ആരംഭണാധികരണത്തിലെ അവസാന രണ്ട് സൂത്രങ്ങളാണ് ഇനി.
സൂത്രം പടവച്ച
വസ്ത്രത്തെപ്പോലെയും ജഗത്തിന്റെ കാരണത്തെപ്പറ്റി ഊഹിക്കാം.
ജഗത്ത് ബ്രഹ്മത്തിലിരിക്കുന്നത് നൂലില്‍ വസ്ത്രമിരിക്കുന്നത് പോലെയാണ്. നൂലുകൊണ്ടാണ് വസ്ത്രമുണ്ടാക്കുന്നത്. അത് നെയ്യുന്നതിന് മുമ്പ് നൂലായിരിക്കുമ്പോള് വസ്ത്രത്തെ കാണാനാകില്ല. എങ്കിലും സൂക്ഷ്മ രൂപത്തില്‍ അപ്പോഴും വസ്ത്രമുണ്ട്. അത് പ്രകടമായിട്ടില്ല എന്നു മാത്രം. ഇത് പോലെ പ്രകടമാകാത്ത ജഗത്ത് ബ്രഹ്മത്തിലിരിക്കുന്നുണ്ട്.
വസ്ത്രം നിവര്ത്തിക്കാണിക്കുമ്പോള് അത് ഇന്ന വസ്ത്രമാണെന്ന് നാം തിരിച്ചറിയുന്നു.എന്നാല്‍ അത് ചുരുട്ടി മടക്കി എവിടെയെങ്കിലും വച്ചാല്‍ ഏത് വസ്ത്രമാണ് അതെന്ന് വ്യക്തമായി അറിയാന്‍ കഴിയില്ല.
നൂല് വസ്ത്രമായിത്തീരുന്നതിന് മുമ്പ് സൂക്ഷ്മരൂപത്തിലും വസ്ത്രമായതിനു ശേഷം വ്യക്തമായും ഇരിക്കുന്നു.
വസ്ത്രം പ്രകടമാകാതെ ഇരിക്കുന്ന കാലത്തോളും നൂലില്‍ അഥവാ പരുത്തിയില്‍ അപ്രകടമായി ശക്തി രൂപത്തില്‍ ലയിച്ചിരിക്കുകയാണ്. പ്രകടമാകുമ്പോള്‍ മാത്രമാണ് വസ്ത്രം എന്ന് അറിയപ്പെടുന്നത്. രണ്ട് അവസ്ഥയിലും അത് ശക്തിരൂപത്തിലുള്ള സത് ഭാവമാണ് അസത് അല്ല.
സ്വര്‍ണ്ണം സ്വര്ണ്ണാഭരണങ്ങളായതിനു ശേഷവും സ്വര്‍ണ്ണം തന്നെയായിരിക്കും.
ജഗത്ത് പ്രകടമാകാത്ത കാലത്തോളം ശക്തിരൂപത്തില്‍ ബ്രഹ്മത്തിലുണ്ട്. ഇല്ലായ്മയില്ല.
ജഗത്തായി മാറിയാലും അത് ബ്രഹ്മം തന്നെ.
സൂത്രം യഥാ ച പ്രാണാദി
ഏതു പോലെയാണോ പ്രാണന് മുതലായത് അത് പോലെ ഇവിടെയും കാണാം.
പ്രാണനും സ്ഥൂല ഇന്ദ്രിയങ്ങളും എങ്ങനെയാണോ അതുപോയ ജഗത്ത് കാരണമായ ബ്രഹ്മത്തില്‍ ലയിച്ചിരിക്കുന്നു.
മരിക്കുമ്പോള്‍ പ്രാണന് മുതലായ വായുക്കളും ഇന്ദ്രിയങ്ങളും ആത്മാവിനോടു കൂടി ഈ ശരീരം വിട്ട് ജീവന്റെ കൂടെ പോകും. അപ്പോള്‍ പ്രാണനും ഇന്ദ്രിയങ്ങളും ജീവനും ഇല്ലാവുന്നില്ല. പ്രകടമായി കാണുന്നില്ലെന്ന് മാത്രം. ഇവ പിന്നീട് മറ്റൊരു ശരീരത്തിലൂടെ പ്രകടമാകുമ്പോള്‍ വീണ്ടും ഉള്ളതായി തോന്നും. പ്രകടമായി കാണാത്ത സമയത്ത് ഇല്ലാതാവുന്നുമില്ല.
ജഗത്ത് ഇതേപോലെ ബ്രഹ്മത്തില്‍ ശക്തിസ്വരൂപത്തില് ലയിച്ചിരിക്കുന്നു. സൃഷ്ടി സമയത്ത്വീണ്ടും പ്രകടമാകുന്നു. ഈ രണ്ട് തലത്തിലും കാരണം ബ്രഹ്മം തന്നെയാണ്.
ഇതരവ്യപദേശാധികരണം
ഏഴാമത്തെ അധികരണമായ ഇതില്‍ മൂന്ന് സൂത്രങ്ങളാണ് ഉള്ളത്.
സൂത്രം ഇതരവ്യപദേശാദ്ധിതാകരണാദിദോഷ പ്രസക്തി:
(ഇതര വ്യപദേശാത് ഹിത കരണാദി ദോഷ പ്രസക്തി:)
ബ്രഹ്മം തന്നെയാണ് ഇതനായ ജീവന് എന്ന് പറഞ്ഞിട്ടുള്ളതിനാല്‍ ഹിതം ചെയ്യാതിരിക്കുക മുതലായ ദോഷങ്ങള്‍ വന്നു ചേരുന്നു.
പൂര്‍വപക്ഷത്തിന്റെ വാദത്തെയാണ് ഈ സൂത്രത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്.ഇതിനെ അടുത്ത സൂത്രങ്ങളില്‍ നിഷേധിച്ച് സമാധാനം പറയും.
ബ്രഹ്മവും ജീവനും ഒന്നാണെന്ന് ശ്രുതികളില്‍ പറയുന്നുണ്ട്. ഇതിനെയാണ് ഹിതകരമല്ലാത്തതായി പൂര്‍ച്ച പക്ഷം ചൂണ്ടിക്കാട്ടുന്നത്.
ഛാന്ദോഗ്യോപനിഷത്തില്‍ ‘തത്ത്വമസി ശ്വേതകേ തോ’ ശ്വേതകേതോ നീ അത് തന്നെയാകുന്നു എന്ന് പറഞ്ഞ് ജീവന് ബ്രഹ്മം തന്നെയെന്ന് ഉപദേശിക്കുന്നു. തൈത്തി രീയത്തില് ‘തത് സൃഷ്ട്വാ തദേവാനുപ്രാവിശത്’ അതിനെ സൃഷ്ടിച്ചിട്ട് അതില്‍ അനുപ്രവേശിച്ചു എന്ന് പറഞ്ഞ് ബ്രഹ്മം തന്നെ ജീവനെന്ന് പറയുന്നു. ഛാന്ദോഗ്യത്തില്‍ ‘അനേന ജീവേ നാത്മനാനുപ്രവിശ്യ നാമരൂപേ വ്യാകരവാണി ‘ ഈ ജീവാത്മസ്വരൂപത്തില് പ്രവേശിച്ച് നാമരൂപങ്ങളെ സ്ഥൂലങ്ങളാക്കിത്തീര്ക്കുമെന്നും ജീവാത്മാവും പരമാത്മാവും ഒന്നാണെന്നും പറയുന്നു.
ഇങ്ങനെ ജീവനും ബ്രഹ്മവും ഒന്നെന്ന് പറയുമ്പോള്‍ ജീവന് ചില വിഷമതകളെ കാണുന്നു.
ജീവന് പല ബന്ധനങ്ങളും വന്നു ചേരുന്നുണ്ട്. ശരീരവുമായി ബന്ധപ്പെട്ടിരിക്കുന്ന ആത്മാവിന് ഇത്തരം കഷ്ടയുണ്ടാകുന്നതിനാല് ചേതന ബ്രഹ്മത്തില്‍ നിന്നാണ് ജഗത്ത് ഉണ്ടായതെന്ന് പറയാനാവില്ല എന്ന് പൂര്‍വപക്ഷം വാദിക്കുന്നു. മറുപടി തുടര്‍ന്നുള്ള രണ്ട് സൂത്രങ്ങളില്‍ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: