ആലപ്പുഴ: ശബരിമലയിലെ പവിത്രത തകര്‍ക്കാനായി സര്‍ക്കാര്‍ പിന്‍ബലത്തോടെ സന്നിധാനത്ത് എത്തിയ കനകദുര്‍ഗയെയും സംഘത്തെയും തള്ളി സിപിഎമ്മിന്റെ കേരളത്തില്‍ നിന്നുള്ള ഏക എംപി. കനക ദുര്‍ഗ്ഗയെ പോലുള്ളവര്‍ യഥാര്‍ത്ഥ ഭക്തയാണോ എന്ന് തനിക്ക് സംശയം തോന്നിയിരുന്നുവെന്ന് എ.എം ആരിഫ് എം.പി പറഞ്ഞു.
സംഘര്‍ഷം നിറഞ്ഞ സ്ഥലത്തേക്ക് സംഘര്‍ഷം നിറഞ്ഞ മനസുമായി പോയത് സര്‍ക്കാരിനെ കെണിയില്‍പ്പെടുത്താനാണോ എന്ന് പോലും അന്വേഷിക്കേണ്ടിയിരിക്കുന്നു. ശബരിമല സംബന്ധിച്ച് എന്‍.കെ പ്രേമചന്ദ്രന്‍ ലോക്സഭയില്‍ അവതരണാനുമതി തേടിയ സ്വകാര്യ ബില്ലുമായി ബന്ധപ്പെട്ടുള്ള കുറിപ്പിലാണ് ആരിഫ് ഈ തൊടുന്യായങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
‘കനക ദുര്‍ഗ്ഗയെ പോലുള്ള യുവതി യഥാര്‍ത്ഥ ഭക്തയാണോയെന്ന് എനിക്ക് തോന്നിയിരുന്നു. ശാന്തി, സമാധാനം, മാനസികമായ പിരിമുറുക്കങ്ങള്‍, എന്നിവ ഇല്ലാതെ സമ്പൂര്‍ണമായി മനസും ദൈവത്തില്‍ സമര്‍പ്പിച്ച് അങ്ങേയറ്റത്തെ വിശ്വാസസമാധാനത്തോടുകൂടി ആണ് ഒരു ഭക്ത, ആരാധനാലയങ്ങളില്‍ എത്തിച്ചേരേണ്ടതെന്ന് ഭഗവദ്ഗീതയില്‍ അനുശാസിക്കുന്നു. സംഘര്‍ഷം നിറഞ്ഞ സ്ഥലത്തേക്ക് സംഘര്‍ഷം നിറഞ്ഞ മനസുമായി പോയത് സര്‍ക്കാരിനെ കെണിയില്‍ പെടുത്താനാണോ എന്ന് പോലും അന്വേഷിക്കേണ്ടിയിരിക്കുന്നു. അത്തരത്തില്‍ കയറിയ ആളുകളുടെ പാപഭാരം മുഴുവന്‍ സംസ്ഥാന സര്‍ക്കാരിന്റേയും പാര്‍ട്ടിയുടേയും തലയില്‍ വച്ചുവെന്നും ആരിഫ് പറയുന്നു.
















