പീരുമേട് : സബ് ജെയിലില്‍ റിമാന്‍ഡിലിരിക്കെ മരിച്ച രാജ്കുമാര്‍ ചിട്ടിയിലൂടെ പിരിച്ചെടുത്ത പണം നിക്ഷേപിച്ചിരുന്നത് കുമളിയിലെ മറ്റൊരു സ്വകാര്യ ചിട്ടിക്കമ്പനിയിലെന്ന് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. നാട്ടുകാരില്‍ നിന്ന് പിരിച്ചെടുത്ത പണം പുതിയ ഇന്നോവ കാറിലാണ് രഹസ്യകേന്ദ്രത്തിലേക്ക് എത്തിച്ചിരുന്നതെന്നും ജീവനക്കാരിയായിരുന്ന സുമ പറഞ്ഞു.
നാട്ടുകാരില്‍ നിന്ന് പിരിച്ചെടുക്കുന്ന പണം ദിവസവും കുമളിയിലേക്ക് കൊണ്ടുപോകുകയായിരുന്നു പതിവ്. മൂന്ന് പേരാണ് സ്ഥാപനത്തില്‍ നടത്തിപ്പുകാരായി വന്നിരുന്നത്. അതിലൊരാളാണ് രാജ്കുമാര്‍. മറ്റൊരാള്‍ ചിട്ടിതട്ടിപ്പ് കേസിലെ മൂന്നാം പ്രതിയായ മഞ്ജുവിന്റെ ഭര്‍ത്താവ് അജിമോന്‍ ആയിരുന്നു. ഇയാളാണ് പണവുമായി പോകുമ്പോള്‍ രാജ്കുമാറിന്റെ വാഹനം ഓടിച്ചിരുന്നതെന്നും സുമ വെളിപ്പെടുത്തി.
അതിനിടെ രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ ഇടുക്കി മജിസ്‌ട്രേറ്റിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. രാജ്കുമാറിനെ റിമാന്‍ഡ് ചെയ്തതില്‍ വീഴ്ച സംഭവിച്ചോ എന്നാണ് പരിശോധിക്കുന്നതിനാണ് ഉത്തരവിട്ടിരിക്കുന്നത്.
റിമാന്‍ഡ് ചെയ്യാനായി മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കുമ്പോള്‍ തന്നെ രാജ്കുമാര്‍ അവശന്‍ ആയിരുന്നെന്നാണ് റിപ്പോര്‍ട്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഇത് ശരിവെയ്‌ക്കുന്നതിനെ തുടര്‍ന്നാണ് നടപടി. ഇതുസംബന്ധിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി തൊടുപുഴ സിജെഎമ്മിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ രാജ് കുമാറിന് പരിക്കുകള്‍ ഉണ്ടായിരുന്നിട്ടും ചികിത്സ നല്‍കാന്‍ ഉത്തരവിടാതിരുന്ന മജിസ്‌ട്രേറ്റിന്റെ സാഹചര്യം സംബന്ധിച്ചും അന്വേഷണം നടത്തും.
















