തിരുവനന്തപുരം : ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ. ശ്യാമളയ്‌ക്ക് പിന്തുണച്ച് മന്ത്രി ഇ.പി. ജയരാജന്‍ രംഗത്ത്. പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരേയും കുറ്റവാളിയായി കാണാനാവില്ലെന്ന് പറഞ്ഞാണ് ഇ. പി. ജയരാജന്‍ ശ്യാമളയെ ന്യായീകരിക്കാന്‍ ശ്രമം നടത്തിയത്.
ആത്മഹത്യ ചെയ്ത പ്രവാസി സാജന്റെ ആത്മഹത്യയില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെയുള്ള റിപ്പോര്‍ട്ട് പ്രകാരം ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമള ഒരു തെറ്റും ചെയ്തതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പൂര്‍ണമായ അന്വേഷണ റിപ്പോര്‍ട്ട് വന്ന് കഴിഞ്ഞാല്‍ പ്രതിപക്ഷത്തിന് പറഞ്ഞതെല്ലാം തിരുത്തേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് ഇത്തരത്തില്‍ മന്ത്രി പ്രതികരിച്ചത്.
ധാര്‍മികമായും നിയമ വ്യവസ്ഥകള്‍ പരിശോധിച്ചും മാത്രമേ ഈ സര്‍ക്കാര്‍ നടപടി കൈക്കൊള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയമായ പകയുടേയും വിദ്വേഷത്തിന്റേയും ഭാഗമായി ഒരാളെ കുറ്റവാളിയായി പ്രഖ്യാപിച്ചത് കൊണ്ട് ആരും കുറ്റവാളിയാകണമെന്നില്ലെന്നും പരിശോധനയും അന്വേഷണവും നടത്തിയാണ് കുറ്റവാളിയെ കണ്ടെത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിക്കുന്നത് സംസ്ഥാനത്തെ നിക്ഷേപത്തെ ബാധിക്കുമെന്നും ആന്തൂര്‍ വിഷയത്തില്‍ സര്‍ക്കാരിന് ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്നും ഇ.പി. ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കേസില്‍ ശ്യാമളയെ കുറ്റവിമുക്തയാക്കി വെള്ളപൂശാന്‍ പാര്‍ട്ടി തലത്തിലുള്ള ശ്രമം ആണോ ഇതിനു പിന്നിലെന്നും സംശയമുണ്ട്.
















