ആരംഭണാധികരണത്തിലെ നാലാം സൂത്രം ഇനി ചര്‍ച്ച ചെയ്യുന്നു.
സൂത്രം: അസദ്വ്യപദേശാന്നേതി ചേന്ന ധര്മ്മാന്തരേണ വാക്യശേഷാത്
(അസദ് വ്യപദേശാത് ന ഇതി ചേത് ന ധര്മ്മാന്തരേണ വാക്യശേഷാത് )
സൃഷ്ടിക്ക് മുമ്പ് ജഗത്ത് അസത്തായിരുന്നു എന്ന് പറഞ്ഞതിനാല്‍ ജഗത്തു ഉണ്ടാവാനേ തരമില്ലെന്ന് വാദിക്കുന്നത് ശരിയല്ല. മറ്റൊരു ധര്‍മ്മത്തെ കരുതിയാണ് അങ്ങനെ പറഞ്ഞതെന്ന് വാക്യത്തിന്റെ തുടര്‍ന്നുള്ള ഭാഗം കൊണ്ട് വ്യക്തമാണ്.
ആദ്യമുണ്ടായിരുന്നത് അസത്ത് എന്ന വാക്യം കേള്‍ക്കുമ്പോഴേക്കും ചാടിക്കേറി നിഗമനത്തിലെത്തുന്നവര്ക്കുള്ള താക്കീതാണ് ഈ സൂത്രം. ആ വാക്യത്തെ തുടര്‍ന്ന് വരുന്ന മന്ത്രങ്ങളെ കൂടി പരിഗണിച്ചു വേണം തീരുമാനമെടുക്കാന്‍.
ശ്രുതി വാക്യങ്ങളില്‍ അസത്താണ് ആദ്യമുണ്ടായിരുന്നതെന്ന് പറയുന്നുണ്ട്. ഛാന്ദോഗ്യത്തില്‍ ‘അസദേവമഗ്ര ആസീത്’ തൈത്തിരീയത്തില്‍ ‘അസദ് വാഇദമഗ്ര ആസീത്’ എന്ന് കാണാം. ഇങ്ങനെ ഏറ്റവും ആദ്യം അസത്തിനെ പറഞ്ഞതിനാല്‍ സൃഷ്ടിക്ക് മുമ്പ് ജഗത്ത് അസത്തായിരിക്കുമെന്നാണ് പൂര്‍വപക്ഷത്തിന്റെ വാദം. ആദ്യം സത്ത് ഉണ്ടെന്ന് അംഗീകരിക്കാന്‍ പൂര്‍വപക്ഷം തയ്യാറല്ല. ഈ വാദത്തെയാണ് സൂത്രം നിഷേധിക്കുന്നത്.
ജഗത്തിന്റെ പ്രകട രൂപത്തെപ്പറ്റിയാണ് പറയുന്നത്. തുടര്‍ന്ന് വരുന്ന വാക്യത്തില്‍ ‘തദാത്മാനം സ്വയമകുരുത’ അത് തന്നെ സ്വയം പ്രകടമായതാണ്
എന്ന് പറയുന്നു. അങ്ങനെയെങ്കില്‍ ഇല്ലാത്ത ഒന്നിന് സ്വയം ചെയ്യാന്‍ സാധിക്കുകയില്ല എന്നറിയണം.
ഇല്ലാത്ത അസത്തിന് പ്രകടമാകാനാവില്ല.
അതിനാല്‍ അസത്ത് എന്നതിന് ജഗത്തിന്റെ പ്രകടമായ രൂപം ഇല്ല എന്ന അര്‍ത്ഥത്തെയാണ് അറിയേണ്ടത്.
അപ്രകടമായിരുന്ന ജഗത്ത് പ്രകടമായി എന്നാണ് മനസ്സിലാക്കേണ്ടത്.
കാര്യം പ്രകടമാകുന്നതിന് മുമ്പ് കാരണത്തില്‍ ഇല്ല എന്ന് കരുതുന്നത് തെറ്റാണ്. കാര്യം കാരണത്തില്‍ തന്നെയാണ് ഇരിക്കുന്നത്.
സൂത്രം: യുക്തേഃ ശബ്ദാന്തരാച്ച
യുക്തി കൊണ്ടും മറ്റ് ശ്രുതി വാക്യം കൊണ്ടും കാര്യം കാരണത്തില്‍ നിന്ന് അന്യമല്ല എന്ന് വ്യക്തമാകുന്നു.
കാരണത്തില്‍ ലയിച്ചിരിക്കുന്ന ശക്തിയാണ് കാര്യരൂപത്തില്‍ പ്രകടമാകുന്നത് എന്നതാണ് യുക്തി.
നൂലില്‍ നിന്നേ വസ്ത്രമുണ്ടാകൂ. എള്ളില്‍ നിന്നേ എണ്ണയുണ്ടാകൂ.
മണലില്‍ നിന്ന് എണ്ണയോ വിറകില്‍ നിന്ന് വസ്ത്രമോ മണ്ണില്‍ നിന്ന് ആ ഭരണങ്ങളോ ഉണ്ടാകില്ല.
മണലാകുന്ന കാരണത്തില്‍ എണ്ണയാകുന്ന കാര്യം ഒരിക്കലും ലയിച്ചിരിക്കുന്നില്ല. വിറകില്‍ വസ്ത്രമോ മണ്ണില്‍ ആഭരണമോ ഒരിക്കലും ലയിച്ചിരിക്കുന്നില്ല. അതിനാല്‍ ഓരോ കാരണത്തിലും ലയിച്ചിരിക്കുന്ന കാര്യം മാത്രമാണ് പ്രകടമാകുന്നത്.
അതുപോലെ ബ്രഹ്മത്തില്‍ ലയിച്ചിരിക്കുന്ന ജഗത്ത് വേണ്ട സമയത്ത് പ്രകടമായതാണ് സൃഷ്ടി. അസത്തായ കാരണത്തില്‍ നിന്നും ജഗത് ഉണ്ടാകുകയില്ല.?
‘കഥം അസത: സജ്ജായേത’ അസത്തില്‍ നിന്ന് എങ്ങനെ സത്തുണ്ടാകും? എന്ന് ശ്രുതി തന്നെ ചോദിക്കുന്നു.
മുയലിന് കൊമ്പ്, ആകാശ പൂവ്, മരു മരീചിക തുടങ്ങി ഇല്ലാത്തവയില്‍ നിന്ന് എന്തെങ്കിലും ഉണ്ടായി എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല.
ഇക്കാരണത്താല്‍ സദ്രൂപമായ ബ്രഹ്മത്തില്‍ നിന്ന് ഉണ്ടാകുന്ന കാര്യരൂപമായ ജഗത്ത് ബ്രഹ്മഭാവത്തില്‍ എന്നും സത്യവും നിത്യവുമാണ്. അതില്‍ മായയാലുണ്ടാകുന്ന വികാരങ്ങളും
ഭാവങ്ങളും ഉണ്ടായി നശിക്കുന്നു. അതിനാല്‍ ആത്മാവ് നിത്യവും ദേഹി അനിത്യവുമെന്ന് പറയുന്നു.വിവിധ ദേഹങ്ങളില്‍ കുടികൊള്ളുന്ന
ആത്മാവ് ദേഹിയായി വര്‍ത്തിക്കുന്നു. ജഗത്കാരണം ബ്രഹ്മമാണ് എന്നതിനെ നിഷേധിക്കാര് കഴിയുകയില്ല.
ബൃഹദാരണ്യകത്തില്‍ ജഗത്തിനെ അവ്യാകൃതം മുതലായ ശബ്ദങ്ങളെ കൊണ്ടാണ് പറഞ്ഞിട്ടുള്ളത്. അവ്യാകൃതമെന്നാല് പ്രകടമാകാത്തത് എന്നാണ്. ജഗത്ത് ഇക്കാണാവുന്ന രൂപത്തിലാകും മുമ്പും പ്രകടമാകാത്ത തരത്തില്‍ ബ്രഹ്മത്തില്‍ ലയിച്ചിരിക്കുന്നുവെന്ന് വ്യക്തമാകുന്നു. ഇങ്ങനെ
യുക്തി കൊണ്ടും ശബ്ദം കൊണ്ടും ജഗത്ത് സൃഷ്ടിക്ക് മുമ്പും ബ്രഹ്മത്തില്‍ ശക്തിരൂപേണ ലയിച്ചിരിക്കുന്നുവെന്ന് ബോധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: