തിരുവനന്തപുരം: ഐക്യകേരള പിറവിക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ബാലരാമവര്‍മ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കോളേജായ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാന്‍ഡ്രം എന്ന ശ്രീകാര്യം ചാവടിമുക്കിന് സമീപം പ്രവര്‍ത്തിക്കുന്ന സിഇടിക്ക് എണ്‍പത് വയസ്. എഞ്ചിനീയറിംഗ് പഠനം തിരുവിതാംകൂര്‍കാര്‍ക്ക് സ്വപ്നമായിരുന്ന കാലഘട്ടത്തില്‍ കോളേജ് തുടങ്ങാനുള്ള മഹാരാജാവിന്റെ തീരുമാനം പരക്കെ പ്രകീര്‍ത്തിക്കപ്പെട്ടു.
അക്കാലത്ത് മദിരാശി, ബനാറസ് സര്‍വകലാശാലകളില്‍ മൂന്നോ നാലോ സീറ്റുകള്‍ മാത്രമായിരുന്നു തിരുവിതാംകൂര്‍കാര്‍ക്ക് എഞ്ചിനീയറിംഗ് പഠനത്തിനായി ലഭിച്ചിരുന്നത്.
1939 ല്‍ നിലവില്‍ വന്ന സിഇടി എഞ്ചിനീയറിംഗ് കോളേജിന്റെ ആദ്യ പ്രിന്‍സിപ്പാള്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറായിരുന്ന പ്രൊഫ.മേജര്‍ മാത്യുമാന്‍ ആയിരുന്നു. തുടക്കത്തില്‍ പിഎംജിയിലെ പോസ്റ്റ്മാസ്റ്റര്‍ ജനറലിന്റെ ഓഫീസിനോട് ചേര്‍ന്ന കെട്ടിടത്തിലായിരുന്നു. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ എന്നീ മൂന്ന് എഞ്ചിനീയറിംഗ് വിഭാഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഒരു ബാച്ചില്‍ 21 പേര്‍ക്കായിരുന്നു പ്രവേശനം. കൊച്ചി രാജ്യത്തിലെ കുട്ടികള്‍ക്ക് ഏതാനും സീറ്റുകള്‍ സംവരണം ചെയ്തിരുന്നു.
ഇത്രയധികം എഞ്ചിനീയര്‍മാര്‍ക്ക് തൊഴില്‍ നല്കാന് കഴിയുമോ എന്ന സംശയം അക്കാലത്ത് പലര്‍ക്കുമുണ്ടായിരുന്നു. ഇക്കാരണത്താല്‍ നാലോ അഞ്ചോ ബാച്ചുകള്‍ പുറത്തിറങ്ങുന്നതോടെ കോളേജ് പൂട്ടിപോകുമോ എന്ന ആശങ്കയുമുണ്ടായിരുന്നു. എന്നാല്‍ രണ്ടാംലോക മഹായുദ്ധത്തോടെ എഞ്ചിനീയര്‍മാരുടെ ആവശ്യകത വല്ലാതെ ഉയര്‍ന്നതോടെ ഓരോ കോഴ്സിലും 40 ശതമാനത്തോളം സീറ്റുകള്‍ വര്‍ധിപ്പിക്കുകയാണ് ഉണ്ടായത്. ആരംഭ ഘട്ടത്തില്‍ ബിഎസ്സി എഞ്ചിനീയറിംഗ് എന്നായിരുന്നു തിരുവിതാംകൂര്‍ യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് കോഴ്സിന് നല്‍കിയിരുന്ന പേര്.
ക്യാമ്പസ് വര്‍ധിപ്പിക്കാന്‍ ഭൂമിയുടെ ലഭ്യത തലസ്ഥാനത്ത് ഇല്ലാത്തത് കൊണ്ട് 1961ല്‍ ശ്രീകാര്യം ചാവടിമുക്കിന് സമീപം 125 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് അങ്ങോട്ടേക്ക് മാറ്റുകയായിരുന്നു. ക്യാമ്പസ് മാറ്റുന്നതിനെതിരെ അക്കാലത്ത് പ്രതിഷേധം ഉയര്‍ന്നിരുന്നു. തങ്ങളെ സിറ്റിയില്‍ നിന്ന് നാടുകടത്തുന്നു എന്ന പരാതി വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും ഉണ്ടായിരുന്നു. കാരണം അധികം ആള്‍പ്പാര്‍പ്പില്ലാത്ത, ബസ് സര്‍വീസ് ഇല്ലാത്ത പ്രദേശമായിരുന്നു പുതിയ ക്യാമ്പസ്. എന്തിന് അതാവശ്യത്തിന് തിരുവനന്തപുരത്തേക്ക് ട്രങ്ക്കാള്‍ ബുക്കുചെയ്യേണ്ട അവസ്ഥയായിരുന്നു. ഇന്ന് നിരവധി കോഴ്സുകളോടെ മികവിന്റെ കേന്ദ്രമായി മാറിയ കോളേജ്, ഇന്ത്യയിലെ തന്നെ എഞ്ചിനീയറിംഗ് കോളേജുകളില്‍ മുന്‍നിരയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: