ആലപ്പുഴ : മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിലെ അനധികൃത കെട്ടിടങ്ങള്‍ക്കുള്ള പിഴ വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് ആലപ്പുഴ നഗരസഭാ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ യോഗത്തില്‍ പ്രതിഷേധം. നിയമ വിരുദ്ധമായി കെട്ടിടങ്ങള്‍ നിര്‍മിച്ചതിന് ലേക് പാലസ് റിസോര്‍ട്ടിന് നഗരസഭ 2.75 കോടി രൂപയാണ് പിഴ ചുമത്തിയത്. ഇത് 35 ലക്ഷമാക്കി വെട്ടിക്കുറയ്‌ക്കുകയായിരുന്നു.
ഇതിനെതിരെ തോമസ് ചാണ്ടിയുടെ കമ്പനി സര്‍ക്കാരിന് അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പിഴത്തുക വെട്ടിക്കുറച്ചു. പിന്നീട് നഗരകാര്യ റീജ്യണല്‍ ജോയിന്റ് ഡയറക്ടര്‍ തോമസ് ചാണ്ടി 35 ലക്ഷം രൂപ പിഴ ഒടുക്കിയാല്‍ മതിയെന്ന റിപ്പോര്‍ട്ടും സമര്‍പ്പിക്കുകയായിരുന്നു.
ലേക് പാലസ് റിസോര്‍ട്ടിലെ 10 കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും അനധികൃതമാണെന്നും 22 കെട്ടിടങ്ങളില്‍ വിസ്തീര്‍ണ്ണത്തില്‍ കുറവ് ഉണ്ടെന്നും ആലപ്പുഴ നഗരസഭ നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 22 കെട്ടിടങ്ങളുടെ കൂട്ടിയ വിസ്തീര്‍ണത്തിന് 2002 മുതലുള്ള കെട്ടിട നികുതിയും 10 കെട്ടിടങ്ങള്‍ക്ക് 2012 മുതലുള്ള നികുതിയും പിഴയും അടക്കം 2.75 കോടി രൂപ നഗരസഭ അടയ്‌ക്കാനായിരുന്നു ആദ്യ നിര്‍ദ്ദേശം.
ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം അന്വേഷണം നടത്തിയ നഗരകാര്യ റീജ്യണല്‍ ജോയിന്റ് ഡയറക്ടര്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ തുക മാത്രമെ ഈടാക്കാന്‍ വ്യവസ്ഥയുള്ളൂ എന്നാണ് നഗരസഭയെ അറിയിച്ചത്. ലേക് പാലസ് റിസോര്‍ട്ടിലെ 10 അനധികൃത കെട്ടിടങ്ങള്‍ക്ക് ഉള്‍പ്പെടെ നികുതിയും പിഴയുമായി 2.71 കോടി രൂപ അടയ്‌ക്കാന്‍ നിര്‍ദ്ദേശിച്ച നഗരസഭയ്‌ക്ക് ഇനി 35 ലക്ഷം മാത്രമെ കിട്ടുകയുള്ളൂ. കെട്ടിടങ്ങള്‍ ക്രമവത്കരിക്കാന്‍ കമ്പനി നല്‍കിയ അപേക്ഷയില്‍ ഉടന്‍ തീരുമാനമെടുക്കാനാണ് നഗരസഭയ്‌ക്കുള്ള നിര്‍ദ്ദേശം. ഇതോടൊപ്പം റിസോര്‍ട്ടിന്റെ ലൈസന്‍സ് പുതുക്കി നല്‍കാനുള്ള നടപടികള്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി സ്വീകരിക്കണമെന്നും സര്‍ക്കാര്‍ നഗരസഭയ്‌ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
















