തൃശൂര്‍: ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക യോഗം തൃശൂരില്‍ ചേര്‍ന്നു. ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍ ഉദ്ഘാടനം ചെയ്തു. സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങളിലൂടെ മതപരിവര്‍ത്തനമല്ല മനഃപരിവര്‍ത്തനമാണ് സമൂഹത്തില്‍ ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നിഷ്പക്ഷവും നിസ്വാര്‍ത്ഥവുമായ പ്രവര്‍ത്തനങ്ങളാണ് സേവാഭാരതിയില്‍ വലിയൊരു സമൂഹം വിശ്വാസമര്‍പ്പിക്കാന്‍ കാരണം. സേവാഭാരതി പ്രവര്‍ത്തകരുടെ ത്യാഗവും സമര്‍പ്പണ മനോഭാവവുമാണ് ഇത് സാധ്യമാക്കിയത്. സ്വാതന്ത്ര്യാനന്തരം സര്‍ക്കാരുകള്‍ പല പദ്ധതികള്‍ ആവിഷ്‌കരിച്ചെങ്കിലും അത് താഴെ ത്തട്ടിലെത്തിയില്ല. വനമേഖല, തീരദേശ മേഖല, ചേരിപ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ പിന്നാക്കാവസഥ പരിഹരിക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നേറണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
എല്ലാ മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും കോര്‍പ്പറേഷനുകളിലും 2022 ആകുമ്പോഴേക്കും സേവാഭാരതിയുടെ സേവനകേന്ദ്രങ്ങള്‍ തുടങ്ങാനും അതിലൂടെ സേവനപ്രവര്‍ത്തങ്ങള്‍ വ്യാപിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. സംസ്ഥാന അധ്യക്ഷന്‍ ഡോ.കെ. പ്രസന്നമൂര്‍ത്തി അധ്യക്ഷത വഹിച്ചു. എ.വി. ശങ്കരന്‍ നമ്പൂതിരി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ. രാജഗോപാല്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ഷാജകുമാര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി ഡോ.കെ. പ്രസന്നമൂര്‍ത്തി (പ്രസിഡന്റ്), എ.വി. ശങ്കരന്‍ നമ്പൂതിരി (ജനറല്‍ സെക്രട്ടറി), ഡോ.വി. നാരായണന്‍, ഡോ.പി. ബാലചന്ദ്രന്‍ (വൈസ് പ്രസിഡന്റുമാര്‍), ഡി. വിജയന്‍, എം.സി. ഷാജകുമാര്‍, പി.ആര്‍. സജീവന്‍ (സെക്രട്ടറിമാര്‍), കെ. രാജഗോപാല്‍ (ട്രഷറര്‍), ആര്‍.വി. ഗിരീഷ്‌കുമാര്‍, പി. ശശീന്ദ്രന്‍, ഡോ.ബി.പി. ശേഖരന്‍ (മെമ്പര്‍മാര്‍), യു.എന്‍. ഹരിദാസ് (സംഘടനാ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
















