കണ്ണൂർ: ഏറെ വിവാദമായ സിഒടി.നസീര്‍ വധശ്രമക്കേസില്‍ എ.എന്‍ ഷംസീര്‍ എംഎല്‍എയെ ചോദ്യംചെയ്യും. നസീര്‍ ഹൈക്കോടതിയെ സമീപിക്കാനിരിക്കെ എംഎല്‍എയുടെ മൊഴി രേഖപ്പെടുത്തുന്നതാണ് ഉചിതമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സ്പീക്കറെ ഇക്കാര്യം അറിയിച്ചതിന് ശേഷം എത്രയും പെട്ടന്ന് നോട്ടീസ് നല്‍കും. മൂന്നാഴ്ചയ്‌ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനും സിഐ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള സംഘം ലക്ഷ്യമിടുന്നുണ്ട്.
സംഭവസമയത്ത് ആക്രമിക്കപ്പെട്ട സ്ഥലത്തുണ്ടായിരുന്ന കാറിന്റെ ഉടമസ്ഥൻ ഷംസീറാണെന്നാണ് നസീർ മൊഴി നൽകിയിരിക്കുന്നത്. അണികള്‍ക്ക് വിരോധമുണ്ടായതിനെ തുടര്‍ന്ന് താനാണ് സി.ഒ.ടി നസീറിനെ അക്രമിക്കാന്‍ പൊട്ടിയന്‍ സന്തോഷിനെ ചുമതലപ്പെടുത്തിയതെന്ന് സിപിഎം പുല്യോട് ബ്രാഞ്ച് സെക്രട്ടറി എന്‍.കെ.രാഗേഷ് അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. എ.എന്‍.ഷംസീര്‍ എംഎല്‍എയുമായി രാഗേഷ് ഫോണില്‍ സംസാരിച്ചതിന് തെളിവുണ്ട്.
അതേസമയം കാറിന്റെ ഉടമസ്ഥനെ തിരിച്ചറിഞ്ഞതോടെ അന്വേഷണ സംഘം പ്രതിരോധത്തിലായെന്നും പറയുന്നു. ഇതോടെ കേസ് മുന്നോട്ട് പോകാത്ത അവസ്ഥയിലായെന്നും പറയുന്നു. അറിയപ്പെടുന്ന ഒരു നേതാവിന്റെ കാറാണ് ഇതെന്നതിനാല്‍ അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം സമര്‍പ്പിക്കാനുള്ള നിര്‍ദേശം പോലീസിന് ലഭിച്ചു എന്നാണ് ലഭിക്കുന്ന വിവരം. ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഒളിവില്‍ തുടരുന്ന കാവുംഭാഗം ചെറിയാണ്ടി വീട്ടില്‍ മൊയ്തു എന്ന സി. മിഥുന്‍ കൂടി പിടിയിലായാല്‍ അന്വേഷണം അവസാനിക്കാനാണ് ആലോചനയെന്നാണ് അറിയുന്നത്.
മിഥുൻ ചെന്നൈ കോയമ്പത്തൂർ ഹൈവേയിൽ വാഹനം തടഞ്ഞു നിർത്തി പണം അടിച്ച് മാറ്റുന്ന സംഘത്തിൽപ്പെട്ട ആളാണെന്ന വിവരവും ലഭിച്ചിട്ടുണ്ട്. കീഴടങ്ങിയാൽ വേറെയും കേസുകളിൽ കുടുങ്ങുമത്രെ.
















