സിപിഎം ഭരിക്കുന്ന ആന്തൂര്‍ നഗരസഭ തന്റെ ഓഡിറ്റോറിയത്തിന് അനുമതി നിഷേധിച്ചതില്‍ മനംനൊന്ത് സാജന് പാറയില്‍ എന്ന പ്രവാസി ആത്മഹത്യ ചെയ്ത സംഭവം സിപിഎമ്മിന്റെയും ഇടതുമുന്നണി സര്‍ക്കാരിന്റെയും മനുഷ്യത്വവിരുദ്ധ മുഖം പൂര്‍ണമായി പുറത്തുകൊണ്ടുവന്നിരിക്കുകയാണ്.
നഗരസഭാധ്യക്ഷയായ പി.കെ. ശ്യാമളയുടെ പിടിവാശിയാണ് സാജന്റെ ഓഡിറ്റോറിയത്തിന് അനുമതി നല്‍കാതിരുന്നതിന് പിന്നിലെന്ന് ഓരോദിവസം ചെല്ലുന്തോറും കൂടുതല്‍ കൂടുതല്‍ വ്യക്തമാവുന്നു. പണിതീരാത്ത കെട്ടിടം സ്മാരകമായി നില്‍ക്കുമെന്ന് ശ്യാമള പറഞ്ഞതും, സാജന് ഭാര്യയോടുപറഞ്ഞ മരണമൊഴിയും ഇതിനുതെളിവാണ്. ഇതിനുപുറമെയാണ് സാജന്റെ മരണശേഷം സിപിഎം നേതാക്കള്‍ കൂട്ടത്തോടെ വീട്ടിലെത്തി പാര്‍ട്ടിയെ രക്ഷിക്കണമെന്ന് ഭാര്യയോട് അഭ്യര്‍ത്ഥിച്ചത്. ഇത്ര കഠിനഹൃദയരായ മനുഷ്യര്‍ മറ്റുപാര്ട്ടികളിലെന്നല്ല, ലോകത്തുതന്നെ ഉണ്ടോയെന്ന് സംശയമാണ്. സാജന്റെ മരണത്തില്‍ സിപിഎം നേതൃത്വത്തിനുള്ള പങ്കിനെക്കുറിച്ച് ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ അതുനീക്കുന്നതാണ് ഈനടപടി.
രക്തസാക്ഷികളോട് വലിയ ആസക്തിപുലര്ത്തുന്ന പാര്‍ട്ടിയാണ് സിപിഎം. രക്തസാക്ഷികളെ സൃഷ്ടിക്കുന്നതിനുള്ള അവസരം ഈ പാര്‍ട്ടി ഒരിക്കലും പാഴാക്കാറുമില്ല. ആചാര്യനായിരുന്ന പി. കൃഷ്ണപിള്ളയുടെ മരണവും അഴീക്കോടന്‍ രാഘവന്റെ മരണവും പാര്‍ട്ടി വിഭാഗീയതയുടെ ഭാഗമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. കൃഷ്ണപിള്ളയെ കടിച്ച പാമ്പ് ഏതാണെന്ന ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ല.
ആന്തൂരില്‍ സാജനെന്ന പ്രവാസിയെ ആത്മഹത്യയിലേക്ക് നയിച്ചതിലും സിപിഎമ്മിലെ വിഭാഗീയതയ്ക്ക് വലിയ പങ്കുള്ളതായാണ് വിവരം. സാജന്റെ ഓഡിറ്റോറിയത്തിന് അനുമതി കൊടുക്കാതിരുന്ന നഗരസഭാധ്യക്ഷ പി.കെ. ശ്യാമള, പിണറായി പക്ഷക്കാരനും പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവുമായ എം.വി. ഗോവിന്ദന്റെ ഭാര്യയുമാണ്. കുറഞ്ഞ കാലംകൊണ്ട് പിണറായിപക്ഷത്തിന് അനഭിമതനായിതീര്‍ന്ന പി. ജയരാജന്റെ പക്ഷത്തായിരുന്നുവത്രേ മരിച്ച സാജന്. ഇതാണ് സാജനോട് ശത്രുത പുലര്‍ത്താന്‍ ശ്യാമളയെ പ്രേരിപ്പിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രശ്നത്തില്‍ സാജന് എതിരായി എം.വി. ഗോവിന്ദന് ഇടപെട്ടതായി പാര്‍ട്ടി എംഎല്‍എതന്നെ വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
സാജന്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവവികാസങ്ങളില്‍ നഗരസഭാധ്യക്ഷ ശ്യാമള തെറ്റുചെയ്തുവെന്ന് പി. ജയരാജന് ആവര്‍ത്തിക്കുമ്പോള്‍, അവര്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ക്കാണ് തെറ്റുപറ്റിയതെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റേയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും നിലപാട്. സ്വന്തം പക്ഷക്കാരിയെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന വാശിയിലാണ് ഇവര്‍. സിപിഎമ്മില്‍ ഇക്കാര്യത്തിലുള്ള പടലപ്പിണക്കം എന്തുമായിക്കൊള്ളട്ടെ, തങ്ങള്‍ക്ക് അനഭിമതരായവരെ ജീവിക്കാന്‍ ഈ പാര്‍ട്ടി അനുവദിക്കാറില്ല. സാജന്റെ മരണം ഒറ്റപ്പെട്ടതല്ല. ആത്മഹത്യ ചെയ്തിട്ടില്ലെങ്കിലും സിപിഎമ്മിന്റെ പീഡനത്തെതുടര്‍ന്ന് ജീവിതം വഴിമുട്ടിയ നിരവധിപേരുണ്ട്. കേരളത്തിന്റെ നവനിര്‍മ്മാണത്തിന് പ്രവാസികളെ ആഹ്വാനം ചെയ്യുന്നവര്‍ സ്വന്തംനാട്ടില്‍ അവരെ ഒരുവിധത്തിലും ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന സ്ഥിതി അപലപനീയമാണ്. പാര്‍ട്ടിയെ ധിക്കരിച്ച വിനീത കോട്ടായി എന്ന വനിതയ്ക്കും, ഓട്ടോറിക്ഷ തൊഴിലാളിയായ ചിത്രലേഖയ്ക്കുമെതിരെ സിപിഎം ചെയ്തുകൂട്ടിയ അതിക്രമങ്ങള്‍ക്ക് കണക്കില്ല. ഈ സ്വേച്ഛാധിപത്യത്തിനെതിരെ വലിയ പ്രതിരോധം ഉയര്‍ന്നുവന്നേ മതിയാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: