കൊച്ചി/ കണ്ണൂര്‍ : ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ തെളിവുകളുമായി യുവതി. പോലീസിനു മുമ്പാകെ പരാതിക്കാരി ഹാജരാക്കിയ ബാങ്ക് പാസ്ബുക്കില്‍ ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയിയുടെ പേരാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാസ്‌പോര്‍ട്ടിലും ബിനോയിയുടെ പേരാണുള്ളതെന്ന് കണ്ടെത്തിയിരുന്നു അതിനു പിന്നാലെയാണ് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കിയത്.
യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ബിനോയ് പല തവണ പണമയച്ചതായുള്ള തെളിവുകളും പോലീസിന് കൈമാറിയിട്ടുണ്ട്. 50,000 രൂപ മുതല്‍ നാല് ലക്ഷം രൂപ വരെ പലപ്പോഴായി യുവതിയുടെ പേരിലുള്ള ഐസിഐസിഐ ബാങ്ക് അക്കൗണ്ടിലേക്ക് ബിനോയി പണം കൈമാറിയിട്ടുണ്ട്. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ യുവതി ഓഷിവാര പോലീസിന് നല്‍കിക്കഴിഞ്ഞു.
യുവതിക്കൊപ്പം ബിനോയ് താമസിച്ചിരുന്നു എന്നതിന്റെ തെളിവുകള്‍ ലഭിച്ചിരുന്നുവെന്ന് മുംബൈ പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞദിവസം മൊഴിനല്‍കാന്‍ എത്തിയപ്പോഴാണ് യുവതി വീണ്ടും തെളിവുകള്‍ നല്‍കിയത്.
പരാതിക്കാരിയുടെ പാസ്പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണു രേഖപ്പെടുത്തിയിരിക്കുന്നതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. പാസ്പോര്‍ട്ട് നമ്പര്‍ കേന്ദ്രീകരിച്ച് പരിശോധിച്ചപ്പോള്‍ ഇതില്‍ യാതൊരു വിധത്തിലുമുള്ള കൃത്രിമം നടന്നിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. വിവാഹ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ നല്‍കിയാലെ ഇത്തരത്തില്‍ പാസ്പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ചേര്‍ക്കാനാവുകയുള്ളൂ. എന്നിരിക്കേ ഈ പാസ്പോര്‍ട്ട് പ്രധാന തെളിവായി സ്വീകരിച്ചാണ് ഓഷിവാര പൊലീസ് ബിനോയിക്കെതിരായ അന്വേഷണം നടത്തുന്നത്.
2004ലെ പാസ്പോര്‍ട്ടിന്റെ കാലാവധി തീര്‍ന്ന് 2014ല്‍ പുതുക്കിയ പാസ്പോര്‍ട്ടിലാണ് ബിനോയിയുടെ പേരുള്ളത്. ഇതില്‍ ആദ്യ പേരായി പരാതിക്കാരിയുടെയും രണ്ടാം പേരായി ഭര്‍ത്താവ് ബിനോയ് വിനോദിനി ബാലകൃഷ്ണന്റെ പേരുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം കേസുമായി ബന്ധപ്പെട്ട് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നതിനാല്‍ കോടതി ഉത്തരവു വരുന്നത് വരെ ലുക്കൗട്ട് നോട്ടീസ് മരവിപ്പിക്കാന്‍ തീരുമാനിച്ചു. ഉത്തരവാകുന്നത് വരെ ബിനോയിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും മുംബൈ പോലീസ് അറിയിച്ചു. ബിനോയ് എവിടെ എന്നതില്‍ സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. കേരളം വിട്ടെന്നാണ് നിഗമനം രാജ്യം വിടാതിരിക്കാന്‍ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
















