ന്യൂദല്‍ഹി: മുന്‍ കണ്ണൂര്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എ.പി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി വര്‍ക്കിങ് കമ്മറ്റി ഓഫീസില്‍ വെച്ച് ബിജെപി വര്‍ക്കിങ്ങ് പ്രസിഡന്റ് ജെപി നദ്ദയില്‍ നിന്നാണ് അദേഹം അംഗത്വം സ്വീകരിച്ചത്. രാജ്യസഭാംഗങ്ങളായ വി മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, ബിജെപി ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും ആശിര്‍വാദത്തോടെയാണ് താന്‍ അംഗത്വം നേടിയതെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ദക്ഷിണേന്ത്യയില്‍ കുറെ സ്ഥലങ്ങളിലെങ്കിലും ബിജെപിയും മുസ്ലിങ്ങളും തമ്മില്‍ അകല്‍ച്ചയുണ്ട്. ഇത് കുറച്ചു കൊണ്ടുവരാനുള്ള ശ്രമമാണ് താന്‍ ശ്രമിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. താന്‍ ദേശീയ മുസ്ലീമാണെന്നും ദേശസ്‌നേഹം ഞങ്ങളുടെ ഈമാനാണെന്നും അദേഹം പറഞ്ഞു.
തന്നെ സിപിഎമ്മും കോണ്‍ഗ്രസ്സും പുറത്താക്കിയത് ഒരേ കാരണത്തിനാണ്. നരേന്ദ്രമോദിയുടെ വികസന നയത്തെ പിന്തുണച്ചതിനായിരുന്നു അത്. മോദിയുടെ കൈകളില്‍ രാജ്യത്തെ മുസ്ലിങ്ങള്‍ സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു.
















