Categories: Kerala

സര്‍ക്കാര്‍ മദ്യം വില്‍ക്കുന്നത് പത്തിരട്ടി ലാഭത്തിന്

കോട്ടയം: മദ്യം വില്‍ക്കുമ്പോള്‍ സര്‍ക്കാരിന് ലഭിക്കുന്നത് പത്തിരട്ടി ലാഭം. 60 രൂപ മുതല്‍ 180 രൂപവരെ വില നല്‍കി കമ്പനികളില്‍ നിന്ന് വാങ്ങി ബിവറേജ് ഔട്ട്‌ലെറ്റുകള്‍ വഴി വിതരണം ചെയ്യുന്ന മദ്യത്തിന് സര്‍ക്കാര്‍ ഈടാക്കുന്നത് പത്തിരട്ടിയോളം അധികം വില. ബ്ലേഡുകാരെ വെല്ലുന്ന തീവെട്ടിക്കൊള്ളയാണിത്.

മദ്യശാലകളുടെ എണ്ണം വര്‍ധിപ്പിച്ച് മദ്യപാനത്തിന് പ്രോത്സാഹനം നല്‍കുന്നവരാണ് സാമ്പത്തിക ദുരന്തത്തിലേക്ക് കൂടി എത്തിക്കുന്ന തരത്തില്‍ മദ്യത്തിന് അധികം വില ഈടാക്കുന്നത്. തിരുവനന്തപുരം സ്വദേശി ഡോ. ജോസ് സെബാസ്റ്റ്യന് സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയിലാണ് ഈ കൊള്ളയുടെ വിവരം. 

750 മില്ലിയുള്ള ഓഫീസേഴ്‌സ് ചോയ്‌സ് ഡീലക്‌സ് ബ്രാന്‍ഡി ബിവറേജസ് കോര്‍പ്പറേഷന് ലഭിക്കുന്നത് 60.49 രൂപയ്‌ക്കാണ്. ഇത് വില്‍ക്കുന്നത് 690 രൂപയ്‌ക്ക്. 750 മില്ലി ഓഫീസേഴ്‌സ് ചോയ്‌സ് റം കോര്‍പ്പറേഷന്‍ വാങ്ങുന്നത് 61.03 രൂപയ്‌ക്ക്. വില്‍ക്കുന്നത് 650 രൂപയ്‌ക്കും. 750 മില്ലി ഓഫീസേഴ്‌സ് ചോയ്‌സ് വിസ്‌കി പ്രസ്റ്റീജ് വാങ്ങുന്നത് 58.27നും വില്‍ക്കുന്നത് 630 നുമാണ്. 750 മില്ലി ബെക്കാര്‍ഡി ക്ലാസിക്ക് സൂപ്പര്‍ റം വാങ്ങുന്നത് 167.36നും വില്‍ക്കുന്നത് 1240 നുമാണ്. ഇതുപോലെ തന്നെയാണ് മറ്റ് പല ബ്രാന്‍ഡുകളുടെയും വില.

രാജ്യത്ത് മദ്യത്തിന് ഏറ്റവുമധികം നികുതി ചുമത്തുന്നതും, വില ഈടാക്കുന്നതും കേരളത്തിലാണ്. മദ്യം ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തരുതെന്ന് വാശിപിടിച്ചത് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കായിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക