തിരുവനന്തപുരം : ഒരാഴ്‌ച്ചയായി നടന്നുവരുന്ന അന്തര്‍സംസ്ഥാന സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു. സംസ്ഥാന ഗതാഗത സെക്രട്ടറിയുമായി ബസ്സുടമകളുടെ സംഘടന നടത്തിയ ചര്‍ച്ചയ്‌ക്ക് ശേഷമാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
കല്ലട ബസ് ജീവനക്കാരും യാത്രക്കാരുമായുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അന്തര്‍സംസ്ഥാന സ്വകാര്യ ബസ്സുകള്‍ പണിമുടക്കില്‍ ഏര്‍പ്പെട്ടത്. കല്ലട യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് സ്വകാര്യ ബസുകളിലെ പരിശോധന സര്‍ക്കാര്‍ കര്‍ശനമാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു സ്വകാര്യ ബസ്സുകളുടെ സമരം.
സ്വകാര്യ ബസ്സുടമകളെ ദ്രോഹിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുമെന്നും പരിശോധനയുമായി സഹകരിക്കുമെന്നും ബസ്സുടമകള്‍ ചര്‍ച്ചയില്‍ അറിയിച്ചു.
കൂടാതെ യാത്രക്കാര്‍ക്ക് ശുചിമുറി സൗകര്യം ഒരുക്കുന്ന കാര്യവും പരിഗണിക്കാമെന്നും ബസുടമകള്‍ സര്‍ക്കാരിനെ അറിയിച്ചതായാണ് വിവരം. ബെംഗളൂരു ഉള്‍പ്പടെ വിവിധ നഗരങ്ങളില്‍ നിന്നും കേരളത്തിലേക്ക് വന്നിരുന്ന യാത്രികരെയാണ് സ്വകാര്യ ബസ്സുടമകളുടെ ഈ സമരം പ്രതികൂലമായി ബാധിച്ചത്.
















