കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വവും മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും തമ്മിലുള്ള പോര് മൂര്‍ച്ഛിച്ച സാഹചര്യത്തില്‍ വിഷയത്തില്‍ ചര്‍ച്ചയില്ലാതെ സിപിഎം ജില്ലാ കമ്മറ്റി. പി.കെ. ശ്യാമള കുറ്റക്കാരിയെന്ന നിലപാടില്‍ പി. ജയരാജനും ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന നിലപാടില്‍ സംസ്ഥാന നേതൃത്വവും ഉറച്ച് നിന്നതോടെയാണ് സിപിഎമ്മില്‍ പ്രതിസന്ധി രൂക്ഷമായത്.
കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടേറിയറ്റില്‍ ആന്തൂര്‍ വിഷയത്തില്‍ സമവായ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് ജില്ലാ കമ്മറ്റിയില്‍ ചര്‍ച്ച നടത്താതെ കേവലം പരാമര്‍ശത്തില്‍ ഒതുക്കിയത്. പൊതുവേദിയിലും പാര്‍ട്ടിക്കകത്തും പി. ജയരാജന്‍ സംസ്ഥാന നേതൃത്തത്തിനെതിരെ നിലപാടെടുത്തതിനാല്‍ വിഷയം ചര്‍ച്ചയ്‌ക്കെടുത്താല്‍ അഭിപ്രായ ഭിന്നത രൂക്ഷമാകുമെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശത്തില്‍ കേവലം പരാമര്‍ശത്തില്‍ ഒതുക്കിയത്.
ആന്തൂര്‍ വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് ഒരു വിഭാഗം നേരത്തെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പിന്നീട് ചര്‍ച്ചയ്‌ക്കെടുക്കാമെന്ന ഉറപ്പില്‍ തല്‍ക്കാലം പിന്നോട്ടു പോയെന്നാണ് സൂചന. ജയരാജന്റെ നിലപാടുകളെ പിന്തുണച്ച് ജയിംസ് മാത്യു എംഎല്‍എ കൂടി രംഗത്തെത്തിയതാണ് നേതൃത്വത്തെ ആശങ്കയിലാക്കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തെകുറിച്ചുള്ള ചര്‍ച്ചകളാണ് പ്രധാനമായും നടന്നതെന്നാണ് പറയുന്നത്. ആരോപണവിധേയയായ ആന്തൂര്‍ മുനിസിപ്പല്‍ ചെയര്‍പെഴ്‌സണ്‍ പി.കെ. ശ്യാമള ജില്ലാ കമ്മറ്റി യോഗത്തില്‍ സംബന്ധിച്ചപ്പോള്‍ എം.വി. ഗോവിന്ദന്റെ അസാന്നിധ്യം ശ്രദ്ധേയമായി.
















