കോട്ടയം: ഏക്കര്‍ കണക്കിന് വനഭൂമി കയ്യേറിയുള്ള ‘കുരിശ് കൃഷി’ക്ക് സമാനമായി പൊതുമരാമത്ത് റോഡുകള്‍ക്ക് നടുവിലും കുരിശടികള്‍. വര്‍ഷങ്ങളായി റോഡ് വികസനത്തിന് തടസ്സമായി നില്ക്കുന്ന ഈ കുരിശടികള്ക്കെതിരെ ചെറു വിരലനക്കാന്‍ പോലും മരാമത്ത്, റവന്യു വകുപ്പുകള്‍ തയ്യാറല്ല. സംസ്ഥാനത്ത് മാറിമാറി അധികാരത്തില്‍ വരുന്നവരുടെ പിന്തുണയും ഈ കുരിശു കൃഷിക്ക് പിന്‍ബലമാണ്.
ചങ്ങനാശ്ശേരി മാടപ്പള്ളി പഞ്ചായത്തില്‍ കുറമ്പനാടത്തിന് സമീപവും കോട്ടയം നഗരത്തില്‍ കഞ്ഞിക്കുഴി ജങ്ഷനിലും ഉള്ള കുരിശടികള്‍ റോഡ് കയ്യേറ്റത്തിന് ഉദാഹരണമാണ്. ആരാധനയില്ലാത്ത ഈ കുരിശടികള്‍ മാറ്റി റോഡ് വികസനം സാധ്യമാക്കാന്‍ സഭാ നേതൃത്വങ്ങളും തയ്യാറല്ല. കുറമ്പനാടത്തിന് സമീപം അസംപ്ഷന്‍ പള്ളിയുടെ കുരിശടി റോഡിന് ഒത്ത നടുവിലാണ്. ചൂരപ്പാടി പുളിയാങ്കുന്ന് റോഡും പൊങ്ങന്താനം റോഡും ചേരുന്ന ജങ്ഷന് നടുവിലാണ് കുരിശടി നില്‍ക്കുന്നത്. ആരാധനയില്ലാത്ത ഈ കുരിശടി റോഡിലെ ഗതാഗതത്തിനു തടസ്സം സൃഷ്ടിച്ചാണ് നിലകൊള്ളുന്നത്. പാലമാറ്റം, മാമ്മൂട് ഭാഗത്തുനിന്നും വാകത്താനം വഴി കോട്ടയത്തേക്കുള്ള പ്രധാന പാതയാണിത്. നിരവധി ബസുകളും ഈ വഴി കടന്നുപോകുന്നുണ്ട്. വോട്ടുബാങ്ക് പ്രദേശമായതിനാല്‍ രാഷ്ട്രീയ നേതൃത്വവും കുരിശില്‍ തൊട്ടുകളിക്കാന്‍ മുതിരില്ല.
കോട്ടയം ടൗണില്‍ ഗതാഗതക്കുരുക്കിന്റെ സിരാകേന്ദ്രമാണ് കഞ്ഞിക്കുഴി. അഞ്ച് റോഡുകള്‍ വന്നുചേരുന്ന കഞ്ഞിക്കുഴിയിലെ ഗതാഗതക്കുരുക്കഴിക്കാനുള്ള ശ്രമങ്ങള്‍ ഇനിയും വിജയം കൈവരിച്ചിട്ടില്ല. കുറുമ്പനാടത്തെ സമാനമായ സാഹചര്യമാണ് ഇവിടെയും നിലനില്‍ക്കുന്നത്. ഓര്‍ത്തഡോക്സ് സഭാ ആസ്ഥാനമായ ദേവലോകം പള്ളിയുമായി ബന്ധപ്പെട്ട കുരിശടി നില്‍ക്കുന്നത് കഞ്ഞിക്കുഴി കവലയ്ക്ക് നടുവിലാണ്. കഞ്ഞിക്കുഴിയുടെ വികസനത്തിന് വിലങ്ങുതടിയായി നില്ക്കുന്ന ഈ കുരിശടി നീക്കം ചെയ്യുന്നത് സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ ജില്ലാ ഭരണ നേതൃത്വവും സഭാ നേതൃത്വം തമ്മില്‍ നടന്നെങ്കിലും കൃത്യതയോടെയുള്ള പരിഹാരം രൂപപ്പെട്ടില്ല. അഞ്ച് റോഡുകള്‍ എത്തുന്ന കഞ്ഞിക്കുഴി കവലയില്‍ പറഞ്ഞറിയിക്കാനാവാത്ത ഗതാഗതക്കുരുക്കാണ് ദിവസവും അനുഭവപ്പെടുന്നത്.
ജങ്ഷന്റെ വികസനത്തിനായി കുരിശടി മാറ്റാമെന്ന് സഭ പറഞ്ഞിരുന്നെങ്കിലും വികസന പദ്ധതി തയ്യാറാവുമ്പോള്‍ പറഞ്ഞ വാക്ക് പാലിക്കാന്‍ സഭ തയ്യാറാകില്ല. കോട്ടയത്തിന്റെ കിഴക്കന്‍ മേഖലകളില്‍നിന്ന് എത്തുന്നവര്‍ക്ക് ആശ്വാസമായുള്ള റോഡ് വികസന പദ്ധതികളെല്ലാം കുരിശടിയില്‍ തട്ടി സ്തംഭിച്ച് നില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: