ആലപ്പുഴ: ജില്ലയില്‍പോലീസിനെ ഭരിക്കുന്നത് സിപിഎം നേതാവിന്റെ ബന്ധു. സേനയില്‍ പ്രതിഷേധം ശക്തമാകുന്നു. ജില്ലാ പോലീസ് മേധാവിയെ പോലും ഇയാള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതായാണ് ആക്ഷേപം. സിപിഎമ്മിന്റെ ജില്ലയിലെ പ്രധാന നേതാവിന്റെ ബന്ധു കൂടിയായ മുന്‍ പോലീസ് ഉദ്യോഗസ്ഥനാണ് വിവാദ നായകന്‍. കഴിഞ്ഞയിടെയാണ് ഇയാള്‍ സര്‍വീസില്‍നിന്ന് വിരമിച്ചത്.
ഇയാള്‍ പോലീസുകാരുടെ സ്ഥലംമാറ്റത്തില്‍ പോലും ഇടപെടുന്നതായാണ് സേനാംഗങ്ങള്‍ ആരോപിക്കുന്നത്. ഇടതു അനുകൂലികളായ പോലീസുകാര്‍ പോലും ഇത്തരം ഇടപെടലുകളില്‍ അസംതൃപ്തരാണ്. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളുടെ ഇടപെടലുകള്‍ പോലും അസഹനീയമായ അവസ്ഥയില്‍ നേതാവിന്റെ ഭരണം കൂടിയായതോടെ സേനാംഗങ്ങള്‍ മാനസിക സമ്മര്‍ദത്തിലാണ്.
അടുത്തിടെ ജില്ലാ പോലീസ് ഓഫീസില്‍ നടന്ന സ്ഥലംമാറ്റം ഇയാള്‍ ഇടപെട്ട് ഒഴിവാക്കിയതും വിവാദമായിരുന്നു. നേതാവിന്റെ ബന്ധുവായ മുന്‍ പോലീസ് ഉദ്യോഗസ്ഥനെ ഇടനിലക്കാരനാക്കി ജില്ലയില്‍ പൊതുസ്ഥലംമാറ്റത്തിന് ഒരു വിഭാഗം അസോസിയേഷന്‍ നേതാക്കള്‍ ശ്രമിക്കുന്നതും വിവാദമായി.
എല്ലാ വര്‍ഷവും പൊതുസ്ഥലംമാറ്റം ഏപ്രിലിലാണ്. ഇത്തവണ പൊതുതെരഞ്ഞെടുപ്പ് ആയതിനാല്‍ സ്ഥലംമാറ്റം യഥാസമയം നടന്നില്ല. ജൂണ്‍ ആദ്യം സ്ഥലംമാറ്റം നടപ്പാക്കാന്‍ നീക്കമുണ്ടായെങ്കിലും സേനയ്‌ക്കുള്ളില്‍ പ്രതിഷേധം വ്യാപകമായ സാഹചര്യത്തില്‍ ഒഴിവാക്കി. മക്കളുടെ വിദ്യാലയ പ്രവേശനം ഉള്‍പ്പെടയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. എന്നാല്‍, ഓഫീസേഴ്‌സ് അസോസിയേഷനിലെയും പോലീസ് അസോസിയേഷനിലെയും പ്രമുഖ നേതാക്കള്‍ സ്ഥലംമാറ്റം നടത്തിയേ മതിയാകൂയെന്ന നിലപാടിലാണ്. സാമ്പത്തിക താല്‍പര്യങ്ങളാണ് ഇതിനു പിന്നിലെന്നാണ് ആക്ഷേപം. നിലവില്‍ മുന്നൂറോളം പേരെയെങ്കിലും മാറ്റണമെന്നാണ് സമ്മര്‍ദ്ദം.
സമൂഹമധ്യത്തില്‍ പോലീസിന്റെ പ്രതിച്ഛായ തകര്‍ന്ന കാലഘട്ടമാണിത്. സേനയിലെ രാഷ്‌ട്രീയ ഇടപെടലുകളാണ് ഇതിന് ഒരു പരിധി വരെ കാരണം. സാധാരണ പോലീസുകാരെ കുടുതല്‍ മാനസിക സമ്മര്‍ദ്ദത്തിലാക്കുന്നതാണ് പാര്‍ട്ടി നേതാക്കളുടേയും ബന്ധുക്കളുടെയും ഇടപെടലെന്നും വിമര്‍ശനമുയരുന്നു.
















