പത്തനംതിട്ട: ശബരിമല പൂങ്കാവനത്തിന്റെ ഭാഗമായ പാഞ്ചാലിമേട്ടിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ശബരിമല അയ്യപ്പസേവാസമാജം ദേശീയ വൈസ്ചെയര്‍മാന്‍ സ്വാമി അയ്യപ്പദാസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പാഞ്ചാലിമേട്ടിനു സമീപമുള്ള പാണ്ഡവമേട്ടിലായിരുന്നു ഭുവനേശ്വരീക്ഷേത്രം. ഇവിടം കൈയേറി വിഗ്രഹത്തിനു മുന്നില്‍ കുരിശ് സ്ഥാപിച്ചതിനെ തുടര്‍ന്ന് വിഗ്രഹം സ്വാമി സത്യാനന്ദസരസ്വതിയുടെ നേതൃത്വത്തില്‍ പാഞ്ചാലിമേട്ടിലേക്ക് മാറ്റി പ്രതിഷ്ഠിച്ചു. ക്ഷേത്രസ്ഥലം കൈയേറി കുരിശു നാട്ടിയവര്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ പാഞ്ചാലിമേട്ടിനും പാണ്ഡവമേട്ടിനുമിടയിലുള്ള കുളത്തിലിട്ട് മൂടി. ഈ കുളത്തിന് സമീപം മൂന്നര ഏക്കര്‍ സ്ഥലം ഒരു ബിഷപ്പിന്റെ പേരിലാക്കി 1991വരെ കരം സ്വീകരിച്ചു. 1991ന് ശേഷം കരം അടച്ചിട്ടില്ല.
പാണ്ഡവമേടും പാഞ്ചാലിമേടും ഉള്‍പ്പെടുന്ന 269 ഏക്കര്‍ വഞ്ചിപ്പുഴമഠം വകയായിരുന്നു. എന്നാല്‍, റീ സര്‍വെയില്‍ 22 ഏക്കര്‍ ദേവസ്വത്തിനും ബാക്കി റവന്യൂ പുറമ്പോക്കായും രേഖപ്പെടുത്തി. അനധികൃത കുരിശുകള്‍ അവിടെനിന്നു മാറ്റണം. ബിഷപ്പിന് അനുവദിച്ച ഭൂമി തിരിച്ച് ക്ഷേത്രത്തെ ഏല്‍പ്പിക്കണം. ക്ഷേത്ര ദര്‍ശനത്തിന് പോകുന്നവരോട് പത്തുരൂപ വീതം ടൂറിസത്തിന്റെ പേരില്‍ ഈടാക്കി പാസ് നല്‍കുന്നത് അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങളും അയ്യപ്പസേവാസമാജം ഉന്നയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ സമാജം സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരപ്പാട്, സംസ്ഥാന ജോ. ജനറല്‍ സെക്രട്ടറി അമ്പോറ്റി കോഴഞ്ചേരി എന്നിവരും പങ്കെടുത്തു.
















