കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകനെ വധിച്ച കേസിലെ പ്രതിയും മുന്‍ ലോക്കല്‍ സെക്രട്ടറിയുമായിരുന്ന സിപിഎം നേതാവിന് ജയിലില്‍ നിരോധിത വസ്തുക്കള്‍ എത്തിച്ചുകൊടുക്കാതിരുന്ന അസി. പ്രിസണ്‍ ഓഫിസറുടെ വീട്ടുവളപ്പില്‍ സിപിഎം ഗുണ്ടകളുടെ തേര്‍വാഴ്ച. ഓഫിസറുടെ കൃഷിയിടം സിപിഎമ്മുകാര്‍ നശിപ്പിച്ചു.
ചിറ്റാരിപ്പറമ്പില്‍ മഹേഷ് എന്ന ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ലോക്കല്‍ സെക്രട്ടറി വാഴവളപ്പില്‍ രഞ്ജിത്തിനു ബീഡിയുള്‍പ്പെടെയുള്ള സാധനങ്ങള്‍ എത്തിക്കാന്‍ വിസമ്മതിച്ചതിനാണു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കണ്ണവം സ്വദേശിയായ അസി. പ്രിസണ്‍ ഓഫിസറുടെ വീട്ടുവളപ്പില്‍ അക്രമം നടത്തിയത്.
കഴിഞ്ഞ ദിവസം ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ ജയിലില്‍ നടത്തിയ പരിശോധനയില്‍ രഞ്ജിത്തിന്റെ കയ്യില്‍നിന്ന് ഒരു മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു.
സെന്‍ട്രല്‍ ജയിലിലെ പ്രധാന ഗേറ്റിനു സമീപത്തെ ജെന്റ്‌സ് ബ്യൂട്ടി പാര്‍ലറിന്റെ ചുമതലയുള്ള എപിഒയെ സ്വാധീനിക്കാനാണു സിപിഎം പ്രവര്‍ത്തകര്‍ ശ്രമിച്ചത്. രഞ്ജിത്തിനെ കാണാനെത്തിയ സംഘം നിരോധിത വസ്തുക്കളടങ്ങിയ പൊതി അകത്തു കടത്തണമെന്ന് എപിഒയോട് ആവശ്യപ്പെട്ടു. ഇദ്ദേഹത്തെ പരിചയമുള്ളവരായിരുന്നു കൂട്ടത്തിലുണ്ടായിരുന്നത്. എന്നാല്‍ ഇതിനു വിസമ്മതിച്ച എപിഒ പൊതി വാങ്ങിയില്ല. പിന്നെ കാണാം എന്നു പറഞ്ഞാണു സംഘം മടങ്ങിയത്.
എപിഒയെ വീട്ടില്‍ കയറി ആക്രമിക്കാന്‍ പദ്ധതിയിട്ടെങ്കിലും സിപിഎം അനുഭാവിയായ ഉദ്യോഗസ്ഥനെതിരെ തിരിയരുതെന്നു പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വം വിലക്കി. ഇതേത്തുടര്‍ന്നാണ് അര്‍ധരാത്രി വീട്ടുവളപ്പിലെത്തി കൃഷി മുഴുവന്‍ വെട്ടി നശിപ്പിച്ചത്. കൃഷിയില്‍ തല്‍പരനായ ഉദ്യോഗസ്ഥന്‍ വീട്ടുവളപ്പില്‍ വ്യാപകമായി കൃഷി ചെയ്തിരുന്നു. കൃഷി നശിപ്പിച്ചവര്‍ക്കെതിരെ പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വത്തോട് ഉദ്യോഗസ്ഥന്‍ പരാതിപ്പെട്ടിരുന്നെങ്കിലും തുടര്‍നടപടിയുണ്ടായില്ല.
















