തിരുവനന്തപുരം: സിപിഎമ്മിന്റെ വാര്‍ത്ത ചാനലായ കൈരളിയുടെ റിപ്പോര്‍ട്ടറും പ്രവാസിയുമായ യുവാവിന്റെ സ്വപ്ന പദ്ധതിക്ക് ഇടങ്കോലിട്ട് പാര്‍ട്ടിയുടെ ജില്ലാ നേതാക്കള്‍. കുവൈറ്റില്‍ 25 വര്‍ഷമായി പ്രവാസജീവിതം നയിക്കുന്ന റജി ഭാസ്കറാണ് പാര്‍ട്ടിക്കാരുടെ പകപോക്കലിന് ഇരയായിരിക്കുന്നത്. സിപിഎമ്മിന്റെ കടുത്ത അനുഭാവിയാണ് കോഴിക്കോട് സ്വദേശിയായ റജി.
നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരികെ എത്തുന്നതിന് മുന്നോടിയായാണ് കോഴിക്കോട് വേങ്ങരി തണ്ണീര്‍ പന്തലില്‍ സര്‍വ്വീസ് സ്റ്റേഷന് നിര്‍മ്മാണം ആരംഭിച്ചത്. കുവൈറ്റിലെ ഗള്‍ഫ് ബാങ്കില്‍ 60 ലക്ഷം രൂപ വായ്പയെടുത്താണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ സ്ഥലത്തെ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൈമടക്ക് ആവശ്യപ്പെട്ടു. ഇത് നല്കാന് റജി തയാറാകാത്തതോടെ പദ്ധതി പ്രദേശത്ത് കൊണ്ടുവന്ന് കൊടികുത്തുകയുമായിരുന്നു. തുടര്‍ന്ന് രാത്രിയില്‍ പാര്ട്ടിക്കാര് സംഘംചേര്‍ന്നെത്തി സര്‍വീസ് സ്റ്റേഷന് തല്ലിതകര്‍ക്കുകയും തൊഴിലാളികളെ ഭീഷണിപ്പെടുത്തി ആക്രമിച്ചോടിക്കുകയും ചെയ്തുവെന്ന് റജിയുടെ കുടുംബം പറയുന്നു.
തുടര്‍ന്ന് റജി സിപിഎം ജില്ലാ സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും നേരിട്ടെത്തി പരാതി നല്‍കിയെങ്കിലും ഒരു തരത്തിലുള്ള നടപടിയുമുണ്ടായില്ല. ഇതോടെ കൈരളി ചാനലിന്റെ കുവൈറ്റ് ബ്യൂറോയിലെ മാധ്യമ പ്രവര്‍ത്തകനായ റെജി ഭാസ്കര്‍ ഔദ്യോഗിക പദവി രാജി വെച്ച് നീതിക്കായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കോര്‍പ്പറേഷന്റെയും ടൗണ്‍ പ്ലാനിംഗ് വിഭാഗത്തിന്റെയും അനുമതിയും നിയമങ്ങളും പാലിച്ചിട്ടും സിപിഎമ്മാണ് ഇദ്ദേഹത്തിന്റെ പദ്ധതിക്ക് ഉടക്കിട്ടിരിക്കുന്നത്. ഇതിനെതിരെ നിയമത്തിലൂടെ പേരാടാനാണ് റെജി തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: