തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ ജന വികാരം മനസ്സിലാക്കുന്നതില്‍ ഇടതുപക്ഷ സര്‍ക്കാര്‍ പരാജയപ്പെട്ടാണ് തെരഞ്ഞെടുപ്പില്‍ മുഖ്യ തിരിച്ചടിയായതെന്ന് സിപിഎം അവലോകന റിപ്പോര്‍ട്ട്. വനിതാമതിലിനുശേഷം രണ്ട് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി മടങ്ങിയതാണ് ജനങ്ങള്‍ സര്‍ക്കാരിനെതിരെ തിരിയാന്‍ കാരണമായി.
ശബരിമല വിഷയം ജനങ്ങള്‍ക്കിടയില്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചത്. ജനങ്ങളുടെ മനസ്സ് മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടത് ഗൗരവകരമാണെന്നും വിലയിരുത്തുന്നു. പാര്‍ട്ടി മുഖപത്രത്തില്‍ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ഇത് സംസ്ഥാനത്ത് ബിജെപിയുടെ വോട്ടിങ് ശതമാനം വര്‍ധിപ്പിച്ചു. കൂടാതെ സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂല സാഹചര്യം ഉണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കൂടാതെ കേന്ദ്രത്തില്‍ മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഇടതുപക്ഷ സാന്നിധ്യം ശക്തിപ്പെടുത്തണമെന്ന മുദ്രാവാക്യത്തിന് വിശ്വാസം നേടാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കേന്ദ്രകമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം ചര്‍ച്ചക്ക് ശേഷം അംഗീകരിച്ചു.
ജനങ്ങളെ തിരിച്ചുപിടിക്കാന്‍ ശക്തമായ രാഷ്‌ട്രീയ ഇടപെടലിന് ആഹ്വാനം ചെയ്യുന്ന റിപ്പോര്‍ട്ട് ജനങ്ങള്‍ അകന്നതും പരമ്പരാഗത വോട്ടില്‍ ഒരുഭാഗത്തിന്റെ വിട്ടുപോകലും മനസ്സിലാക്കാന്‍ ആഴത്തിലുള്ള അവലോകനം ആവശ്യമാണെന്നും വിലയിരുത്തുന്നു.
















