വോട്ടെടുപ്പിനു മുന്‍പുതന്നെ, രാജ്യം വെട്ടിപ്പിടിച്ചമട്ടില്‍ തിമിര്‍ത്താടിയ മമത ബാനര്‍ജിക്കു മതിയായി. ബിജെപിയോട് ഒറ്റയ്ക്കു പൊരുതിക്കളയാമെന്ന ചങ്കൂറ്റം കൈമോശംവന്നു. ബദ്ധശത്രുക്കളായിരുന്ന സിപിഎമ്മിനേപ്പോലും സഹായത്തിനു വിളിക്കാന്‍ മടിയില്ലാത്ത അവസ്ഥയിലെത്തിക്കഴിഞ്ഞിരിക്കുന്നു ബംഗാളിലെ ദീദി. ബിജെപിക്കതിരെ ഒരുമിച്ചുനിന്നു പൊരുതാന്‍ കോണ്‍ഗ്രസ്സിനേയും സിപിഎമ്മിനേയും ക്ഷണിച്ചിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ ബംഗാള്‍ മുഖ്യമന്ത്രി. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി നിയമസഭാതെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചാല്‍പ്പിന്നെ പിടിച്ചുനില്ക്കാനൊരു തുരുത്തുപോലുമുണ്ടാവില്ലെന്ന അവസ്ഥയിലെത്തിയപ്പോഴാണ് യാഥാര്‍ഥ്യബോധം വന്നത്. കലാവധി കഴിഞ്ഞ പ്രധാനമന്ത്രി എന്നു, തെരഞ്ഞെടുപ്പുകാലത്തു നരേന്ദ്രമോദിയെ പരിഹസിച്ചപ്പോള്‍ മനസ്സുനിറയെ പ്രധാനമന്ത്രി കസേരയായിരുന്നു. അവിടെ താനോ തനിക്കുവേണ്ടപ്പെട്ടവരോ ഉണ്ടാകുമെന്ന് ഉറപ്പുമായിരുന്നു. ആ അഹങ്കാരത്തിന്റെ കൊടുമുടിയില്‍നിന്നാണ് പൊടുന്നനെ മമത നിലത്തിറങ്ങുന്നത്. അഹങ്കാരിയായ മുഖ്യമന്ത്രിയല്ല, മമതയിലെ രാഷ്ട്രീയക്കാരിയാണ് ഇപ്പോള്‍ സംസാരിക്കുന്നത്. അവരാണ് കൂടെനില്ക്കാന് സഹായികളെ തെരയുന്നത്. ഈ തിരിച്ചറിവ് നല്ലതാണ്. അത് അവരെ പക്വതയിലേയ്ക്കു നയിക്കുമെങ്കില്‍ അത് ബംഗാളിനും ബംഗാളികള്‍ക്കും രാജ്യത്തിനും ഗുണകരമായിരിക്കും. രാഷ്ട്രീയമായി എതിര്‍ക്കുന്നതും സഖ്യത്തിന് ആളെ കൂട്ടുന്നതും പോലെയല്ലല്ലോ പ്രധാനമന്ത്രിയെ ഒരു സംസ്ഥാന ഭരണാധികാരി പരസ്യമായി വെല്ലുവിളിക്കുന്നത്.
ചുഴലിക്കൊടുങ്കാറ്റു ബംഗാള്‍തീരത്തു നാശംവിതറിയപ്പോള്‍, പ്രധാനമന്ത്രിയെന്ന നിലയില്‍ വിവരങ്ങള്‍ അറിയാനും സഹായം വാഗ്ദാനം ചെയ്യാനുമാണ് മോദി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചത്. അത് ഒരു പ്രധാനമന്ത്രിയുടെ ചുമതലയാണല്ലോ. പക്ഷേ, മോദിയില്‍ തന്റെ രാഷ്ട്രീയശത്രുവിനെ മാത്രംകണ്ട മമത, അന്നുഫോണെടുക്കാന്‍പോലും കൂട്ടാക്കിയില്ല. ധിക്കാരവും പരിഹാസവും നിറഞ്ഞനിലയിലാണ് പിന്നീട് അതിനേക്കുറിച്ചു പ്രതികരിച്ചതും. കാലാവധികഴിഞ്ഞ പ്രധാനമന്ത്രിയോടു സംസാരിക്കാന്‍ താനില്ലെന്നും കാര്യങ്ങള്‍ പുതിയ പ്രധാനമന്ത്രിയുമായി സംസാരിച്ചുകൊള്ളാമെന്നുമായിരുന്നു പ്രതികരണം. അന്നു ദീദി മറന്നുപോയ ഒരു കാര്യമുണ്ട്. ബംഗാള്‍ അവര്‍ക്കുമാത്രം അവകാശപ്പെട്ടതല്ല. അവിടുത്തെ ജനങ്ങള്‍ അവരുടെ അടിമയുമല്ല. ഭരണഘടന നല്കുന്ന എല്ലാ അവകാശങ്ങളുമുള്ള ഇന്ത്യന്‍ ജനതയാണ് ബംഗാളികളും. അവരുടെ ഭരണാധികാരിമാത്രമാണ് മമത. ആ ബോധമുണ്ടായിരുന്നെങ്കില്, പ്രധാനമന്ത്രി വിളിക്കുംമുന്‍പ് അങ്ങോട്ടുവിളിച്ച് അവര്‍ സഹായം അഭ്യര്‍ത്ഥിക്കുമായിരുന്നു.
നിലവിട്ട പ്രതികരണങ്ങള്‍ പിന്നെയും പലതുംവന്നിരുന്നു മമതയില്‍നിന്ന്. രാഷ്ട്രീയക്കാരും ഭരണാധികാരിയും തമ്മിലുള്ള വ്യത്യാസമെന്തെന്നബോധം അന്ന് അവര്‍ക്കില്ലാതെ പോയി. രാഷ്ട്രീയ എതിരാളികളെ അടിച്ചൊതുക്കുകയും കൊന്നുതള്ളുകയും എതിര്‍പക്ഷത്തെ പാര്‍ട്ടിനേതാക്കളെ ബംഗാളില്‍ കാലുകുത്തിക്കില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ മമതയെ സാധാരണ രാഷ്ട്രീയ നേതാവുമാത്രമായി ബംഗാള്‍ ജനത കണ്ടിട്ടുണ്ടാവണം. അവര്‍ക്കുവേണ്ടിയിരുന്നത് മുഖ്യമന്ത്രിയേയാണ്. പാര്‍ട്ടി നേതാവിനെയായിരുന്നില്ല. അധികാരസ്ഥാനത്തിരിക്കുന്നവരുടെ ഓരോ വാക്കും എത്ര വിലപ്പെട്ടതാവുമെന്ന് മമതയ്ക്കു പഠിക്കാനുള്ള അവസരമാണ് ബംഗാളുകാര്‍ നല്‍കിയത്. ഇന്ത്യന്‍ ജനത അതു മറ്റു പല നേതാക്കള്‍ക്കും നല്‍കിയിട്ടുമുണ്ട്. ഒരു തെരഞ്ഞെടുപ്പ,് കേവലം ഒരു ഭരണകക്ഷിയെ നിശ്ചയിക്കുന്നതിനപ്പുറം മറ്റുചിലതുംകൂടിയായി മാറിക്കഴിഞ്ഞു. അത്തരമൊരു പുതിയ രാഷ്ട്രീയ സംസ്കാരത്തിന്റെ ഉദയമാണ് 17-ാം ലോകസഭാ തിരഞ്ഞെടുപ്പു കണ്ടത്. പറഞ്ഞതു പ്രവര്‍ത്തിച്ചു കാണിച്ചുതരുന്ന പുത്തന്‍ശൈലി ജനം അംഗീകരിച്ചു. അതിനെ മറികടക്കാന്‍ വെറും സഖ്യങ്ങള്‍ കൊണ്ടാവില്ല. മമതയെപ്പോലെ പലരും അത് ഉള്‍ക്കൊള്ളാന്‍ ഇനിയും കാലമെടുത്തേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: