ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടുന്ന ബില്ലിന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ പിന്തുണ. ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച ബില്ലിനെ തൃണമൂല്‍ കോണ്‍ഗ്രസ്, പിഡിപി, സമാജ്വാദി പാര്‍ട്ടി, ആര്‍ജെഡി, ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ പിന്തുണച്ചു. അമിത് ഷായില്‍ വിശ്വാസമുണ്ടെന്ന് പിഡിപി അംഗം നസീര്‍ അഹമ്മദ് ലവായ് പറഞ്ഞു.
അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം താമസിക്കുന്നവര്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം ഉറപ്പാക്കുന്ന ജമ്മു കശ്മീര്‍ സംവരണ ഭേദഗതി ബില്ലിനെയും തൃണമൂല്‍ ഉള്‍പ്പെടെ ഏതാനും പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണച്ചു. രണ്ട് ബില്ലും നേരത്തെ ലോക്സഭ പാസാക്കിയിരുന്നു.
അതിര്‍ത്തിയില്‍ താമസിക്കുന്ന ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനാണ് ബില്ലെന്നും അംഗങ്ങള്‍ ഇത് മനസിലാക്കുമെന്നും ഷാ പ്രത്യാശ പ്രകടിപ്പിച്ചു.
പിഡിപി സഖ്യസര്‍ക്കാരിനുള്ള പിന്തുണ ബിജെപി പിന്‍വലിച്ചതിനെ തുടര്‍ന്ന് 2018 ജൂണ്‍ മുതല്‍ രാഷ്ട്രപതി ഭരണത്തിലാണ് സംസ്ഥാനം. തെരഞ്ഞെടുപ്പില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടില്ലെന്നും ഈ വര്‍ഷം അവസാനത്തോടെ നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അമിത് ഷാ പറഞ്ഞിരുന്നു. അമര്‍നാഥ് തീര്‍ത്ഥാടനം നടക്കുന്നതിനാല്‍ ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് കമ്മീഷന് തെരഞ്ഞെടുപ്പ് വൈകിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: