ഇരുണ്ട രണ്ടുവര്‍ഷക്കാലത്തെ ഓര്‍മകളിലേയ്ക്കുള്ള തിരിച്ചുപോക്കിന്റെ ദിവസമാണ് ഇന്ത്യയെ സംബന്ധിച്ച് ഇന്ന്. കസേര കൈവിട്ടുപോകാതിരിക്കാന്‍ ഒരു ഭരണാധികാരി, രാജ്യത്തേയാകെ കൈവിലങ്ങിട്ടുനിര്ത്തിയ നാളുകളുടെ ഓര്മ. അടിയന്തരാവസ്ഥ എന്ന ആ വാക്ക് ഇന്നത്തെ തലമുറയിലെ പലര്‍ക്കും കേട്ടുകേള്‍വി മാത്രമാണെങ്കിലും അതിന്റെ കയ്പുനീര് നേരിട്ടനുഭവിച്ചവരും കണ്ടും കേട്ടറിഞ്ഞവരും ഇന്നും ജീവിച്ചിരിപ്പുണ്ട്. എതിര്‍ത്തുനിന്നവര്‍ പലരും ക്രൂരപീഡനങ്ങളേറ്റു ജീവച്ഛവങ്ങളായി. ആ ഇരുളിന്റെ മറവില്‍ ജീവിതവും അധികാരവും ആസ്വദിച്ചവരും പലരുണ്ട്. അവരൊക്കെ പിന്നീടും അധികാരത്തിന്റെ ശീതളച്ഛായ ആസ്വദിച്ചു. ആരുടെയോ രക്തത്തിന്, മെയ്യനങ്ങാതെ പങ്കുപറ്റുന്നതുപോലെ. ഇന്ത്യന്‍രാഷ്ട്രീയം അന്ന് അങ്ങനെയൊക്കെയായിരുന്നു.
കോടതി വിധിയേത്തുടര്‍ന്ന് അധികാരം ഒഴിയേണ്ടിവന്ന ഇന്ദിരാഗാന്ധി എന്ന പ്രധാനമന്ത്രി, അതിനെ മറികടക്കാന്‍ കണ്ട മാര്‍ഗമായിരുന്നു രാജ്യത്തിന്റെ കണ്ണുമൂടിക്കെട്ടിയ അടിയന്തരാവസ്ഥ പ്രഖ്യാപനം. തനിക്കുവഴങ്ങാത്ത രാഷ്ട്രീയപ്രതിയോഗികളെ മുഴുവന്‍ ജയിലിലടച്ചു. എതിര്‍ക്കുന്നവരെ ഒതുക്കാന്‍ പൊലീസ് സേനയെ സ്വന്തം സ്വാകര്യസേനയെപ്പോലെ ഉപയോഗിച്ചു. മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടി. രാജ്യതാത്പര്യമെന്നാല് എന്റെ താത്പര്യം എന്ന മട്ടില്‍ രാജ്യഭരണം കൈയാളി. ഇന്ദിരയാണ് ഇന്ത്യ എന്ന് അനുചരവൃന്ദം പാടിനടന്നു. അത് ഏറ്റുപാടിക്കൊണ്ട്, അനുസരണയോടെ പല മാധ്യമങ്ങളും വാലാട്ടിനിന്നു. വിപ്ളവപ്പാര്ട്ടികള്പോലും പേടിച്ചു മാളത്തിലൊളിച്ചു. ഇരുമ്പുമറയ്ക്കപ്പുറം ആരോരുമറിയാതെ അവകാശധ്വംസനങ്ങളും കൊടുംപീഡനങ്ങളും മുറയ്ക്കുനടന്നു. പക്ഷേ, ആ അധികാരമുഷ്കിനും കീഴടക്കാനാവാത്തതായിരുന്നു ഈ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യവാഞ്്ഛ. രാഷ്ട്രപാരമ്പര്യത്തെ മുറുകെപ്പിടിച്ചു പൊരുതാന്‍ മുന്നിട്ടിറങ്ങിയത് രാഷ്ട്രീയ സ്വയംസേവക സംഘം എന്ന സന്നദ്ധപ്രസ്ഥാനവും അതിന്റെ പരിവാരങ്ങളും മാത്രം. അവര്‍ക്ക് അതൊന്നും പുത്തരിയല്ലായിരുന്നല്ലോ. കിരാതവാഴ്ചയുടെ വികൃതമുഖം ജനങ്ങളിലെത്തിച്ചതും പൊതുസമൂഹത്തിന്റെ വികാരത്തെ ഏകോപിപ്പിച്ചതും അവരായിരുന്നു. രാഷ്ട്രമനസ്സു തൊട്ടറിഞ്ഞവര്ക്കല്ലേ ആ വേദനയും അറിയാനാവൂ. ആ പോരാട്ടം അനിവാര്യമായ വിജയം കണ്ടപ്പോഴാണ് അതിന്റെ അവകാശവാദവുമായി പലരും മാളത്തില്നിന്നു പുറത്തിറങ്ങിയത്.
രാജ്യം മറക്കില്ല ആ കാലവും അനുഭവവും. രാഷ്ട്രമനസ്സില്‍ കരുവാളിച്ചുകിടക്കുന്ന ആ വേദന, എത്ര തലമുറ മാറിയാലും, ഉണങ്ങാത്ത മുറിവായി അവശേഷിക്കും. അതിന്റെ സജീവമായ തെളിവാണ് അന്നു പൊരുതിപ്പിടിച്ചുനിന്നവരും പൊരുതിവീണവരുടെ പിന്മുറക്കാരും ഇന്നു രാഷ്ട്രത്തിന്റെ ഭാവിനിര്‍ണയിക്കുന്നത്. അവര്‍ക്കു മുന്നിലേയ്ക്കാണ്, അന്ന് അതിനുമുന്നില്‍ വാലാട്ടിയ പലരും ഇന്നത്തെ സര്‍ക്കാരിനുനേരേ കിരാതഭരണത്തിന്റെ പേരും പറഞ്ഞു വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് പേരെ കൊന്നൊടുക്കിയപ്പോഴും അംഗഹീനരാക്കിയപ്പോഴും ചലിക്കാത്ത നാവുകള്‍ ഇന്നു ചലിക്കുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും മാധ്യമസ്വാതന്ത്ര്യത്തിന്റെയും പേരില്‍ ഇന്നുകേള്‍ക്കുന്ന മുറവിളികളും പോര്‍വിളികളുമൊന്നും ഇവരില്‍നിന്ന് അന്നു കേട്ടിരുന്നില്ല.
ഇന്നുകാണുന്നത് കിരാതഭരണമല്ല, ജനമനസ്സുതൊട്ട ഭരണമാണ്. ജനസമൂഹത്തിന്റെ മനസ്സറിഞ്ഞുള്ള ഭരണം. ഇന്ത്യന്‍ രാഷ്ട്രീയ സംസ്കാരം മാറിയിരിക്കുന്നു. തെറ്റിനെ തെറ്റെന്നുപറയാനും കള്ളനെ കള്ളനെന്നു വിളിക്കാനും തടയേണ്ടതിനെ തടയാനും ഭരണകൂടം കാണിക്കുന്ന തന്റേടത്തിനു ജനമനസ്സിന്റെ കരുത്തും അടിത്തറയുമുണ്ട്. വാക്കുകള്‍കൊണ്ടുള്ള വൃഥാവ്യായാമംകൊണ്ട് അതിനെ തകര്‍ക്കാനാവില്ല. പിടിച്ചെടുക്കാനുമാവില്ല. അധികാരക്കുത്തകയുടെ കറുത്ത കൈകള്‍ക്കുമുന്നില്‍ താണുവണങ്ങിയ പ്രസ്ഥാനങ്ങള്‍ക്കും നേതാക്കള്‍ക്കും യാഥാര്‍ഥ്യം ഈ ഉള്‍ക്കൊള്ളാന്‍ നാളുകള്‍ കുറെ വേണ്ടിവന്നെന്നു വരും. ഇനി വരാതിരിക്കട്ടെ ആ ഭീകര ദിനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: