അടിയന്തരാവസ്ഥയുടെ ഓര്‍മദിനത്തില്‍ കസ്റ്റഡി മരണത്തെക്കുറിച്ച് വിശദീകരണം നല്കുന്നതില് വിഷമമുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ ഇന്നലത്തെ വാക്കുകള്‍ ആത്മാര്‍ത്ഥതയുള്ളതാകട്ടെയെന്ന് ആഗ്രഹിക്കുന്നു. ആഭ്യന്തരംകൂടി കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രിയുടെ നിസ്സഹായാവസ്ഥയുടെ പ്രതിഫലനം ഇതിലുണ്ടെങ്കിലും കുറ്റസമ്മതത്തിന്റെ സ്വഭാവംകൂടിയുണ്ട്. അടിയന്തരാവസ്ഥയില്‍ ലോക്കപ്പ് മര്‍ദനത്തിന്റെ ഭീകരാവസ്ഥ അറിഞ്ഞ നേതാവാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി. അതുകൊണ്ടുതന്നെ ലോക്കപ്പ് മരണത്തെക്കുറിച്ച് അടിയന്തരാവസ്ഥയുമായി ബന്ധപ്പെടുത്തി പറയുന്നതിന് അദ്ദേഹത്തിന് അവകാശവുമുണ്ട്. അതിലെത്ര ആത്മാര്‍ത്ഥതയുണ്ട് എന്നതിലാണ് കാര്യം.
സംസ്ഥാനത്തെ പോലീസ്, പോലീസ് അല്ലാതായിട്ട് കുറെനാളായി. സിപിഎമ്മിന്റെ താളത്തിനൊത്ത് തുള്ളുന്ന ഒരുസംഘം മാത്രമായി മാറി. തല്ലിക്കൊല്ലാനും പിടിച്ചുപറിക്കാനും വെട്ടിക്കൊല്ലാനും തീകത്തിക്കാനും മാത്രമല്ല രാഷ്ട്രീയ എതിരാളികളെ മര്‍ദ്ദിച്ചും കള്ളക്കേസില്‍ കുടുക്കിയും ഇല്ലാതാക്കാനും പോലീസിലെ സഖാക്കള്‍ പരസ്യമായി പ്രവര്‍ത്തിക്കുന്നതിന് കുഴപ്പമില്ലെന്ന അവസ്ഥയാണിപ്പോള്‍. അതിന്റെ ബാക്കിപത്രമാണ് കസ്റ്റഡി മരണം.
എറണാകുളത്ത് ശ്രീജിത് എന്ന നിരപരാധി കസ്റ്റഡിയില്‍ ക്രൂരമര്‍ദനത്തിനിരയായി മരിച്ചപ്പോള്‍ അത് അവസാനത്തേതാകുമെന്ന് കേരളം കരുതി. എന്നാല്‍ കഴിഞ്ഞ മാസം നെടുങ്കണ്ടത്തും കസ്റ്റഡിമരണം ഉണ്ടായിരിക്കുന്നു. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിക്കാതെ രാജ്കുമാറെന്ന യുവാവിനെ പിടിച്ചുകൊണ്ടുവന്ന് ഇടിച്ചുകൊല്ലുകയായിരുന്നു നെടുങ്കണ്ടത്തെ പോലീസ്. മരണത്തിന്റെ പേരില്‍ ഏതാനും പോലീസുകാരെ സ്ഥലംമാറ്റിയെന്നത് നേര്. ശ്രീജിത്തിനെ കൊന്നപ്പോഴും ഇതേരീതിയിലുള്ള ശിക്ഷാനടപടികള്‍ ഉണ്ടായിരുന്നു. അന്ന് ശിക്ഷിക്കപ്പെട്ടവരൊക്കെ ഇന്ന് പ്രമോഷനോടുകൂടി പോലീസ് സേനയില്‍ തുടരുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ ശിക്ഷയും ജനങ്ങളുടെ കണ്ണില്‍ പൊടിയിടല്‍ മാത്രം.
കൊള്ളാവുന്ന പോലീസുകാരെ മൂലയ്ക്കിരുത്തി കുപ്രസിദ്ധരെ താക്കോല്‍സ്ഥാനങ്ങളില്‍ നിയമിച്ചതാണ് കേരളാ പോലീസിന്റെ അപചയത്തിന് കാരണം. ലോക്കപ്പ് മരണം സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയില്‍ ബഹളം വച്ചപ്പോള്‍ മറുപടിപറഞ്ഞ മുഖ്യമന്ത്രി തെറ്റ് സമ്മതിച്ചു. രാജ്കുമാറിന്റെ മരണത്തില്‍ സംശയകരമായ സാഹചര്യമുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ കുമ്പസാരം. തെറ്റുചെയ്ത പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും പ്രഖ്യാപനമുണ്ടായി. മൂന്ന് വര്‍ഷത്തെ ഭരണത്തിനിടയില്‍ മുഖ്യമന്ത്രിക്ക് ഏറ്റവും കൂടുതല്‍തവണ ന്യായീകരിക്കേണ്ടി വന്നത് തന്റെ പോലീസുകാരെയാണ്.
കസ്റ്റഡിമരണം മാത്രമല്ല, സംസ്ഥാനത്തെ ജയിലുകളില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലും മുഖ്യമന്ത്രിക്ക് തലകുനിക്കേണ്ടിവന്നു. ജയിലുകളില്‍ നടക്കാന്‍ പാടില്ലാത്തതാണ് നടക്കുന്നതെന്നും തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നുമാണ് ഉറപ്പ്. ജയിലുകളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം തടയാന്‍ മൊബൈല്‍ ജാമറുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ ജയിലിനുള്ളില്‍ ഫോണുപയോഗിക്കുന്നില്ലെന്നു മുന്‍പ് പറഞ്ഞത് നുണയാണെന്നു സമ്മതിക്കുകയാണ്.
സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ജയില്‍ ഗേറ്റുകളില്‍ ഇന്ത്യന്‍ ബറ്റാലിയനിലെ സ്കോര്‍പ്പിയോണ്‍ സേനയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. കേരളാ പോലീസിന്റെ കഴിവുകേടാണ് ഇത് സൂചിപ്പിക്കുന്നത്. രാജ്യത്തെ മികച്ച പോലീസെന്ന് വീമ്പിളക്കുമ്പോള്‍ ജയിലില്‍ സുരക്ഷ നല്‍കാന്‍പോലും കഴിയാത്തവരെന്ന് മുഖ്യമന്ത്രി സമ്മതിക്കുന്നത് സേനയ്ക്ക് ഗുണകരമല്ല. ജയിലുകളില്‍നിന്ന് കഞ്ചാവും മൊബൈല്‍ ഫോണുകളും പിടിച്ചെടുക്കുന്നുവെന്ന് മാത്രമല്ല, കൊടുംകുറ്റവാളികള്‍ ജയിലില്‍കിടന്ന് കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യുകയും ക്വട്ടേഷനുകള്‍ ഏറ്റെടുക്കുകയും ചെയ്യുന്നു.
രാഷ്ട്രീയ തടവുകാര്‍, പ്രത്യേകിച്ച് ഭരിക്കുന്ന പാര്‍ട്ടിക്ക് താത്പര്യമുള്ളവര്‍ ജയിലുകളെ സുഖവാസകേന്ദ്രമായി മാറ്റിയിരിക്കുന്നു. ഇതിനൊക്കെ കാരണം പോലീസിന്റെ കുത്തഴിഞ്ഞ പ്രവര്‍ത്തനംതന്നെയാണ്. എങ്ങനെ നയിക്കണമെന്നറിയാത്ത നായകനും ചുമതല എന്തെന്നറിയാത്ത കുറെ ഉദ്യോഗസ്ഥരുംചേര്‍ന്ന് പുകള്‍പെറ്റ കേരളാ പോലീസിനെ പടുകുഴിയിലാക്കുന്ന സംഭവങ്ങളാണ് ഒന്നിനുപുറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്നത്. അതിന് നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഏറ്റുപറച്ചില്‍കൊണ്ട് മാത്രം കാര്യമില്ല. പോലീസിന്റെ ഊരും ഉശിരും വീണ്ടെടുക്കാന്‍ ശക്തമായ നടപടികളാണ് വേണ്ടത്. അതുണ്ടാകുമോ എന്നാണറിയേണ്ടത്. അടിയന്തരാവസ്ഥയുടെ ഓര്‍മദിനത്തിലെങ്കിലും അത്തരമൊരു തീരുമാനമെടുക്കാന്‍ സാധിച്ചാല്‍ നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: