ഒരിക്കല്‍ ചിന്താമണി രത്നവുമണിഞ്ഞ് ശ്രീ ഗണേശന് വൈകുണ്ഠനാഥനെ കാണാനിറങ്ങി. വൈകുണ്ഠത്തില്‍ ശ്രീഭഗവതി ശ്രീവല്ലഭനുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ മഹോദരനായ ഗണേശന്റെ ബാല്യകാലകഥകളും കുസൃതിത്തരങ്ങളും ചര്‍ച്ചയില്‍ വിഷയമായി. ആ ബാല്യകാല ലീലകളും അക്കാലത്തെ ലാളനകളും വീണ്ടും ഒരിക്കല്‍ കൂടി അനുഭവിക്കാന്‍ ശ്രീഗണേശന് ഒരു കൗതുകം. ബാല്യകാലത്തെ അനുഭവങ്ങളും സുഖവും ഒരു പ്രത്യേകസുഖമാണ്. കുട്ടിക്കാലത്തെ സുഖാനുഭവങ്ങളെ വീണ്ടും ഒാര്‍ത്തോര്‍ത്ത് സന്തോഷിക്കാത്തവര് കുറയും.
കുഞ്ഞു ഗണേശനെ ലാളിച്ച അനുഭവങ്ങള്‍ ലക്ഷ്മീദേവിയിലും കൗതുകങ്ങള്‍ ഉണര്‍ത്തി. മാതൃത്വത്തിന്റെ വാത്സല്യം ഉള്ളില്‍ ഉണര്‍ന്നു. വൈകുണ്ഠനാഥന് ശ്രീനാരായണന് ഇതെല്ലാം മനസ്സില്‍ കണ്ടു ചിരിച്ചു.
ഈ അവസരത്തിലാണ് ദേവേന്ദ്രനും ചില ദേവന്മാരും ഭഗവാന് നാരായണനെ സന്ദര്‍ശിക്കാനെത്തിയത്. അവര്‍ക്ക് ഭഗവാനോട് ഏറെ സങ്കടങ്ങള്‍ ഉണര്‍ത്തിക്കാനുണ്ട്. അസുരരാജാവായിരുന്ന ദുര്‍ബുദ്ധിയുടെ മകന് ജ്ഞാനാരി ക്രൂരബുദ്ധിയായി ദേവന്മാരേയും മഹര്‍ഷിമാരേയും വളരെ ഉപദ്രവിക്കുന്നു. നേരത്തേ ദുര്‍ബുദ്ധിയുടെ ആസുര വൃത്തികള്‍ കൂടിയപ്പോള്‍ മഹോദര ഗണേശനാണ് ദുര്‍ബുദ്ധിയെ നിഗ്രഹിച്ചത്.
ദുര്‍ബുദ്ധി മരിച്ചതോടെ മകന് ജ്ഞാനാരി ദേവന്മാരോട് പകയുമായി മുന്നേറി. തങ്ങളുടെ ഗുരുവായ ശുക്രാചാര്യരെ സമീപിച്ച് ശക്തിസംഭരണത്തിനായി ജ്ഞാനാരി കുലഗുരുവിന്റെ ഉപദേശം തേടി. അതനുസരിച്ച് ശ്രീപരമേശ്വരനെ തപസ്സു ചെയ്ത്, ദിവ്യശക്തികള്‍ കരസ്ഥമാക്കി.
ഈ ജ്ഞാനാരിയില് നിന്നും മോചിപ്പിക്കണമെന്ന ആവശ്യവുമായാണ് ദേവേന്ദ്രന്റെ വരവ്. മഹാവിഷ്ണു ചിരിച്ചു. ശ്രീപരമേശ്വരനില് നിന്ന് വരം സമ്പാദിച്ച ജ്ഞാനാരിയെ പരാജയപ്പെടുത്തണമെങ്കില്‍ സര്‍വജ്ഞനായ ശിവന്റെ അംശത്തിനു മാത്രമേ സാധ്യമാകൂ. ഇതറിയാവുന്ന വൈകുണ്ഠനാഥന് ശ്രീഗണേശന്റെ മുഖത്തേക്ക് നോക്കി. സാക്ഷാല്‍ ശ്രീ ഭഗവതിയും ഗണേശന്റെ മുഖഭാവം ശ്രദ്ധിച്ചു. എല്ലാം നിയോഗമെന്നറിയാവുന്ന ശ്രീഗണേശന് തന്റെ അംശാവതാരമായി . ഒരു ചെറുപൈതലായി. ആ പൈതല്‍ ലക്ഷ്മീ ദേവിയുടെ മടിയില്‍ സ്ഥാനം പിടിച്ചു.
ശ്രീമഹാവിഷ്ണു ദേവന്മാരോടായി പറഞ്ഞു; ഈ പൈതലാണ് നിങ്ങളെ ജ്ഞാനാരിയില് നിന്ന് മോചിപ്പിക്കുക. മഹോദരന്റെ അംശം തന്നെയെന്ന് മനസ്സിലാക്കി നിങ്ങള്‍ ഇവനെ ഭജിച്ചു കൊള്ളൂ. ദേവന്മാര്ക്ക് സന്തോഷമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: