാനം ജഗത് കാരണമല്ല
സൂത്രം പയോംബുവച്ചേത്തത്രാപി
പശുവിന്റെ പാലും വെള്ളവും പോലെയാണ് എന്ന് പറയുകയാണെങ്കില്‍ അവിടെയും ചേതനാസംയോഗമുണ്ട്.
പ്രധാനത്തെ പശുവിന്റെ പാലു പോലെയും നദീജലം പോലെയുമാണ് എന്ന് പറഞ്ഞാല്‍ അവിടെയും ചേതനാസംയോഗം കാണാം.
പശുവിന്റെ പാലും പുഴയിലെ വെള്ളവും സ്വയം ഒഴുകുന്നതു പോലെ പ്രധാനത്തില്‍ നിന്ന് ജഗത്തിന്റെ സൃഷ്ടിയുണ്ടാകുന്നു എന്ന് പറഞ്ഞാല്‍ അതും ചേതനയുള്ളതുമായി ചേരുന്നതു കൊണ്ടാണ്.
പശുവിന് തന്റെ കിടാവിനോടുള്ള വാല്സല്യവും പശുക്കുട്ടിയുടെ കുടിക്കലും ഉണ്ടെങ്കിലേ പശുവിന്റെ അകിടില്‍ നിന്നും പാല് വരികയുള്ളൂ. പശുവും
പശുക്കുട്ടിയും ചേതനമാണ്.
ജലത്തെ താഴേയ്ക്ക് ഒഴുക്കുന്നത് ആത്മചൈതന്യമാണ്. ബൃഹദാരണ്യ കത്തില്‍ ‘യോ /പ്സു തിഷ്ഠന്‍ യോ/ പോ/ന്തരോയമയതി ‘ യാതൊരാള്‍ ജലത്തിലിരുന്ന് അതിനെ നിയന്ത്രിക്കുന്നുവെന്ന് ചേതനത്തെപ്പറ്റി പറയുന്നുണ്ട്.
ജലം ആര്ദ്രതയുള്ളതായതിനാല് താഴേക്ക് ഒഴുകുക എന്നത് അതിന്റെ സ്വഭാവമാണ്. അത് പ്രവര്‍ത്തിയല്ല, അത് സ്വയം വേണമെന്ന് വെച്ച് ഒഴുകുന്നതല്ല.
ലോകക്ഷേമത്തിന് വേണ്ടി ഒരു നദിയും മുകളിലേക്ക് ഒഴുകുന്നില്ല. എന്നാല്‍ ചേതനവാനായ മനുഷ്യന് ഈ ജലത്തെ എങ്ങോട്ടു വേണമെങ്കിലും കൊണ്ടു പോകാം. അതാണ് പ്രവൃത്തി.
അതിനാല്‍ ജഡമായ പ്രധാനം ജഗത്ത് കാരണമെന്ന് വാദിക്കുന്നതിന് ഉദാഹരണമായി പാലും വെള്ളവും പറയാനാവില്ല.
ഇക്കാരണങ്ങളാലും പ്രധാനം ജഗത് കാരണമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: