തിരുവനന്തപുരം : സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിട്ടതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ അവതാളത്തില്‍. തിരുവനന്തപുരത്ത് മാത്രം കെഎസ്ആര്‍ടിസിയുടെ 35 സര്‍വ്വീസുകളാണ് മുടങ്ങിയത്. കൊല്ലം കൊട്ടാരക്കര ഡിപ്പോകളിലും സര്‍വ്വീസ് മുടങ്ങി. എന്നാല്‍ മധ്യകേരളത്തില്‍ പ്രശ്‌നം കാര്യമായി ബാധിച്ചില്ല. വടക്കന്‍ കേരളത്തില്‍ ആകെ 50 സര്‍വ്വീസുകള്‍ തടസപ്പെട്ടു. കാസര്‍ഗോഡ് നിന്നുള്ള ഒമ്പത് അന്തര്‍സംസ്ഥാന സര്‍വ്വീസും മുടങ്ങിയവയില്‍പെടുന്നു. ഗ്രാമീണ സര്‍വ്വീസുകളാണ് മുടങ്ങിയവയില്‍ ഏറെയും.
പ്രതിസന്ധി രൂക്ഷമാകുമെന്ന് വ്യക്തമായതോടെ ടേണ്‍ അനുസരിച്ച് ഇന്ന് അവധിയുള്ളവരോട് തിരിച്ച് ജോലിക്ക് എത്തണമെന്നും സര്‍വ്വീസുകള്‍ മുടങ്ങാതെ ക്രമീകരണം നടത്തണമെന്നും മാനേജ്‌മെന്റ് സോണല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവധിയില്‍ നിന്ന് തിരിച്ചെത്തിയ ജീവനക്കാര്‍ക്ക് ഡബിള്‍ ഡ്യൂട്ടി വീതം നല്‍കി സര്‍വ്വീസുകള്‍ പുനക്രമീകരിക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനമാകെ ഞായറാഴ്ച മാത്രം 600ഓളം സര്‍വ്വീസുകളാണ് മുടങ്ങിയത്. എന്നാല്‍ ദീര്‍ഘദൂര സര്‍വീസുകളിലും എസി സര്‍വീസുകളിലും താല്‍ക്കാലിക ഡ്രൈവര്‍മാരില്ലാത്തതിനാല്‍ ഈ സര്‍വീസുകള്‍ മുടങ്ങില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം പിരിച്ചുവിട്ട ജീവനക്കാരെ തന്നെ ദിവസവേതനക്കാരായി തിരിച്ചെത്തിച്ച് താല്‍ക്കാലികമായി പ്രതിസന്ധി നേരിടാനും ആലോചിക്കുന്നുണ്ട്.
പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവര്‍ നിയമനം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി അനുവദിച്ച സമയം കഴിഞ്ഞതോടെ 2,108 താല്‍ക്കാലിക ഡ്രൈവര്‍മാരെയാണ് കെഎസ്ആര്‍ടിസി കഴിഞ്ഞദിവസം പിരിച്ചുവിട്ടത്. ഇതിനെ തുടര്‍ന്ന് പിരിച്ചുവിട്ടവരെ വീണ്ടും കരാര്‍ അടിസ്ഥാനത്തില്‍ തിരിച്ചുനിയമിക്കുന്നതിന്റെ സാധ്യത ഗതാഗതവകുപ്പ് പരിശോധിക്കുന്നുണ്ട്.
















